സൗഹൃദ മത്സരത്തിൽ ജപ്പാനെതിരെ ബ്രസീലിന് തോൽവി. 3-2നാണ് ഏഷ്യൻ ടീം ബ്രസീലിനെ വീഴ്ത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് ഗോളുകളാണ് ബ്രസീലിന്റെ പോസ്റ്റിലേക്ക് ജപ്പാൻ അടിച്ചുകയറ്റിയത്.
15 മിനിറ്റ് പിന്നിട്ടപ്പോൾ ടാക്കെ ഫൂസാ കൂബോയിലൂടെ ജപ്പാൻ ആദ്യ ഗോൾ നേടി. നാല് മിനിറ്റുകൾക്ക് ശേഷം കീറ്റോ നകമുറയിലൂടെ ജപ്പാൻ രണ്ടാം ഗോളും സ്വന്തമാക്കി. എന്നാൽ മുപ്പത്തി മൂന്നാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിലൂടെ ബ്രസീൽ ഗോൾ മടക്കി.
ആദ്യപകുതി 2-1ന് സ്വന്തമാക്കിയ ജപ്പാനെതിരെ വിനീഷ്യസ് ജൂനിയർ രണ്ടാം പകുതിയിൽ വീണ്ടും ഗോൾ നേടി. മത്സരം സമനിലയിൽ. എന്നാൽ ഇഞ്ചുറി ടൈമിൽ തൽസുഹിരോ സകാമോട്ടോയിലൂടെ ജപ്പാൻ വിജയ ഗോൾ നേടി. മത്സരത്തിന്റെ രണ്ടാം പകുതിയിൽ റാഫിഞ്യ ചുവപ്പുകാർഡ് കണ്ടു പുറത്തായതും ബ്രസീലിന് തിരിച്ചടിയായി.
ഷോട്ടുകളുടെ എണ്ണത്തിൽ ബ്രസീൽ ആയിരുന്നു മുൻപന്തിയിൽ ഉണ്ടായിരുന്നത്. 11 ഷോട്ടുകളാണ് ബ്രസീൽ ജപ്പാന്റെ പോസ്റ്റിലേക്ക് ഉന്നം വെച്ചത്. മറുഭാഗത്ത് 7 ഷോട്ടുകൾ ആയിരുന്നു ജപ്പാൻ താരങ്ങൾ നേടിയത്.
നവംബർ 17ന് സിംഗപ്പൂരിനെതിരെ ബ്രസീൽ അടുത്ത സൗഹൃദ മത്സരത്തിനിറങ്ങുമ്പോൾ ജപ്പാൻ ഇതേ ദിവസം പരാഗ്വയെയും നേരിടും.


