ന്യൂസിലാൻഡിനെതിരെയുള്ള ടെസ്റ്റ് മത്സരങ്ങൾക്ക് മുമ്പ് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ പ്രശംസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. ടീമിലെ ഏറ്റവും പരിചയസമ്പത്തുള്ള താരമാണ് പന്തെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പന്ത് സെഞ്ച്വറി നേടിയിട്ടുണ്ടെന്നും ഗിൽ വ്യക്തമാക്കി.
‘ടീമിലെ ഏറ്റവും കൂടുതൽ പരിചയസമ്പത്തുള്ള താരങ്ങളിൽ ഒരാളാണ് അദ്ദേഹം. എത്ര ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ടെന്ന് കൃത്യമായി അറിയില്ലെങ്കിലും ഏകദേശം 50 മത്സരത്തോളം അദ്ദേഹം കളിച്ചിട്ടുണ്ട്. ഇത് വലിയ നേട്ടമാണ്. അദ്ദേഹത്തിന്റെ പെരുമാറ്റവും ടീമിന് നൽകുന്ന സംഭാവനയും വളരെ മികച്ചതാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം സെഞ്ച്വറികൾ നേടിയിട്ടുണ്ട്. വിക്കറ്റ് കീപ്പർ എന്ന നിലയിൽ അദ്ദേഹം ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ സെഞ്ച്വറികൾ നേടിയിട്ടുണ്ട്. ന്യൂസിലാൻഡ് മാത്രമാവും ഇതുവരെ അദ്ദേഹത്തിന് ആ നേട്ടം കൈവരിക്കാൻ സാധിക്കാത്ത ഒരേയൊരു രാജ്യം. അതിനാൽ അദ്ദേഹം ഈ അവസരത്തിനായി ആകാംഷയോടെ കാത്തിരിക്കുമെന്ന് എനിക്കുറപ്പുണ്ട്” ഗിൽ പരമ്പരക്ക് മുമ്പുള്ള വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

നവംബർ 19നാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ടെസ്റ്റ് പരമ്പരക്ക് തുടക്കമാവുന്നത്. ഏകദിനവും ടി-20യും ഇന്ത്യയാണ് വിജയിച്ചത്. ന്യൂസിലാൻഡിൽ ഇതാദ്യമായാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു പര്യടനത്തിൽ തന്നെ ഏകദിന പരമ്പരയും ടി-20 പരമ്പരയും ഒരുമിച്ച് സ്വന്തമാക്കുന്നത്. ടി-20 പരമ്പര ഇന്ത്യ 3-2നാണ് വിജയിച്ചത്. ന്യൂസിലാൻഡിലെ ഇന്ത്യയുടെ മൂന്നാം ഏകദിന പരമ്പര വിജയമാണിത്.


