ഷഹബാസ് വെള്ളില
കൊൽക്കത്ത: ഏഷ്യൻ ഫുട്ബോളിലെ തന്നെ തലയെടുപ്പുള്ള ഫുട്ബോൽ സ്റ്റേഡിയമാണ് കൊൽക്കത്തയിലെ വിശ്വപ്രസിദ്ധമായ സാൾട്ട്ലേക്ക്. ഇന്ത്യ-ബ്രസീൽ സൗഹൃദ ഫുട്ബോളിന് വിസിൽ മുഴങ്ങുമ്പോൽ പലനിലക്കും അതൊരു ചരിത്രമാണ്. ഇന്ത്യ ഇത്രയും ഉയർന്ന ഫിഫ റാങ്കിലുള്ള ടീമുമായി മത്സരിക്കുന്നത് ആദ്യമാണ്. ബ്രസീൽ ഫിഫ റാങ്കിംഗിൽ അഞ്ചാമത്. ഇന്ത്യ 138.
ഈ മത്സരം പ്രഖ്യാപിച്ചത് മുതൽ ഖാലിദ് ജമീലിന്റെ കീഴിലുള്ള ടീം കഠിന പരിശീലനത്തിലായിരുന്നു. ഇതിനായി ഏഷ്യൻ ഗെയിംസിൽ നിന്ന് വരെ ടീം പിന്മാറി. ഇതിന്റെ ഒരു ഫലം കണ്ട മത്സരമായിരുന്നു കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ കരുത്തരായ പനാമക്കെതിരെ. മികച്ച മത്സരം കാഴ്ച്ചവെച്ച ഇന്ത്യ സമനില നേടിയിരുന്നു. ലോകക്കപ്പ് കളിച്ച പനാമക്കെതിരെ നേടിയ സമനില ബ്രസീൽ ടീമിനെതിരെ മത്സരിക്കുന്ന ഇന്ത്യൻ ടീമിന് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്.

ഫോട്ടോ പകർത്തിയത് സി.കെ തൻസീർ
ഇന്ത്യൻ സംഘത്തിൽ നാലു മലയാളികളും ഉണ്ട്. ആഷിഖ് കുരുണിയൻ, സഹൽ അബ്ദുൽ സമദ്, ബിജോയ് വർഗീസ്, മുഹമ്മദ് സനാൻ എന്നിവരാണ് ഈ ചരിത്ര മത്സരത്തിന് ഇന്ത്യൻ ജേഴ്സി അണിയുന്ന മലയാളി താരങ്ങൾ. വിംഗർ ആയ ആഷിഖ് സ്ട്രൈക്കർ ആയ സനാനും മലപ്പുറത്തുകാരാണ്.
മധ്യനിരതാരമായ സഹൽ കണ്ണൂരും പ്രതിരോധ താരമായ ബിജോയ് തിരുവന്തപുരം സ്വദേശിയും ആണ്. ഇന്നലെ രാവിലെ ടീം പരിശീലനം നടത്തി. അവസാനമായി ഓസ്ട്രേലിയക്കെതിരെ മികച്ച വിജയം നേടിയയാണ് ബ്രസീൽ ടീം കൊൽക്കത്തയിൽ എത്തുന്നത്. ഇന്നലെ വൈകുന്നേരം ടീം ഒന്നര മണിക്കൂറോളം പരിശീലനം നടത്തി. ബ്രസീൽ ടീമിനെ കാണാൻ സ്റ്റേഡിയത്തിന് പുറത്തും റോഡിലുമെല്ലാം ആരാധകർ തടിച്ചു കൂടിയിരുന്നു.
സാധ്യത ടീം ഇന്ത്യ
മുഖ്യ പരിശീലകൻ ഖാലിദ് ജമീൽ 4-2-3-1 അല്ലെങ്കിൽ 4-1-4-1 എന്ന ഫോർമേഷനിലാകും ഇന്ത്യൻ ടീമിനെ വിന്യസിക്കാൻ സാധ്യത. പാനമയ്ക്കെതിരെയുള്ള മികച്ച പ്രകടനത്തിന് ശേഷം ടീമിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ല.
ഗോൾകീപ്പർ: ഗുർപ്രീത് സിംഗ് സന്ധു (ക്യാപ്റ്റൻ)
ഡിഫെൻഡർമാർ: അഭിഷേക് സിംഗ്, ബിജോയ് വർഗീസ്, അൻവർ അലി, ആകാശ് മിശ്ര
ഡിഫെൻസീവ് മിഡ്ഫീൽഡർമാർ: അപുയ (ലാസിങ്മാവിയ), റിക്കി ഷാബോങ് / അനിരുദ്ധ് ഥാപ്പ
അറ്റാക്കിംഗ് മിഡ്ഫീൽഡർമാർ: വിക്രം പ്രതാപ് സിംഗ്, സഹൽ അബ്ദുൾ സമദ്, ആഷിഖ് കുരുണിയൻ
ഫോർവേഡ്/സ്ട്രൈക്കർ: റയാൻ വില്യംസ് / മൻവീർ സിംഗ്.
ബ്രസീൽ
മുഖ്യ പരിശീലകൻ കാർലോ ആൻസലോട്ടിയുടെ കീഴിൽ 4-2-3-1 അല്ലെങ്കിൽ 4-3-3 ഫോർമേഷനിലാകും ബ്രസീൽ അണിനിരക്കുക. പരിക്കിനെ തുടർന്ന് സൂപ്പർ താരം റാഫീന്യ ടീമിൽ നിന്നും പുറത്തുപോയതിനാൽ, മുന്നേറ്റ നിരയിൽ ചെറിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.

ഗോൾകീപ്പർ ഒട്ടാവിയോ കോസ്റ്റ
ഡിഫെൻഡർമാർ: വാൻഡേഴ്സൺ, മാർക്വിഞ്ഞോസ്, ഗബ്രിയേൽ മഗൽഹായസ്, മൗറോ ജൂനിയർ
മിഡ്ഫീൽഡർമാർ ആൻഡ്രേ സന്റോസ്, ഡഗ്ലസ് ലൂയിസ് / ബ്രൂണോ ഗുയിമാറസ്
അറ്റാക്കിംഗ് : മിഡ്ഫീൽഡർമാർ വിക്ടർ റെയ്സ് / ഗബ്രിയേൽ ബോണ്ടെമ്പോ, റയാൻ
വിങ്ങർമാർ/ഫോർവേഡ് വിനീഷ്യസ് ജൂനിയർ, ഗബ്രിയേൽ മാർട്ടിനെല്ലി / എന്ദ്രിക്
റയൽ മാഡ്രിഡ് സൂപ്പർ താരം വിനീഷ്യസ് ജൂനിയർ തന്നെയാകും ബ്രസീൽ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുക. യുവതാരങ്ങളായ എന്ദ്രിക്, എസ്തേവോ എന്നിവർ പകരക്കാരുടെ ബെഞ്ചിൽ നിന്നും അവസരം കാത്തിരിക്കും.

അവസാനമായി ഓസ്ട്രേലിയക്കെതിരെ മികച്ച വിജയം നേടിയയാണ് ബ്രസീൽ ടീം കൊൽക്കത്തയിൽ എത്തുന്നത്.
മികച്ച മത്സരം കാഴ്ചവെക്കും: കാലിദ് ജമീൽ
ലോകത്തിലെ ഏറ്റവും കരുത്തുറ്റ ടീമുകളിലൊന്നാണ് ബ്രസീൽ. അവർക്കെതിരെ കളിക്കുന്നതിൽ സമ്മർദമുണ്ട്. എങ്കിലും ഞങ്ങൾ ശുഭാപ്തി വിശ്വാസത്തോടെയാണ് ഇറങ്ങുക– ഇന്ത്യൻ -ഫുട്ബോൾ ടീം പരിശീലകൻ ഖാലിദ് ജമീൽ പറയുന്നു.
ഇന്ത്യൻ ഫ-ുട്ബോളിലെ ഏറ്റവും മികച്ച മത്സരമാണ് നടക്കാൻ പോകുന്നത്. ബ്രസീലാണ്. ഒരു പിഴവും വരാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരും. പിഴവ് വരുത്താതിരിക്കുക എന്നതാണ് അടിസ്ഥാന പാഠം. കളിക്കാരോട് അവരുടെ 100 ശതമാനവും കളത്തിൽ അർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രസീലും പരീക്ഷണ സംഘമാണ്. സമ്മർദവും ഭയവും ഒരു കോണിലുണ്ടാകും. അതൊന്നും കളത്തിലുണ്ടാകില്ല– ജമീൽ വ്യക്തമാക്കി.

ബ്രസീലിനെ തടയുക കടുപ്പമാണ്. ഓരോ കളിക്കാരും അപകടകാരികളാണ്. പകരക്കാർവരെ മികവുകാണിക്കും. ഞങ്ങൾ ഞങ്ങളുടെ കളി പുറത്തെടുക്കും. 100 ശതമാനം കഠിനാധ്വാനം ചെയ്യും. മത്സര-ഫലം നമ്മുടെ കൈയിലല്ല. ഓരോ ടീമിമിനും ഓരോ ശൈലിയാണ്. സാഹചര്യത്തിന് അനുസരിച്ച കോച്ച് ആവിഷ്കരിക്കുന്ന തന്ത്രം കളത്തിൽ നടപ്പിലാക്കും– ഇന്ത്യൻ പ്രതിരോധതാരം അൻവർ അലി പറഞ്ഞു.
ഇന്ത്യയുടെ അവസാന മത്സരം മികച്ചത്: കാർലോസ് ആഞ്ചലോട്ടി
പാനമക്കെതിരെ ഇന്ത്യ നന്നായി കളിച്ചു ആരെയും വില കുറച്ച് കാണുന്നില്ലെന്നും ബ്രസീൽ കോച്ച് കാർലോസ് ആഞ്ചലോട്ടി പറഞ്ഞു. ആദ്യമായാണ് ഇന്ത്യയിൽ കളിക്കുന്നത്. അതിൽ സന്തോഷമുണ്ടെന്നും ആഞ്ചലോട്ടി കൂട്ടിച്ചേർത്തു. നമസ്തേ പറഞ്ഞാണ് അദ്ദേഹം വാർത്ത സമ്മേളനം തുടങ്ങിയത്.

അതേസമയം, ഇന്ത്യയിലെ സ്വീകരണത്തിൽ ബ്രസീൽ ക്യാപ്റ്റൻ മാർക്വിഞ്ഞോസ് സന്തോഷം പ്രകടിപ്പിച്ചു. ബ്രസീലിന് ഏറെ ആരാധകരുള്ള രാജ്യമാണ് ഇന്ത്യ.
ഏറ്റവും മികച്ച പ്രകടനം നടത്താൻ ശ്രമിക്കും. ലോകകപ്പിലേറ്റ തിരിച്ചടി ടീം മറന്നു. നല്ല രീതിയിൽ മുന്നോട്ട് പോകാൻ ആണ് ശ്രമം.
ബ്രസീൽ ടീം ജേഴ്സി ധരിക്കുമ്പോൾ അത് വലിയ ഉത്തരവാദിത്തമാണ്.
കോച്ച് ആഞ്ചലോട്ടിക്ക് ഒപ്പമുള്ള ഓരോ മത്സരവും ടീം മെച്ചപ്പെടുന്നു.
പുതിയ താരങ്ങൾക്കും മികച്ച അവസരം ലഭിക്കുന്നുണ്ട്.
ബ്രസീൽ ടീമിൻ്റെ ജേഴ്സി ധരിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


