2027 ഐപിഎല്ലിൽ എം.എസ് ധോണി ചെന്നൈ സൂപ്പർ കിംഗ്സിൽ ഇല്ലാത്തത് ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിന്റെ സമ്മർദ്ദം കുറക്കുമെന്ന് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡു. ധോണി ടീമിൽ ഉണ്ടെങ്കിൽ പലകാര്യത്തിനും ധോണിയുടെ തീരുമാനത്തിന് പ്രാധാന്യം നൽകേണ്ടിവരുമെന്നും ഇത് ക്യാപ്റ്റന് വെല്ലുവിളിയാകുമെന്നും റായിഡു അഭിപ്രായപ്പെട്ടു.
“എം.എസ് ധോണി ടീമിൽ ഇല്ലാത്തത് ക്യാപ്റ്റന്റെ സമ്മർദ്ദം കുറക്കുമെന്ന് ഞാൻ കരുതുന്നു. ധോണി ടീമിൽ ഉണ്ടെങ്കിൽ പല കാര്യങ്ങളിലും നിങ്ങൾ അദ്ദേഹത്തിന്റെ അഭിപ്രായത്തിനും തീരുമാനങ്ങൾക്കും പ്രാധാന്യം നൽകും. അദ്ദേഹം നിങ്ങളെ വിലയിരുത്തുന്നുണ്ടാകുമോ എന്ന ചിന്തയും ഉണ്ടാകും. അതുകൊണ്ട് ആ സ്ഥാനത്ത് ഇരിക്കുന്നവർക്ക് എപ്പോഴും ചില വെല്ലുവിളികൾ നേരിടേണ്ടി വരും” അമ്പാട്ടി റായിഡു ക്രിക് ബസിലൂടെ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ധോണി ഐപിഎല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. 2027 ഐപിഎല്ലിൽ ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ മെന്ററായി പ്രവർത്തിക്കും. ചെന്നൈയെ 5 ഐപിഎൽ കിരീടങ്ങളിലേക്കും 2 ചാമ്പ്യൻസ് ലീഗ് ടി-20യിലേക്കും നയിച്ച ക്യാപ്റ്റനാണ് ധോണി. ചെന്നൈയെ 10 തവണ ഫൈനലുകളിൽ എത്തിച്ച ക്യാപ്റ്റൻ കൂടിയാണ് ധോണി.
2008 മുതൽ ചെന്നൈയുടെ ഭാഗമായ ധോണി ടീമിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം കൂടിയാണ്. 2016, 2017 സീസണിൽ ചെന്നൈക്ക് വിലക്ക് നേരിട്ടപ്പോൾ മാത്രമാണ് ധോണി മറ്റൊരു ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചിരുന്നത്. ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ 275 മത്സരങ്ങളിൽ നിന്നും 5314 റൺസാണ് ധോണി നേടിയത്.


