ന്യൂയോർക്ക്: യുണൈറ്റഡ് സ്റ്റേറ്റ്സ് പുരുഷ ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുന്ന മൗറീഷ്യോ പോച്ചെറ്റിനോയുടെ വിടവാങ്ങൽ നിമിഷങ്ങൾ ഏറെ വികാരാധീനമായി.
അമേരിക്കൻ ടീമിനോട് വിടപറയുമ്പോൾ കണ്ണീരടക്കാൻ പാടുപെട്ട അദ്ദേഹം, മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള മാറ്റം തന്റെ കരിയറിലെ ഏറ്റവും ദുഷ്കരമായ തീരുമാനങ്ങളിൽ ഒന്നാണെന്ന് സമ്മതിച്ചു.
എങ്കിലും ഫുട്ബോളിലെ ഏറ്റവും വലിയ ക്ലബ്ബുകളിൽ ഒന്നിനെ പരിശീലിപ്പിക്കാനുള്ള അവസരം നിരസിക്കാൻ കഴിയില്ലെന്ന് അർജന്റീനിയൻ പരിശീലകൻ വ്യക്തമാക്കി.
മൈക്കൽ കാരിക്കിന്റെ പിൻഗാമിയായി മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജരായി പോച്ചെറ്റിനോയെ നിയമിച്ചതായി ഔദ്യോഗിക സ്ഥിതീകരണം വന്നതിന് പിന്നാലെയായിരുന്നു പത്രസമ്മേളനം.
ഓൾഡ് ട്രാഫോർഡിൽ രണ്ടര വർഷത്തെ കരാറിലാണ് 54 കാരനായ പോച്ചെറ്റിനോ ഒപ്പുവെച്ചിരിക്കുന്നത്. നവംബർ 19-ന് അദ്ദേഹം പുതിയ ചുമതലയേൽക്കും.
‘ഇത് കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനം’
വിടവാങ്ങൽ പത്രസമ്മേളനത്തിൽ വികാരാധീനനായാണ് പോച്ചെറ്റിനോ സംസാരിച്ചത്. “ഇപ്പോൾ സംസാരിക്കാൻ എനിക്ക് വളരെ പ്രയാസമുണ്ട്. ഞാൻ വളരെ വൈകാരികമായ ഒരു വ്യക്തിയാണ്. എന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനങ്ങളിൽ ഒന്നാണിത്,” അദ്ദേഹം പറഞ്ഞു.
യുഎസ് സോക്കറുമായി നാല് വർഷത്തെ പുതിയ കരാർ നിലവിലുണ്ടായിരുന്നിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുള്ള ക്ഷണം സ്വീകരിക്കാൻ കാരണം എന്താണെന്നും അദ്ദേഹം വ്യക്തമാക്കി. “മാഞ്ചസ്റ്റർ യുണൈറ്റഡിനെ പോലെ നിങ്ങളുടെ കരിയറിൽ അധികം അവസരങ്ങൾ ഉണ്ടാകില്ല. അങ്ങനെയൊരു ഓഫർ വരുമ്പോൾ അത് നിരസിക്കുക വളരെ ബുദ്ധിമുട്ടാണ്,” പോച്ചെറ്റിനോ കൂട്ടിച്ചേർത്തു.
അമേരിക്കയ്ക്കൊപ്പം രണ്ട് മത്സരങ്ങൾ കൂടി
യുണൈറ്റഡിന്റെ ചുമതലയേൽക്കുന്നതിന് മുൻപ്, ഹെയ്തിക്കെതിരായ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ വരാനിരിക്കുന്ന രണ്ട് മത്സരങ്ങളിൽ കൂടി പോച്ചെറ്റിനോ ഡഗൗട്ടിൽ ഉണ്ടാകും.
കളിക്കാരോടും ഫെഡറേഷനോടുമുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് അദ്ദേഹം വിശദീകരിച്ചു. “നമ്മൾ പ്രൊഫഷണലാകുന്നതിന് മുമ്പ് ഒരു മനുഷ്യനാണ്.
കളിക്കാരും സ്റ്റാഫും ഞങ്ങൾക്ക് വലിയ ബഹുമാനമാണ് നൽകുന്നത്. ആ സാഹചര്യം അവർ മനസ്സിലാക്കുന്നുണ്ട്,” പോച്ചെറ്റിനോ വ്യക്തമാക്കി.
നവംബർ 22-ന് ലിവർപൂളിനെതിരെയുള്ള മത്സരത്തിലൂടെയാകും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി പോച്ചെറ്റിനോയുടെ അരങ്ങേറ്റം.
പ്രീമിയർ ലീഗിൽ നിലവിൽ തിരിച്ചടികൾ നേരിടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ പഴയ പ്രതാപത്തിലേക്ക് തിരികെ എത്തിക്കുക എന്ന വലിയ ദൗത്യമാണ് ഈ അർജന്റീനിയൻ പരിശീലകന് മുന്നിലുള്ളത്.


