കഴിഞ്ഞ ആറുമാസമായി ഐപിഎൽ ലോകം മുഴുവൻ ഉറ്റുനോക്കിയിരുന്ന ആ വലിയ ചോദ്യത്തിന് ഒടുവിൽ ഉത്തരമായിരിക്കുന്നു.
ഇന്ത്യൻ സ്റ്റാർ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയുടെ അടുത്ത താവളം ഏതായിരിക്കുമെന്നറിയാൻ ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR), ചെന്നൈ സൂപ്പർ കിംഗ്സ് (CSK), രാജസ്ഥാൻ റോയൽസ് (RR), ലഖ്നൗ സൂപ്പർ ജയന്റ്സ് (LSG) തുടങ്ങി പ്രമുഖ ഫ്രാഞ്ചൈസികളിലേക്കൊക്കെ ഹാർദിക് ചേക്കേറുമെന്നായിരുന്നു ഇതുവരെയുള്ള പ്രധാന ഊഹാപോഹങ്ങളെല്ലാം.
ദിനംപ്രതി പുറത്തുവന്ന ഇത്തരം വാർത്തകൾ ട്രേഡ് സീസണിലെ ഏറ്റവും വലിയ ചർച്ചാവിഷയമായി മാറുകയും ചെയ്തിരുന്നു.
എന്നാൽ എല്ലാ കണക്കുകൂട്ടലുകളെയും പ്രവചനങ്ങളെയും കാറ്റിൽപ്പറത്തിക്കൊണ്ട് പഞ്ചാബ് കിംഗ്സ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ആരുടേയും ചിന്തകളിൽ പോലും ഇല്ലാത്തവിധം തികച്ചും രഹസ്യമായാണ് പഞ്ചാബ് മാനേജ്മെന്റ് ഈ നീക്കം പൂർത്തിയാക്കിയത്.
ഈ ട്രേഡ് വിൻഡോയിലെ ഏറ്റവും വലിയ അട്ടിമറിയിലൂടെ ഹാർദിക് പാണ്ഡ്യയെ അവർ തങ്ങളുടെ പാളയത്തിൽ എത്തിച്ചിരിക്കുന്നു. ഐപിഎൽ ട്രേഡ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്വിസ്റ്റുകളിൽ ഒന്നായാണ് ഈ കൂടുമാറ്റം വിലയിരുത്തപ്പെടുന്നത്.
വമ്പൻ ടീമുകൾ താരത്തിനായി രംഗത്തുണ്ടായിരുന്നപ്പോഴാണ് പഞ്ചാബ് കിംഗ്സ് ഈ മാസ്റ്റർസ്ട്രോക്ക് പുറത്തെടുത്തിരിക്കുന്നത്.
ഹാർദിക്കിനെപ്പോലെ ഒരു മാച്ച് വിന്നറെ ടീമിലെത്തിച്ചതിലൂടെ വരാനിരിക്കുന്ന സീസണിൽ തങ്ങളുടെ ലക്ഷ്യം കിരീടം മാത്രമാണെന്ന് ഫ്രാഞ്ചൈസി വ്യക്തമാക്കി കഴിഞ്ഞു.
മാസങ്ങൾ നീണ്ട ചർച്ചകൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ടുകൊണ്ട്, ഐപിഎല്ലിൽ എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം എന്ന് ഈ അപ്രതീക്ഷിത നീക്കം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.
ഹർദിക്കിന്റെ ആദ്യ പ്രതികരണം
2027 ഐ.പി.എല്ലിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് വിട്ട് പഞ്ചാബ് കിങ്സിൽ ചേർന്ന ഹർദിക് പാണ്ഡ്യയുടെ ഔദ്യോഗിക പ്രതികരണമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടുന്നത്.
ടീം മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഒരു പ്രത്യേക പോസ്റ്റ് പങ്കുവെക്കുകയുണ്ടായി.
‘എന്റെ ക്യാപ്റ്റൻ ശ്രേയസ്, എന്റെ പരിശീലകൻ റിക്കി, എന്റെ ടീം പഞ്ചാബ്, ഞാൻ നിങ്ങളുടെ പുറകിലുണ്ട്’ എന്ന ആത്മവിശ്വാസം തുളുമ്പുന്ന ക്യാപ്ഷനോടെ പഞ്ചാബിന്റെ പുതിയ ജേഴ്സി ധരിച്ചുകൊണ്ടുള്ള ചിത്രമാണ് ഹർദിക് പങ്കുവെച്ചത്.
ഈ ട്രേഡിന് മുന്നോടിയായി പഞ്ചാബിന്റെ ക്യാപ്റ്റൻ സ്ഥാനം ഹർദിക് ആവശ്യപ്പെട്ടുവെന്ന രീതിയിൽ ചില അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻ സ്ഥാനം ഹർദിക് തട്ടിയെടുക്കാൻ നോക്കുന്നുവെന്ന തരത്തിലുള്ള വാർത്തകൾക്കും തന്റെ ഈ ആദ്യ പ്രതികരണത്തിലൂടെ താരം പൂർണ്ണമായും വിരാമമിട്ടിരിക്കുകയാണ്.
ശ്രേയസിനെ ക്യാപ്റ്റനായി പൂർണ്ണമായി അംഗീകരിച്ചുകൊണ്ടാണ് ഹർദിക്കിന്റെ വരവ്.
വമ്പൻ സ്വാപ്പ് ഡീൽ
ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിനെ മുംബൈ ഇന്ത്യൻസിന് കൈമാറിയാണ് പഞ്ചാബ് കിങ്സ് ഹർദിക്കിനെ സ്വന്തമാക്കിയത്. ഈ കിടിലൻ നീക്കം പഞ്ചാബിന്റെ ടീം കോമ്പിനേഷന് വലിയ കരുത്ത് പകർന്നു നൽകും.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങാൻ സാധിക്കുന്ന ഹർദിക്കിന്റെ സാന്നിധ്യം ശ്രേയസ് അയ്യർക്കും സംഘത്തിനും നൽകുന്ന ആത്മശ്വാസം ചെറുതല്ല.
ഐപിഎൽ ചരിത്രത്തിൽ 2015ൽ അരങ്ങേറിയ ഹർദിക് ഇതുവരെ കളിച്ച 162 മത്സരങ്ങളിൽ നിന്നും 2955 റൺസ് നേടിയിട്ടുണ്ട്.
ഇതിൽ 10 അർധസെഞ്ച്വറികളും ഉൾപ്പെടുന്നു. ബൗളിങ്ങിൽ 82 വിക്കറ്റുകളും ഒരു അഞ്ച് വിക്കറ്റ് നേട്ടവും താരത്തിന്റെ പേരിലുണ്ട്.
ക്യാപ്റ്റൻസി അനുഭവസമ്പത്ത്
ഐപിഎൽ ക്യാപ്റ്റൻസിയിലും തന്റേതായ മുദ്ര പതിപ്പിച്ച താരമാണ് ഹർദിക്. ഗുജറാത്ത് ടൈറ്റൻസിനെ നയിച്ച ആദ്യ സീസണിൽ തന്നെ ടീമിനെ ചാമ്പ്യൻമാരാക്കാൻ അദ്ദേഹത്തിന് സാധിച്ചു.
രണ്ടാം സീസണിലും ഗുജറാത്തിനെ ഫൈനലിൽ എത്തിക്കാൻ ഹർദിക്കിനായി. പിന്നീട് മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങിയെങ്കിലും അവിടെ പ്രതീക്ഷിച്ചൊത്ത പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല.
എന്നാൽ പഞ്ചാബ് കിങ്സിലേക്ക് എത്തിയതോടെ, നായകന്റെ അമിതഭാരമില്ലാതെ ഒരു പ്ലെയർ എന്ന നിലയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മികച്ച പ്രകടനം കാഴ്ചവെക്കാൻ ഹർദിക്കിന് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
മുംബൈക്കൊപ്പം പലതവണ കിരീടം ചൂടിയിട്ടുള്ള ഹർദിക്, ഇത്തവണ പഞ്ചാബിനെ അവരുടെ ആദ്യ ഐപിഎൽ കിരീടത്തിലേക്ക് നയിക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.


