കോട്ടക്കൽ: വിദ്യാർത്ഥി അവകാശങ്ങളുടെയും ജനാധിപത്യപരമായ ക്യാമ്പസ് രാഷ്ട്രീയത്തിന്റെയും സന്ദേശമുയർത്തി എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പസ് എക്സ്പ്രസ് വേങ്ങര, കോട്ടയ്ക്കൽ മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കി. ജില്ലാതല പര്യടനം സമാപനത്തിലേക്ക് കടക്കുന്നതിനിടെ, ഇന്നലെ യാത്രയുടെ ഭാഗമായി രാജ്യത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടും രാജ്യ തലസ്ഥാനത്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും എംഎസ്എഫ് ജില്ലാ കമ്മിറ്റി അംഗങ്ങൾ കറുത്ത വസ്ത്രം ധരിച്ച് പ്രത്യേക പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

വേങ്ങര മണ്ഡലത്തിലെ ധർമഗിരി കോളേജിൽ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗം ശംസുദ്ദീൻ പുള്ളാട്ട് ക്യാമ്പസ് എക്സ്പ്രസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് പി.പി.ടി.എം. കോളേജിൽ വേങ്ങര മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.കെ. അസ്സലു ഉദ്ഘാടനം നിർവഹിച്ചു. കോട്ടക്കൽ ഫാറൂഖ് കോളേജിലും യാത്ര നടത്തി. എം.ഇ.എസ്. കെ.വി.എം. കോളേജിൽ വളാഞ്ചേരി മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മുഹമ്മദലി നെറ്റുക്കാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. കെ ആർ എസ് എൻ കോളേജിലെ വിദ്യാർത്ഥികളുമായും ക്യാമ്പസ് എക്സ്പ്രസ് സംവദിച്ചു.
വിവിധ ക്യാമ്പസുകളിലൂടെ സഞ്ചരിച്ച ക്യാമ്പസ് എക്സ്പ്രസിന് വിദ്യാർത്ഥികളിൽ നിന്നും പ്രവർത്തകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഇതിനിടെ, രാജ്യത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റി അംഗങ്ങൾ കറുത്ത വസ്ത്രം ധരിച്ച് നടത്തിയ പ്രതിഷേധം ഇന്നലെ ക്യാമ്പസ് എക്സ്പ്രസിലെ ശ്രദ്ധേയമായ രാഷ്ട്രീയ ഇടപെടലായി. ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യതയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും സംരക്ഷിക്കണമെന്ന ആവശ്യം ഉയർത്തിയായിരുന്നു പ്രതിഷേധം.
“നിശബ്ദമാവില്ല, സമരസപ്പെടാത്ത വിദ്യാർത്ഥിത്വം” എന്ന സന്ദേശവുമായി ജില്ലയിലുടനീളം സഞ്ചരിച്ച ക്യാമ്പസ് എക്സ്പ്രസ് ഇതിനകം നിരവധി മണ്ഡലങ്ങളിലെ ക്യാമ്പസുകളിലെത്തി വിദ്യാർത്ഥികളുമായി സംവദിച്ചു. വിവിധ കോളേജുകളിലെ യൂണിയൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ എംഎസ്എഫിന് ഉണ്ടായ മുന്നേറ്റവും യാത്രയ്ക്ക് കൂടുതൽ ആവേശം പകർന്നു.

ഇന്ന് മങ്കട ഗവൺമെൻറ് കോളേജ്, പി ടി എം ഗവൺമെൻറ് കോളേജ് പെരിന്തൽമണ്ണ, എം എസ് ടി എം കോളേജ് പെരിന്തൽമണ്ണ, നസ്ര കോളേജ് തിരൂർക്കാട്, ജെംസ് കോളേജ് രാമപുരം എന്നിവിടങ്ങളിൽ സന്ദർശനം നടത്തുകയും ഇന്നത്തോടുകൂടി ക്യാമ്പസ് എക്സ്പ്രസ് സമാപിക്കുകയും ചെയ്യും. മണ്ഡലങ്ങളിലുടനീളം ലഭിച്ച സ്വീകരണവും ക്യാമ്പസുകളിലെ സജീവമായ ഇടപെടലുകളും യാത്രയെ എംഎസ്എഫിന്റെ സംഘടനാ പ്രവർത്തനത്തിലെ ശ്രദ്ധേയമായ മുന്നേറ്റമാക്കി മാറ്റിയതായി ജില്ലാ കമ്മിറ്റി അറിയിച്ചു.
ജാഥ ക്യാപ്റ്റൻ ഫർഹാൻ ബിയ്യം വൈസ് ക്യാപ്റ്റൻ അഡ്വ:ജസീൽ പറമ്പൻ ഡയറക്ടർ എൻ കെ നിഷാദ് കോർഡിനേറ്റർമാരായ സലാഹുദ്ദീൻ തെന്നല, ആസിഫ് കൂരി, നിസാം കെ ചേളാരി ,അജ്മൽ മേലേതിൽ ,അറഫ ഉനൈസ് , സൽമാൻ കാപ്പിൽ, മുജീബ് പൂക്കുത്ത് ,ഇ കെ മുഹമ്മദ് കുട്ടി , നൗഷാദ് ചേറൂർ , മുബശ്ശിർ, ജുനൈദ് ആട്ടീരി, നജീബ് വെട്ടം, സാലിഹ് മുട്ടുംപുറം, ഇബ്നു അബ്ബാസ്, ആഷിക് പുറമണ്ണൂർ, അബ്ദുൽ ഖാദർ വാഫി, സഹീർ, ഹസീബ് പി പി, അമൻ ,ആയിഷ, മുദസ്സിർ , സഹീദ്, നാസി, ഷമീം, അജ്നാസ്,നിസാം കല്ലിയാല, എന്നിവർ പരിപാടിയിൽ സംസാരിച്ചു.


