വെല്ലിംഗ്ടൺ: ടി-20 പരമ്പരയും പിറകേ ഏകദിന പരമ്പരയും സ്വന്തമാക്കി കരുത്ത് കാട്ടിയ ഇന്ത്യക്ക് നാളെ പുലർച്ചെ മുതൽ കിവീസിനെതിരെ ടെസ്റ്റ് മൂഡ്. ഇന്ത്യ-ന്യൂസിലൻഡ് രണ്ട് മൽസര ടെസ്റ്റ് പരമ്പരയിലെ ആദ്യ മൽസരം നാളെ പുലർച്ചെ 3-30 മുതൽ ബേസിൻ റിസർവിൽ ആരംഭിക്കുമ്പോൾ വെല്ലുവിളി ഇന്ത്യക്കാണ്.
മൂടി കെട്ടിയ അന്തരീക്ഷവും തുടക്കത്തിൽ പേസും ബൗൺസും നിറഞ്ഞ പിച്ചുമാവുമ്പോൾ ഇന്ത്യൻ ബാറ്റിംഗ് നിര വെല്ലുവിളിക്കപ്പെടും. നായകൻ ശുഭ്മാൻ ഗിൽ, കെ.എൽ രാഹുൽ, സായ് സുദർശൻ, ദേവ്ദത്ത് പടിക്കൽ, യശ്വി ജയ്സ്വാൾ എന്നിവരാണ് ടീമിലെ ബാറ്റിംഗ് പ്രധാനികൾ.
നാല് ഫാസ്റ്റ് ബൗളർമാരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തുമെന്ന് നായകൻ ശുഭ്മാൻ ഗിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയതിനാൽ ജസ്പ്രീത് ബുംറക്കൊപ്പം ആരെല്ലാമായിരിക്കുമെന്നതും തീരുമാനിക്കപ്പെട്ടിട്ടില്ല.
അനുഭവസമ്പന്നനായ മുഹമ്മദ് സിറാജിനോട് മാനേജ്മെന്റ് പുലർത്തുന്ന അവഗണന വിവാദമായ സാഹചര്യത്തിൽ അദ്ദേഹത്തിനൊപ്പം പ്രസീത് കൃഷ്ണ, അൻഷുൽ കാംപോജ് എന്നിവർ കളിച്ചേക്കും. ആകാശ് ദീപിന്റെ പേരും പരിഗണനയിലുണ്ട്. ഓൾ റൗണ്ടർ പട്ടികയിൽ നിതീഷ് കുമാർ റെഡ്ഡി വരുമ്പോൾ ഏക സ്പിന്നറുടെ റോൾ രവീന്ദ്ര ജഡേജക്കായിരിക്കും.
ടോം ലതാം നയിക്കുന്ന കിവി സംഘത്തിൽ ഇന്ത്യക്ക് ഭീഷണി മാറ്റ് ഹെൻട്രി, കൈൽ ജാമിസൺ, ബ്ലെയർ ടിക്നർ എന്നി വേഗക്കാരാണ്. ബാറ്റിംഗിൽ നായകൻ ടോം ലതാം, രചിൻ രവീന്ദ്ര, ഡിവോൺ കോൺവേ, ഡാരൽ മിച്ചൽ, ഹെൻട്രി നിക്കോളാസ്, വിൽ യംഗ്, ഗ്ലെൻ ഫിലിപ്സ് എന്നിവരാണ് മികച്ചവർ.


