സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് രണ്ടാം തോൽവി. ആന്ധ്രക്കെതിരെ 29 റൺസിനാണ് സഞ്ജു സാംസണും സംഘവും പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര ഉയർത്തിയ 225 റൺസ് കേരളത്തിന് 196 റൺസ് നേടാനേ സാധിച്ചുള്ളൂ.
കേരളത്തിന് വേണ്ടി അബ്ദുൽ ബാസിത് 35 പന്തിൽ പുറത്താവാതെ 70 റൺസ് നേടി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.
ഗോവിന്ദ് ദേവ് പൈ 36 റൺസും ഷറഫുദ്ദീൻ പുറത്താവാതെ 27 റൺസും നേടിയപ്പോൾ ക്യാപ്റ്റൻ സഞ്ജു സാംസൺ 13 പന്തിൽ 26 റൺസും നേടി മടങ്ങി.
ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര സീറാം വെങ്കട രാഹുൽ (64), ഷെയ്ക് റഷീദ് (60) എന്നിവരുടെ മികവിലാണ് കൂറ്റൻ ടോട്ടൽ നേടിയത്. ടൂർണമെന്റിൽ നവംബർ 20ന് ത്രിപുരക്കെതിരെയാണ് കേരളത്തിന്റെ അടുത്ത പോരാട്ടം. മഹാരാഷ്ട്രക്കെതിരെ നേടിയ ഒരു വിജയം മാത്രമാണ് സഞ്ജുവിന്റെയും സംഘത്തിന്റെയും സമ്പാദ്യം.


