ഐപിഎല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇതിഹാസ ക്യാപ്റ്റൻ എം.എസ് ധോണിയോടുള്ള ആദരസൂചകമായി ധോണിയുടെ ഐകോണിക് ഏഴാം നമ്പർ ജേഴ്സി പിൻവലിക്കാൻ ഒരുങ്ങി ചെന്നൈ സൂപ്പർ കിങ്സ്.
2008 മുതൽ ചെന്നൈയുടെ മഞ്ഞ ജേഴ്സിയിൽ ഏഴാം നമ്പർ കുപ്പായം അണിഞ്ഞാണ് ധോണി കളത്തിൽ ഇറങ്ങിയത്. ജേഴ്സി പിൻവലിക്കാനുള്ള ഈ തീരുമാനത്തിലൂടെ ഇനി ഏഴാം നമ്പർ മറ്റൊരു താരത്തിനും അണിയാൻ സാധിക്കില്ല. 2020ൽ ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചപ്പോഴും ധോണിയോടുള്ള ആദരസൂചകമായി ഏഴാം നമ്പർ ജഴ്സി പിൻവലിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് ധോണി ഐപിഎല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. 2027 ഐപിഎല്ലിൽ ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ മെന്ററായി പ്രവർത്തിക്കും. ചെന്നൈയെ 5 ഐപിഎൽ കിരീടങ്ങളിലേക്കും 2 ചാമ്പ്യൻസ് ലീഗ് ടി-20യിലേക്കും നയിച്ച ക്യാപ്റ്റനാണ് ധോണി. ചെന്നൈയെ 10 തവണ ഫൈനലുകളിൽ എത്തിച്ച ക്യാപ്റ്റൻ കൂടിയാണ് ധോണി.
2008 മുതൽ ചെന്നൈയുടെ ഭാഗമായ ധോണി ടീമിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം കൂടിയാണ്. 2016, 2017 സീസണിൽ ചെന്നൈക്ക് വിലക്ക് നേരിട്ടപ്പോൾ മാത്രമാണ് ധോണി മറ്റൊരു ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചിരുന്നത്. ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ 275 മത്സരങ്ങളിൽ നിന്നും 5314 റൺസാണ് ധോണി നേടിയത്.


