മാഞ്ചസ്റ്റർ: മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ഹൃദയസ്പർശിയായ വിടവാങ്ങൽ സന്ദേശവുമായി മുൻ താരവും,പരിശീലകനുമായ മൈക്കൽ കാരിക്ക്.
സീസണിലെ മോശം തുടക്കത്തിനിടയിലും തനിക്ക് ഉറച്ച പിന്തുണ നൽകിയ ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് കാരിക്ക് ഇൻസ്റ്റാഗ്രാമിലൂടെ ആദ്യമായി മൗനം വെടിഞ്ഞത്.
ആസ്റ്റൺ വില്ലയ്ക്കെതിരായ 4-4 സമനിലയ്ക്ക് പിന്നാലെ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ യുണൈറ്റഡ് 18-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെയാണ് മാനേജ്മെന്റ് കടുത്ത തീരുമാനമെടുത്തത്.
നവംബർ 12 വ്യാഴാഴ്ച ക്ലബ്ബ് സിഇഒ ഒമർ ബെറാഡയും ടെക്നിക്കൽ ഡയറക്ടർ ജേസൺ വിൽകോക്സും കാരിക്കിനെ നേരിട്ട് കണ്ട് പുറത്താക്കൽ തീരുമാനം അറിയിക്കുകയായിരുന്നു.
സീസണിലെ ആദ്യ 10 മത്സരങ്ങളിൽ നിന്ന് വെറും ഒരു ജയവും എട്ട് പോയിന്റും മാത്രമാണ് ടീമിന് നേടാനായത്.
ആരാധകരുടെ സ്നേഹത്തിന് നന്ദി
കളിക്കാരനെന്ന നിലയിൽ ഓൾഡ് ട്രാഫോർഡിൽ അഞ്ച് പ്രീമിയർ ലീഗ് കിരീടങ്ങളും 2008-ലെ ചാമ്പ്യൻസ് ലീഗും നേടിയ കാരിക്ക്, പരിശീലകനെന്ന നിലയിലുള്ള മോശം പ്രകടനത്തിലെ നിരാശ മറച്ചുവെച്ചില്ല. എങ്കിലും പ്രതിസന്ധി ഘട്ടത്തിലും തന്നോടൊപ്പം നിന്ന ആരാധകരോടുള്ള കടപ്പാടാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിറഞ്ഞുനിന്നത്.
“ഞാൻ ഏറെ സ്നേഹിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ഫുട്ബോൾ ക്ലബ്ബിനെ നയിക്കാൻ കഴിഞ്ഞത് വലിയൊരു പദവിയായി കാണുന്നു. വളരെ കുറച്ചുപേർക്ക് മാത്രം ലഭിക്കുന്ന ഈ അവസരത്തിന് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. നിങ്ങൾക്ക് എന്തെങ്കിലും തിരികെ നൽകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.
ആ സ്നേഹം ഒരിക്കലും മരിക്കില്ല. അടുത്ത കാലത്തായി നമുക്ക് നല്ല ഫലങ്ങൾ ലഭിച്ചിട്ടില്ലെന്ന് എനിക്കറിയാം. എല്ലാവരും മുഖം തിരിക്കാൻ സാധ്യതയുള്ള അത്തരം മോശം സമയങ്ങളിലും നിങ്ങൾ എനിക്ക് സ്നേഹവും പിന്തുണയും മാത്രമാണ് നൽകിയത്. ഒന്നോ രണ്ടോ വിജയങ്ങളേക്കാൾ വലുതാണത്,” കാരിക്ക് കുറിച്ചു.
‘ഇനി ഗാലറിയിൽ നിങ്ങളോടൊപ്പം’
ക്ലബ്ബ് ഉടമകൾക്കും താരങ്ങൾക്കുമെതിരെ ആരാധകരുടെ രോഷം ഉയർന്നപ്പോഴും ഗാലറികളിൽ കാരിക്കിന്റെ പേര് മുഴങ്ങിക്കേട്ടിരുന്നു. തനിക്ക് നൽകിയ ഈ അകമഴിഞ്ഞ പിന്തുണയ്ക്ക് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.
തന്റെ പരിശീലക സംഘത്തിനും ബാക്ക്റൂം സ്റ്റാഫിനും കളിക്കാർക്കും നന്ദി രേഖപ്പെടുത്തിയ ശേഷമാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
“ഇനി മുതൽ ഗാലറിയിൽ ഞാൻ നിങ്ങളോടൊപ്പമുണ്ടാകും; സൈഡ്ലൈനിൽ നിന്ന് കളി കണ്ടും, നമ്മുടെ കുട്ടികളെ പ്രോത്സാഹിപ്പിച്ചും,” എന്ന വൈകാരികമായ വാക്കുകളോടെയാണ് കാരിക്ക് തന്റെ പ്രിയപ്പെട്ട ക്ലബ്ബിനോട് വിടപറഞ്ഞത്.


