2026 ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യക്ക് വേണ്ടി വെടിക്കെട്ട് പ്രകടനവുമായി ഓപ്പണർ അഭിഷേക് ശർമ്മ. സ്വർണ മെഡൽ പോരിൽ പാകിസ്ഥാനെതിരെ 28 പന്തിൽ 61 റൺസ് നേടിയാണ് അഭിഷേക് തിളങ്ങിയത്. മൂന്ന് ഫോറുകളും ഏഴ് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.
ഈ ഇന്നിംഗ്സോടെ വിരാട് കോലി മാത്രം നേടിയ റെക്കോഡിലേക്ക് അഭിഷേക് ബാറ്റുമായെത്തി. ഇന്ത്യക്ക് വേണ്ടി ടി-20 ഫൈനലുകളിൽ രണ്ട് തവണ 50+ റൺസ് സ്കോർ ചെയ്യുന്ന താരമായാണ് അഭിഷേക് മാറിയത്. 2026 ടി-20 ലോകകപ്പിലും അഭിഷേക് 50 കടന്നിരുന്നു.
കോലി മാത്രമാണ് ഇത്തരത്തിലൊരു നേട്ടം ഇന്ത്യക്ക് വേണ്ടി ടി-20 ഫൈനലുകളിൽ നേടിയിട്ടുള്ളു. 2014 ടി-20 ലോകകപ്പ് ഫൈനലിലും 2024 ടി-20 ലോകകപ്പ് ഫൈനലിലുമാണ് കോലി 50 കടന്നത്.
അതേസമയം ഏഷ്യൻ ഗെയിംസ് സെമി ഫൈനലിൽ ശ്രീലങ്കയെ 124 റൺസിന് വീഴ്ത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് കടന്നത്. ഇന്ത്യ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 9.5 ഓവറിൽ വെറും 45 റൺസിന് പുറത്തായി. ബംഗ്ലാദേശിനെ വീഴ്ത്തിയാണ് പാകിസ്ഥാന്റെ ഫൈനൽ പ്രവേശനം.


