ഐപിഎൽ 2027 സീസണിന് മുന്നോടിയായുള്ള ട്രേഡിംഗ് വിൻഡോ അവസാന ഘട്ടത്തിലേക്ക് കടക്കവെ നിർണായക തീരുമാനവുമായി ക്യാപിറ്റൽസ്. ടീമിന്റെ സ്റ്റാർ ഓൾറൗണ്ടർ അക്സർ പട്ടേലിനെയും യുവതാരം അശുതോഷ് ശർമ്മയെയും മറ്റ് ടീമുകൾക്ക് കൈമാറില്ലെന്ന് ഫ്രാഞ്ചൈസി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഇരുവരും ഡൽഹി ക്യാപിറ്റൽസിൽ തന്നെ തുടരുമെന്നും ഫ്രാഞ്ചൈസി തങ്ങളുടെ ട്രേഡിംഗ് വിൻഡോ പൂർണ്ണമായി അടച്ചതായും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ഊഹാപോഹങ്ങൾക്ക് വിരാമം
കഴിഞ്ഞ ആഴ്ചകളിൽ അക്സർ പട്ടേലിനെ ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ടെന്നും, അശുതോഷ് ശർമ്മയ്ക്കായി മറ്റ് ചില ഫ്രാഞ്ചൈസികൾ രംഗത്തുണ്ടെന്നും വലിയ തോതിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
എന്നാൽ ഈ അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ടുകൊണ്ടാണ് ഡൽഹി മാനേജ്മെന്റിന്റെ ഈ തീരുമാനം. “ഡൽഹി ക്യാപിറ്റൽസിനെ സംബന്ധിച്ചിടത്തോളം ഇനി ട്രേഡുകൾ ഒന്നും തന്നെ ഉണ്ടാകില്ല,” എന്ന് ഫ്രാഞ്ചൈസിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
കോളടിച്ച പ്രകടനങ്ങൾ
കഴിഞ്ഞ ഐപിഎൽ സീസണിൽ സമ്മിശ്ര പ്രകടനമാണ് അക്സർ പുറത്തെടുത്തതെങ്കിലും ടീമിന്റെ അവിഭാജ്യ ഘടകമാണ് അദ്ദേഹം.
2026 സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 173 റൺസും 11 വിക്കറ്റുകളും അക്സർ വീഴ്ത്തിയിരുന്നു. മറുവശത്ത്, വെറും 8 മത്സരങ്ങളിൽ നിന്ന് 181.91 ഭേദപ്പെട്ട സ്ട്രൈക്ക് റേറ്റിൽ 171 റൺസ് അടിച്ചുകൂട്ടിയ അശുതോഷ് ശർമ്മ, മധ്യനിരയിലെ മികച്ചൊരു പവർ-ഹിറ്റർ എന്ന നിലയിൽ തന്റെ മൂല്യം തെളിയിച്ച താരമാണ്.
ക്യാപ്റ്റൻസി ആർക്ക്? തുടരുന്ന ആശയക്കുഴപ്പം
കളിക്കാരെ നിലനിർത്തിയെങ്കിലും ഡൽഹിയുടെ അടുത്ത സീസണിലെ ക്യാപ്റ്റനാര് എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. കഴിഞ്ഞ സീസണിൽ അക്സർ പട്ടേലായിരുന്നു ടീമിനെ നയിച്ചതെങ്കിലും, ലഖ്നൗ സൂപ്പർ ജയന്റ്സിൽ നിന്ന് റിഷഭ് പന്ത് തിരിച്ചെത്തിയത് പുതിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
റിഷഭ് പന്തും കെ.എൽ. രാഹുലുമാണ് ടീമിലെ മറ്റ് പ്രധാന ക്യാപ്റ്റൻസി ഓപ്ഷനുകൾ. അക്സറിനെ നിലനിർത്തിയത് കൊണ്ട് മാത്രം ക്യാപ്റ്റൻസി സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരമാകുന്നില്ലെന്നും ഫ്രാഞ്ചൈസി ഉടൻ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നുമാണ് സൂചന.
ഡൽഹിയുടെ മറ്റ് ട്രേഡ് നീക്കങ്ങൾ
ഐപിഎൽ 2027-ന് മുന്നോടിയായി പ്രധാനപ്പെട്ട രണ്ട് എക്സ്ചേഞ്ചുകൾ ഡൽഹി ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. റിഷഭ് പന്ത് ഡൽഹിയിലേക്ക് തിരിച്ചെത്തിയപ്പോൾ സ്പിന്നർ കുൽദീപ് യാദവ് ലഖ്നൗ സൂപ്പർ ജയന്റ്സിലേക്ക് ചേക്കേറി.
കൂടാതെ പേസർ ടി. നടരാരജന് പകരം ലെഗ് സ്പിന്നർ സീഷൻ അൻസാരിയെ സൺറൈസേഴ്സ് ഹൈദരാബാദിൽ നിന്നും ഡൽഹി സ്വന്തമാക്കിയിട്ടുണ്ട്.
എല്ലാ ഫ്രാഞ്ചൈസികൾക്കും തങ്ങളുടെ നിലനിർത്തിയതും ഒഴിവാക്കിയതുമായ കളിക്കാരുടെ ലിസ്റ്റ് സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 17 ആണ്.
ഇതിനു മുന്നോടിയായി ടീമിന്റെ സ്ക്വാഡിനെയും നേതൃത്വത്തെയും അന്തിമ രൂപത്തിലാക്കാനുള്ള തയ്യാറെടുപ്പിലാണ് ഡൽഹി ക്യാപിറ്റൽസ്.


