ചെന്നൈ: ഏഷ്യൻ ഗെയിംസിലെ മിന്നുന്ന വിജയത്തിന് പിന്നാലെ വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കൊരുങ്ങുന്ന ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് കോമ്പിനേഷനെക്കുറിച്ച് സുപ്രധാന നിരീക്ഷണവുമായി മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്.
അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ എന്നിവരടങ്ങുന്ന ടോപ്പ് ഓർഡർ കൂട്ടുകെട്ട് വിൻഡീസിനെതിരായ പരമ്പരയിൽ അതേപടി തുടരാൻ സാധ്യതയില്ലെന്ന് കാർത്തിക് വ്യക്തമാക്കി.
ജപ്പാനിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്പിൻ പിച്ചുകളുടെ സ്വഭാവം മുൻനിർത്തി ഒരു പേസറെ മാത്രം ഉൾപ്പെടുത്തിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്.
അതുകൊണ്ടുതന്നെ അഭിഷേകും വൈഭവും ഓപ്പൺ ചെയ്യുകയും സഞ്ജു സാംസൺ മൂന്നാം നമ്പറിലിറങ്ങുകയും ചെയ്യുന്ന ബാറ്റിംഗ് ക്രമമാണ് അന്ന് കണ്ടത്.
എന്നാൽ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര വരുമ്പോൾ ടീം കോമ്പിനേഷനിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടി വരുമെന്ന് ‘ക്രിക്ബസിനോട്’ സംസാരിക്കവെ കാർത്തിക് ചൂണ്ടിക്കാട്ടി.
ആ ബാറ്റിംഗ് ക്രമം ഇനി നമുക്ക് ഉറപ്പായും കാണാൻ കഴിയില്ല. കാരണം നാട്ടിൽ കളിക്കുമ്പോൾ കൂടുതൽ പേസർമാരെ ടീമിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
ജപ്പാനിൽ നമ്മൾ ഒരു പേസറെ വെച്ചാണ് കളിച്ചതെങ്കിൽ, ഇവിടെ രണ്ടോ മൂന്നോ പേസർമാർ ടീമിൽ വേണം. അതിനാൽ അതേ ബാറ്റിംഗ് നിരയുമായി മുന്നോട്ടുപോകാനാവില്ല, ദിനേശ് കാർത്തിക് വ്യക്തമാക്കി.
ഈ പരമ്പരയിൽ സൂപ്പർ പേസർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന ന്യൂസിലൻഡ് പര്യടനത്തിന് മുന്നോടിയായി താരത്തിന് ലഭിക്കുന്ന മികച്ചൊരു ഇടവേളയാണിത്.
നിലവിൽ ഇന്ത്യൻ ടീം ടെസ്റ്റ് ക്രിക്കറ്റിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും, അടുത്ത ടി20 ലോകകപ്പിലേക്ക് ഇനിയും സമയമുള്ളതിനാൽ ടി20 പരമ്പരകൾക്ക് തൽക്കാലം അത്രയധികം മുൻഗണന നൽകുന്നില്ലെന്നും കാർത്തിക് കൂട്ടിച്ചേർത്തു.
ബുംറയുടെ അസാന്നിധ്യത്തിൽ അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്, മയാങ്ക് യാദവ് എന്നിവർക്കൊപ്പം ഓൾറൗണ്ടർമാരായ ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി എന്നിവരും ഇന്ത്യൻ പേസ് നിരയ്ക്ക് കരുത്തുപകരും.
ഒക്ടോബർ 6-ന് ലക്നൗവിലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയ്ക്ക് കൊടിയേറുന്നത്.
ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യൻ ടീം, തുടർച്ചയായ ഒൻപത് ടി20 വിജയങ്ങളുടെയും ഏഷ്യൻ ഗെയിംസ് സ്വർണ നേട്ടത്തിന്റെയും തിളക്കത്തിലാണ് അടുത്ത മത്സരങ്ങളെ നേരിടുന്നത്.
വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡ്:
ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, തിലക് വർമ്മ, ശിവം ദുബെ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, നമൻ ധീർ, രവി ബിഷ്ണോയ്, നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്, മായങ്ക് യാദവ്.


