ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ വിരാട് കോലി ഇല്ലായിരുന്നെങ്കിൽ ഇന്ത്യ പരാജയപ്പെടുമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്. രണ്ടാം മത്സരത്തിൽ കെ.എൽ രാഹുലും ഇല്ലെങ്കിൽ ഇന്ത്യ തോൽവി നേരിട്ടേനെയെന്നും ശ്രീകാന്ത് വ്യക്തമാക്കി.
”കോലി ഇല്ലായിരുന്നെങ്കിൽ ആദ്യ മത്സരത്തിലും കെ.എൽ രാഹുൽ ഇല്ലായിരുന്നെങ്കിൽ രണ്ടാം മത്സരത്തിലും ഇന്ത്യ പരാജയപ്പെടുമായിരുന്നു. മികച്ച പേസ് ബൗളിംഗിനെ നേരിടുമ്പോൾ ഇന്ത്യയുടെ ബാറ്റർമാർ ഇപ്പോഴും ബുദ്ധിമുട്ടുന്നുണ്ട്. ഈ മത്സരത്തിൽ എല്ലാ ബാറ്റർമാരും നിരാശപ്പെടുത്തി. അവർ ചില കാര്യങ്ങൾ തിരുത്തണം. ഇത്തരത്തിൽ ഒരു മത്സരം ഇന്ത്യ ഒരിക്കലും പരാജയപ്പെടാൻ പാടില്ലായിരുന്നു. 2027 ലോകകപ്പ് ലക്ഷ്യം വെച്ചുകൊണ്ട് പരമ്പരയിൽ മുന്നിൽ ആണെങ്കിലും ഇന്ത്യയുടെ പ്രകടനം അത്ര മികച്ചതാണെന്ന് പറയാനാകില്ല” ക്രിസ് ശ്രീകാന്ത് തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.
നാലാം ഏകദിനത്തിൽ ന്യൂസിലാൻഡിനെതിരെ 244 റൺസിന്റെ കൂറ്റൻ പരാജയമാണ് ഇന്ത്യ നേരിട്ടത്. 334 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യൻ ബാറ്റിംഗ് നിര, മാറ്റ് ഹെന്റിയുടെ മാരക ബൗളിംഗിന് മുന്നിൽ തകർന്ന് വെറും 26.4 ഓവറിൽ 89 റൺസിന് പുറത്തായി.
മത്സരത്തിൽ കിവികൾക്കായി ഹെൻറി ആറ് വിക്കറ്റ് നേടിയാണ് ഇന്ത്യയെ വീഴ്ത്തിയത്. രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയസ് അയ്യർ എന്നിവരെ ആദ്യ ഓവറിൽ തന്നെ പുറത്താക്കിയ ഹെന്റി മത്സരത്തിന്റെ ഗതി പൂർണ്ണമായും മാറ്റിമറിച്ചു. പിന്നീട് ഇഷാൻ കിഷൻ, കുൽദീപ് യാദവ്, ഗൂർനൂർ ബ്രാർ എന്നിവരെക്കൂടി വീഴ്ത്തിയ ഹെൻറി കിവീസിന് വിജയം സമ്മാനിച്ചു.
മത്സരത്തിൽ ആദ്യ റൺസ് നേടുന്നതിന് മുമ്പ് തന്നെ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകൾ വീണു. ഏകദിനത്തിൽ ഒരു മത്സരത്തിലെ ഇന്ത്യയുടെ ഏറ്റവും മോശം തുടക്കമായിരുന്നു ഇത്. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഈ ഫോർമാറ്റിൽ ഒറ്റ റൺസ് നേടുന്നതിന് മുമ്പ് തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമാവുന്നത്.


