ഇന്ത്യൻ പേസർ പ്രസിദ്ധ് കൃഷ്ണയെ വിമർശിച്ച് മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ്. മൂന്ന് ഫോർമാറ്റിലും പ്രസിദ്ധ് കൃഷ്ണക്ക് ലഭിക്കുന്ന അവസരത്തിനനുസരിച്ച് താരം പ്രകടനം നടത്തുന്നില്ലെന്നാണ് സെവാഗ് വിമർശിച്ചത്.
”എല്ലാ ഫോർമാറ്റിലും കളിക്കുന്ന ഒരേയൊരു താരം പ്രസിദ്ധ് കൃഷ്ണയാണ്. പക്ഷേ, ഒരു ഫോർമാറ്റിലും അദ്ദേഹം നന്നായി കളിക്കുന്നില്ല” എന്നായിരുന്നു സെവാഗിന്റെ വിമർശനം.
2021 മുതൽ ഇന്ത്യൻ ടീമിന്റെ പ്രസിദ്ധ് കൃഷ്ണ നിലവിൽ മൂന്ന് ഫോർമാറ്റിലും സജീവമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി 10 മത്സരങ്ങളിൽ നിന്നും 35 വിക്കറ്റുകൾ വീഴ്ത്തിയ താരം ഏകദിനത്തിൽ 30 മത്സരങ്ങളിൽ നിന്നും 53 വിക്കറ്റുകളും സ്വന്തമാക്കി. ടി-20യിൽ 8 മത്സരങ്ങളിൽ 9 വിക്കറ്റും നേടി.

മികച്ച പരിചയ സമ്പത്തുള്ള മുഹമ്മദ് സിറാജിനെ പോലുള്ള താരങ്ങൾ ബെഞ്ചിൽ ഇരിക്കുമ്പോഴാണ് പ്രസിദ്ധ് കൃഷ്ണ ഇന്ത്യയുടെ മൂന്ന് ഫോർമാറ്റിലും ആദ്യ ഇലവനിൽ ഇടം നേടിയിട്ടുള്ളത്. എന്നാൽ മികച്ച പ്രകടനം നടത്തുന്നതിൽ പ്രസിദ്ധ് പരാജയപ്പെടുന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്.
ന്യൂസിലാൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പരിക്കേറ്റ പേസർ ആകാശ് ദീപിന് പകരക്കാരനായി പ്രസിദ്ധ് കൃഷ്ണയെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഇന്ത്യ കളത്തിൽ ഇറക്കിയിരുന്നു. ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ ഈ തീരുമാനത്തിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.
ഒന്നാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപ്, മൂന്നാം ദിനം ബാറ്റിംഗിനിടെ കൈൽ ജാമിസണിന്റെ പന്തുകൾ രണ്ട് തവണ ഹെൽമറ്റിൽ പതിച്ചതിനെ തുടർന്ന് കൺകഷൻ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെയാണ് മത്സരത്തിൽ നിന്ന് പുറത്തായത്.


