ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടി-20യിൽ ന്യൂസിലാൻഡിന് ബാറ്റിംഗ്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ കിവികളെ ബാറ്റിങിനിയച്ചു. ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയ പേസർ ഭുവനേശ്വർ കുമാർ ഈ മത്സരത്തിൽ തുടക്കത്തിൽ തന്നെ വിക്കറ്റ് വീഴ്ത്തി വരവറിയിച്ചു.
ഡാരിൽ മിച്ചലിനെയാണ് ഭുവനേശ്വർ പുറത്താക്കിയത്. തിലക് വർമ്മക്ക് ക്യാച്ച് നൽകിയാണ് മിച്ചൽ മടങ്ങിയത്. 5 പന്തിൽ 6 റൺസാണ് താരം നേടിയത്.
നാല് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ടീമിലെത്തിയ ഭുവിയുടെ ആദ്യ വിക്കറ്റ് ആണിത്. 1434 ദിവസങ്ങളുടെ കാത്തിരിപ്പിലിനൊടുവിലാണ് ഭുവനേശ്വർ ഇന്ത്യൻ ജേഴ്സിയിൽ വിക്കറ്റ് നേടുന്നത്.

2026 ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി നടത്തിയ തകർപ്പൻ പ്രകടനമാണ് ഭുവനേശ്വർ കുമാറിന്റെ മുന്നിൽ വീണ്ടും ഇന്ത്യൻ ടീമിന്റെ വാതിൽ തുറക്കപ്പെട്ടത്. 2022ലായിരുന്നു ഇതിന് മുമ്പ് താരം അവസാനമായി ഇന്ത്യക്കായി കളിച്ചിരുന്നത്.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റുകൾക്ക് വിജയിച്ചിരുന്നു. ഹാഗ്ലി ഓവലിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഉയർത്തിയ 225 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. രണ്ടാം മത്സരത്തിലും വിജയം അവർത്തിക്കാനാവും അയ്യരുടെയും സംഘത്തിന്റെയും ലക്ഷ്യം.
രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. പരിക്കേറ്റ ഇഷാൻ കിഷന് പകരം യുവതാരം വൈഭവ് സൂര്യവംശി ഇടം നേടിയപ്പോൾ മായങ്ക് യാദവിന് പകരം പ്രിൻസ് യാദവും ടീമിലെത്തി.
ഇന്ത്യ പ്ലെയിംഗ് ഇലവൻ
സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, ശ്രേയസ് അയ്യർ(ക്യാപ്റ്റൻ), തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധിർ, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്.
ന്യൂസിലാൻഡ് പ്ലെയിംഗ് ഇലവൻ
ഫിൻ അലൻ, ടിം സൈഫെർട്ട്(വിക്കറ്റ് കീപ്പർ), ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്പ്സ്, ബെവൺ ജേക്കബ്സ്, മൈക്കൽ ബ്രേസ്വെൽ, മിച്ചൽ സാൻ്റ്നർ(ക്യാപ്റ്റൻ), നഥാൻ സ്മിത്ത്, മാറ്റ് ഹെൻറി, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൻ.


