ഐപിഎല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് എം.എസ് ധോണി. 2027 ഐപിഎല്ലിൽ ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ മെന്ററായി പ്രവർത്തിക്കുമെന്ന് ചെന്നൈ സൂപ്പർ കിങ്സ് സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചു.
”മഹേന്ദ്ര സിങ് ധോണി ചെന്നൈ സൂപ്പർ കിംഗ്സിന്റെ മെന്ററായി ചുമതലയേറ്റു. ഒരിക്കൽ മാത്രം ലഭിക്കുന്ന അപൂർവ താരം. ടീമിനായി അദ്ദേഹം നൽകിയ സംഭാവനകൾക്ക് എല്ലാ ആദരവും. ടീമുമായി അദ്ദേഹം ബന്ധമെന്നും തുടരും. ‘നിരവധി വിജയങ്ങളിലും വെല്ലുവിളികൾ നിറഞ്ഞ സമയങ്ങളിലും മറക്കാനാകാത്ത ഓർമ്മകളിലും എം.എസ്. ധോണി തുടക്കം മുതൽ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.
ഞങ്ങളുടെ യാത്രയിൽ അദ്ദേഹം എന്നും പ്രധാനപ്പെട്ട ഭാഗമായിരുന്നു. ടീമിനെ വിജയങ്ങളിലേക്ക് നയിച്ചതുപോലെ ഇനി പുതിയ തലമുറയിലെ സൂപ്പർ കിംഗ്സ് താരങ്ങൾക്ക് വഴികാട്ടിയായും അദ്ദേഹം ഉണ്ടാകും. ധോണിയെന്നും ഞങ്ങളുടെ ടീമിന്റെ ഭാഗമായിരിക്കും. ചെന്നൈ എന്നും അദ്ദേഹത്തിന്റെ സ്വന്തം വീടായിരിക്കും” ചെന്നൈ സൂപ്പർ കിങ്സ് എക്സിൽ കുറിച്ചു.
ചെന്നൈയെ 5 ഐപിഎൽ കിരീടങ്ങളിലേക്കും 2 ചാമ്പ്യൻസ് ലീഗ് ടി-20യിലേക്കും നയിച്ച ക്യാപ്റ്റനാണ് ധോണി. ചെന്നൈയെ 10 തവണ ഫൈനലുകളിൽ എത്തിച്ച ക്യാപ്റ്റൻ കൂടിയാണ് ധോണി.

2008 മുതൽ ചെന്നൈയുടെ ഭാഗമായ ധോണി ടീമിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം കൂടിയാണ്. 2016, 2017 സീസണിൽ ചെന്നൈക്ക് വിലക്ക് നേരിട്ടപ്പോൾ മാത്രമാണ് ധോണി മറ്റൊരു ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചിരുന്നത്. ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ 275 മത്സരങ്ങളിൽ നിന്നും 5314 റൺസാണ് ധോണി നേടിയത്.


