ലിസ്ബൺ: ഫുട്ബോൾ ലോകത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ വെറുമൊരു കളിക്കാരനല്ല; കഴിഞ്ഞ 23 വർഷമായി കോടിക്കണക്കിന് ആരാധകരുടെ ഹൃദയവികാരമാണ്.
ഗോളുകൾ നേടിയതുകൊണ്ട് മാത്രമല്ല, ഒരിക്കലും തോൽക്കാൻ മനസ്സില്ലാത്ത ആ പോരാട്ടവീര്യം കൊണ്ടാണ് അയാൾ ലോകത്തിന്റെ നെറുകെയിലെത്തിയത്.

നേഷൻസ് ലീഗ് പോരാട്ടത്തിനായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ പോർച്ചുഗൽ നാളെ പുലർച്ചെ ഡെന്മാർക്കിനെതിരെ എസ്റ്റാഡിയോയിൽ ഇറങ്ങുമ്പോൾ, അയാൾ ഇതുവരെ തീർത്ത 985 ഗോളുകളുടെ മാന്ത്രിക വഴികളിലൂടെയൊന്ന് കണ്ണോടിക്കാം.
ആയിരത്തിലേക്ക് കുതിച്ച് റോണോ
ഫുട്ബോളിൽ സ്വപ്നതുല്യമായ 1000 ഗോളുകൾ എന്ന നാഴികക്കല്ലിലേക്ക് റോണോ കുതിക്കുകയാണിപ്പോൾ.
ചരിത്രത്തിൽ 900 ഗോളുകൾ പിന്നിട്ട ആദ്യ ഫുട്ബോൾ താരമെന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്. കരിയറിൽ ഇതുവരെ 985 ഗോളുകളാണ് ഈ ഇതിഹാസം അടിച്ചുകൂട്ടിയിരിക്കുന്നത്.

വലതുകാൽ കൊണ്ട് ബുള്ളറ്റ് ഷോട്ടുകൾ പായിച്ചും, ഇടതുകാൽ കൊണ്ട് അത്ഭുതങ്ങൾ തീർത്തും, ബോക്സിന് പുറത്തുനിന്നുള്ള തകർപ്പൻ ഷോട്ടുകളിലൂടെയും റൊണാൾഡോ എതിരാളികളുടെ വലനിറച്ചു.
നേടിയ 985 ഗോളുകളിൽ 184 എണ്ണം പെനാൽറ്റിയിലൂടെയായിരുന്നു. പെനാൽറ്റിയിലൂടെ അല്ലാതെയുള്ള ഗോളുകൾ മാത്രം 801 വരും. കൂടാതെ 60 ഗോളുകൾ ഡയറക്ട് ഫ്രീകിക്കിലൂടെയും താരം സ്വന്തമാക്കി.
വായുവിൽ പറക്കുന്ന ഹെഡറുകൾ
റോണോയുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നാണ് വായുവിൽ ഉയർന്നു ചാടിയുള്ള ഹെഡറുകളാണ്.
നിന്ന നിൽപ്പിൽ അത്ഭുതകരമായി ഉയർന്നു ചാടാൻ അദ്ദേഹത്തെ സഹായിക്കുന്നത് കഠിനമായ പരിശീലനവും ശാരീരികക്ഷമതയുമാണ്.ഇതുവരെ 160 ഗോളുകളാണ് താരം തലകൊണ്ട് മാത്രം വലയിലെത്തിച്ചത്.

തന്റെ കരുത്തുറ്റ വലംകാൽ തന്നെയാണ് റോണോയുടെ ഏറ്റവും വലിയ ആയുധം. ആകെ ഗോളുകളുടെ 64 ശതമാനവും (635 എണ്ണം) വലംകാലിൽ നിന്നാണ് പിറന്നത്.
അതേസമയം, തന്റെ ‘വീക്ക്ഫുട്ട്’ ആയ ഇടംകാലുകൊണ്ട് 187 ഗോളുകൾ (19 ശതമാനം) നേടാൻ അദ്ദേഹത്തിനായി.
ഫുട്ബോൾ ചരിത്രത്തിൽ വീക്ക്ഫുട്ടിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ റെക്കോർഡും റോണോയുടെ പേരിലാണ്. കൂടാതെ കരിയറിലാകെ 67 ഹാട്രിക്കുകളും ഈ ഇതിഹാസം കുറിച്ചു.
പ്രായം തളർത്താത്ത പോരാളി
പ്രായം കൂടുന്തോറും വീര്യം കൂടുന്ന വീഞ്ഞാണ് റൊണാൾഡോ. തന്റെ കരിയറിലെ 30 വയസ്സിന് മുമ്പ് നേടിയ ഗോളുകളേക്കാൾ (463) കൂടുതൽ ഗോളുകൾ അദ്ദേഹം നേടിയത് 30 വയസ്സിന് ശേഷമാണ്!.

ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനും, രാജ്യാന്തര ഫുട്ബോളിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനുമാണ് അദ്ദേഹം.
സ്പോർട്ടിങ് സിപി, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ്, അൽ നസർ തുടങ്ങി ജെഴ്സികളും മൈതാനങ്ങളും എതിരാളികളും ഏറെ മാറിയെങ്കിലും, അയാളുടെ ഉള്ളിലെ ഗോൾദാഹം മാത്രം ഒട്ടും കുറഞ്ഞില്ല.
പ്രതിസന്ധികളെ തോൽപ്പിച്ച ജീവിതം
പ്രതിസന്ധികൾക്ക് മുമ്പിൽ എങ്ങനെ തലകുനിക്കാതെ നിൽക്കണമെന്ന് ക്രിസ്റ്റ്യാനോ തന്റെ ജീവിതംകൊണ്ട് കാണിച്ചുതന്നു.
വിജയം ഭാഗ്യംകൊണ്ട് മാത്രം ഉണ്ടാകുന്നതല്ലെന്നും, അതിന് പിന്നിൽ കഠിനാധ്വാനവും ആത്മാർത്ഥതയുമാണെന്ന് അദ്ദേഹം പുതിയ തലമുറയെ പഠിപ്പിച്ചു.

വിമർശനങ്ങളും പരിഹാസങ്ങളും തന്നെ തളർത്താൻ നോക്കിയപ്പോഴൊക്കെയും കൂടുതൽ കരുത്തോടെയാണ് അയാൾ തിരിച്ചുവന്നത്.
രാജ്യാന്തര ഫുട്ബോളിൽ 100 ഗോൾ തികയ്ക്കുന്ന രണ്ടാമത്തെ താരം, ഒരു കലണ്ടർ വർഷത്തിൽ ഏറ്റവുമധികം രാജ്യാന്തര ഗോളുകൾ നേടിയ താരം,
തുടർച്ചയായി 7 കലണ്ടർ വർഷങ്ങളിൽ 50-ലേറെ ഗോൾ നേടിയ ഏക താരം തുടങ്ങി റെക്കോർഡുകൾ അനവധിയാണ്.
അത്യുന്നതങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും, ഭൂമിയിൽ ആരാധകർക്ക് എക്കാലത്തെയും ആനന്ദവുമായി ആ ഫുട്ബോൾ മാന്ത്രികൻ ഇനിയും മുന്നോട്ട് കുതിക്കുകയാണ്.


