ഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രമല്ല, വീടുകളിലെ പലതരം വൃത്തിയാക്കലുകൾക്കും ഉപ്പ് ഒരു മികച്ച പരിഹാരമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.
വിലകൂടിയ രാസവസ്തുക്കൾ നിറഞ്ഞ ക്ലീനിങ് ലായനികൾ തേടിപ്പോകാതെ തന്നെ, അടുക്കളയിലെ പല സങ്കീർണ്ണമായ പ്രശ്നങ്ങൾക്കും വളരെ ലളിതമായി ഉപ്പ് ഉപയോഗിച്ച് പരിഹാരം കാണാം.
പാത്രങ്ങളിലെ കറ കളയുന്നത് മുതൽ പച്ചക്കറികളിലെ കീടനാശിനികൾ നീക്കം ചെയ്യുന്നത് വരെ ഉപ്പിന്റെ ഉപയോഗം നീണ്ടുപോകുന്നു.
യാതൊരുവിധ പാർശ്വഫലങ്ങളോ അധിക ചെലവോ ഇല്ലാതെ വീട് വൃത്തിയായി സൂക്ഷിക്കാൻ ഉപ്പ് സഹായിക്കുന്ന ചില പ്രധാന വഴികൾ താഴെ പറയുന്നവയാണ്:
- ഡ്രെയിനേജ് വൃത്തിയാക്കാൻ
അടുക്കളയിലെ ഡ്രെയിനേജ് ബ്ലോക്കുകൾ മാറ്റാൻ ഉപ്പ് മികച്ചൊരു വഴിയാണ്. ഇതിനായി അര കപ്പ് ഉപ്പ് നേരിട്ട് ഡ്രെയിനിങ്ങിലേയ്ക്കിടാം.
ഇതിനു പിന്നാലെ നന്നായി തിളപ്പിച്ച വെള്ളം ഒഴിക്കുക. ഇത് പൈപ്പുകളിൽ പറ്റിപിടിച്ചിരിക്കുന്ന എണ്ണയും അഴുക്കും കറകളും എളുപ്പത്തിൽ ഇളക്കിമാറ്റാൻ സഹായിക്കും.
- കാപ്പിയുടെയും ചായയുടെയും കറ നീക്കം ചെയ്യാൻ
ചായയും കാപ്പിയും കുടിച്ച് കറപിടിച്ച കപ്പുകളും ഗ്ലാസുകളും വെളുപ്പിക്കാൻ ഉപ്പ് ഉപയോഗിക്കാം. കുറച്ചു വെള്ളത്തിലേക്ക് ഉപ്പ് ചേർത്ത് ലായനിയാക്കുക.
ഇത് കറ പിടിച്ച ഭാഗങ്ങളിൽ പുരട്ടി സ്ക്രബ് ചെയ്താൽ കറകൾ പൂർണ്ണമായും മാറ്റി പാത്രങ്ങൾക്ക് പുതിയ തിളക്കം നൽകാം.
- കറപിടിച്ച പാത്രങ്ങൾ വൃത്തിയാക്കാൻ
അമിതമായി കറയും എണ്ണയും പറ്റിയിരിക്കുന്ന പാത്രങ്ങളിലും പാനുകളിലും ഉപ്പ് വിതറി അൽപസമയം മാറ്റി വയ്ക്കുക. ശേഷം ഇതിലേക്ക് ചെറുചൂടുള്ള വെള്ളം ഒഴിച്ച് സ്പോഞ്ച് ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം.
പാത്രങ്ങളിലെ കടുത്ത കറകൾ എളുപ്പത്തിൽ അകറ്റാൻ ഈ വിദ്യ സഹായിക്കും.
- പച്ചക്കറികളും പഴങ്ങളും കീടനാശിനി വിമുക്തമാക്കാൻ
ഇന്നത്തെ കാലത്ത് പച്ചക്കറികളിലും പഴങ്ങളിലും ധാരാളം രാസകീടനാശിനികളും ബാക്ടീരിയകളും പറ്റിപിടിച്ചിരിക്കാൻ സാധ്യതയുണ്ട്.
ഇവ നീക്കം ചെയ്യാൻ ഉപ്പ് ചേർത്തു തിളപ്പിച്ച വെള്ളത്തിൽ പഴങ്ങളും പച്ചക്കറികളും അൽപസമയം മുക്കി വയ്ക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകിയെടുത്താൽ ദോഷകരമായ ബാക്ടീരിയകളെയും അഴുക്കുകളെയും ഒരു പരിധി വരെ അകറ്റാം.
- സിങ്ക് തിളങ്ങാൻ
അടുക്കള സിങ്ക് വൃത്തിയാക്കാനും ഉപ്പ് ഉപയോഗിക്കാം. കുറച്ച് നാരങ്ങാനീരിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഈ മിശ്രിതം ഉപയോഗിച്ച് സിങ്ക് തേച്ചു കഴുകിയാൽ കറകൾ പൂർണ്ണമായി മാറി സിങ്ക് പുതിയത് പോലെ തിളങ്ങും.


