തിരുവനന്തപുരം: അടപടലം തകർന്ന് രാഷ്ട്രീയ നിലനിൽപ്പ് അപകടത്തിലായ സി.പി.എമ്മിന് സമീപകാലത്ത് നേതാക്കൾ സമ്മാനിച്ചത് വമ്പൻ കുരുക്ക്. സി.പി.എമ്മിന്റെ ശക്തിയെന്ന് അറിയപ്പെടുന്ന ജയരാജ ത്രയങ്ങൾ എല്ലാക്കാലത്തും പാർട്ടിയുടെ കരുത്തായിരുന്നു. ഇതിൽ രണ്ടുപേരാണ്, പി.ജയരാജനും ഇ.പി ജയരാജനും പരസ്പരം വാളോങ്ങി നിൽക്കുന്നത്. ഇതിനെ കേവലം രണ്ട് നേതാക്കൾ തമ്മിലുള്ള തർക്കമായി ലഘൂകരിക്കാൻ സി.പി.എമ്മിന് കഴിയില്ല. ഗുരുതരമായ ആരോപണങ്ങളാണ് ഇരുവരും ഉന്നയിക്കുന്നത്. ‘വൈദേകം’ റിസോർട്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേടുണ്ടെന്ന് പി. ജയരാജൻ ആരോപിക്കുമ്പോൾ ഇതിന് മറുപടിയായി പി.ജയരാജന് ഇടുക്കിലെ റിസോർട്ടുമായി ബന്ധമുണ്ടെന്നും സ്വർണക്കടത്തുകാരനാണ് പങ്കാളിയെന്നും ഇ.പി. ജയരാജൻ തിരിച്ചടിച്ചു. അടുത്തകാലത്ത് പ്രധാന നേതാക്കൾക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങളിലെല്ലാം സി.പി.എം മൗനം പാലിക്കുകയാണ്. കേസെടുത്തവയിലാകട്ടെ രാഷ്ട്രീയമായി നേരിടുമെന്ന പ്രസ്താവന കൊണ്ട് നിസാരവൽക്കരിക്കുകയും ചെയ്തു.
പാർട്ടിയെ പിടിച്ചുലച്ച എക്സാലോജിക് – മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഗുരുതര ആരോപണവും കേസുകളും നിലനിൽക്കുന്നു. മകളുടെ കമ്പനി കാരണം ഉണ്ടായ കേസാണെങ്കിലും പിണറായിക്കു വേണ്ടി മാസപ്പടി കേസ് സി.പി.എം ഏറ്റെടുത്തു. ഇതിലെ ഹവാല ഇടപാടുകളിൽ മുൻ മന്ത്രി മുഹമ്മദ് റിയാസിന് പങ്കുണ്ടെന്നുള്ള ആരോപണങ്ങളിൽ ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകുകയും തുടർന്ന് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
അടുത്തകാലത്ത് സി.പി. എമ്മിന് തലവേദന സൃഷ്ടിച്ച മറ്റൊരു കേസാണ് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്. കരുവന്നൂർ സഹകരണ ബാങ്കിലെ 180 കോടി രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി സമർപ്പിച്ച കുറ്റപത്രത്തിൽ മുതിർന്ന സി.പി.എം നേതാക്കളെ പ്രതിചേർത്തിട്ടുണ്ട്. മുൻ മന്ത്രിയും എം.പിയുമായ കെ. രാധാകൃഷ്ണൻ, മുൻമന്ത്രി എ.സി. മൊയ്തീൻ, മുതിർന്ന നേതാവ് എം.എം. വർഗീസ് എന്നിവരെയാണ് പ്രതിപ്പട്ടികയിലുള്ളത്.
രണ്ടാം പിണറായി സർക്കാരിലെ കായിക വകുപ്പുമന്ത്രിയായിരുന്ന വി. അബ്ദുറഹിമാൻ നേരിടുന്നത് ഗുരുതരമായ ആരോപണമാണ് മറ്റൊന്ന്. മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളാണ് അബ്ദുറഹിമാനെ കുരിക്കിലാക്കിയത്. പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയാണ് അദ്ദേഹം.


