ലുക്മാൻ മമ്പാട്
കോഴിക്കോട്: രാഷ്ട്രീയ സാമൂഹ്യ സാഹിത്യ ഭരണ രംഗത്ത് നാലു പതിറ്റാണ്ടിലേറെയായി നിറഞ്ഞു നില്ക്കുന്ന ജീവിത വിശുദ്ധികൊണ്ടും വൈജ്ഞാനിക ഗരിമകൊണ്ടും കേരളീയരുടെ ആദരവ് നേടിയ ഡോ.എം.കെ മുനീർ ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനാകുന്നത് കേരളത്തിന് മുതൽ കൂട്ടാവും. മെഡിക്കൽ വിദ്യാർത്ഥിയായിരിക്കെ കോർപറേഷൻ കൗൺസിലറായി പൊതുരംഗത്തു ചുവടുവെച്ച അദ്ദേഹം മൂന്നര പതിറ്റാണ്ടോളം നിയമസഭ അംഗവും ഒരു പതിറ്റാണ്ട് മന്ത്രിയുമായിരുന്നു.
സാമൂഹ്യ നീതിയുടെ നവ മോഡൽ മുതൽ എക്സ്പ്രെസ്സ് ഹൈവേ ആശയം വരെ കൈരളിക്കു പകർന്നു നൽകിയ ഡോ.എം.കെ മുനീർ, ജീവിതം പഠനത്തിന് ഗവേഷണത്തിനും സമർപ്പിച്ച അതുല്യ പ്രതിഭയാണ്. 1962 ഓഗസ്റ്റ് 26ന് കോഴിക്കോട് അന്നശ്ശേരിയിലെ മന്നത്താംകണ്ടിയില് മുന്‍ കേരള മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെയും ആമിനയുടെയും മകനായി ജനിച്ച എം.കെ മുനീര്‍, പഠന കാലത്തു തന്നെ കലാ സാഹിത്യ സാമൂഹ്യ രംഗത്ത് ശ്രദ്ധനേടി. 1987 ല്‍ കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സിലറായതു മുതൽ തുറന്ന പുസ്തകാനായി പൊതുരംഗത്ത് നിറഞ്ഞു നിൽക്കുന്നു. എം.എസ്.എഫ് സിറ്റി പ്രസിഡന്റ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്, മുസ്്ലിംലീഗ് സംസ്ഥാന സെക്രട്ടറി പദവികള്‍ വഹിച്ച എം. കെ മുനീർ നിലവിൽ ഉന്നതധികാര സമിതി അംഗമാണ്.
1991 ലും 2011ലും 2016ലും കോഴിക്കോട് രണ്ടാം മണ്ഡലമായ കോഴിക്കോട് സൗത്തില്‍ നിന്നും 1996ലും 2001ലും മലപ്പുറത്ത് നിന്നും 2021ല്‍ കൊടുവള്ളിയില്‍ നിന്നും നിയമസഭാ സാമാജികനായ അദ്ദേഹം 2001 മുതല്‍ 2006 വരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും 2011 മുതല്‍ 2016വരെ പഞ്ചായത്ത്-സാമൂഹ്യ വകുപ്പ് മന്ത്രിയുമായിരുന്നു. ചന്ദ്രിക പത്രത്തിന്റെ ഡയറക്ടറും പിരിയോഡിക്കല്‍സിന്റെ മാനേജിംഗ് എഡിറ്ററുമാണ്. മലയാളത്തിലെ ആദ്യ സമ്പൂര്‍ണ്ണ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന്റെ സ്ഥാപക ചെയര്‍മാനും കോഴിക്കോട്ടെ ഒലിവ് പുസ്തക പ്രസാധാലയത്തിന്റെ ചെയര്‍മാനുമാണ്.
എം.ബി.ബി.എസ് ബിരുദധാരിയായ ഡോ.എം.കെ മുനീര്‍ ഉറച്ച മതേതരത്വവും മൈത്രിയും കൊണ്ട് സമൂഹത്തെ ചികിത്സിക്കുന്നു. കലാ സാംസ്കാരിക മേഖലകളിൽ മികവ് പുലർത്തിയ അദ്ദേഹം സിനിമകള്‍ക്കും ആല്‍ബങ്ങള്‍ക്കും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഒട്ടേറെ പുസ്തകങ്ങളും ലേഖനങ്ങളും രചിച്ച അദ്ദേഹത്തിന്റെ ഫാഷിസവും സംഘപരിവാറും പഠന ഗ്രന്ഥത്തിന് സി അച്യുതമേനോന് പുരസ്കാരവും (1998), ജെ.കെ.വി അവാര്‍ഡും ലഭിച്ചു. ശ്രീനാരായണ ഗുരു; മൂന്നു വിചാരങ്ങള്‍ എന്ന കൃതിക്ക് എസ്.കെ പൊറ്റേക്കാട്ട് അവാര്‍ഡും ലഭിച്ചു. ഭീകരത: പരസ്പരം പാലൂട്ടുന്ന ശത്രുക്കള്‍, സ്കെച്ച്, അനുഭവം ഓര്‍മ്മ യാത്ര, സംഭാഷണങ്ങള്‍, പശുദേശീയത എന്നിവയും ശ്രദ്ധേയ രചനകളാണ്. നഫീസ വിനീതയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് മുഫ്ലിഹ്, മുഹമ്മദ് മിന്നാഹ്, ആമിന ഫാത്തിമ മലീഹ.


