മലയാള സിനിമയില്‍ വ്യത്യസ്ത കാലഘട്ടങ്ങളില്‍ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ പ്രത്യേക ഇടം നേടിയ പ്രതിഭയാണ് വിനീത്.
ഇന്നും പ്രേക്ഷകര്‍ സ്നേഹത്തോടെ ഓര്‍ക്കുന്ന ‘കാബൂളിവാല’യിലെ മുന്നയും, വെറുപ്പോടെ മാത്രം കാണുന്ന ‘മഴവില്ലി’ലെ വിജയകൃഷ്ണനും വിനീതിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളാണ്.
തന്റെ കരിയറിലെ അത്തരം മനോഹരമായ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് താരം. റെഡ് എഫ്.എമ്മിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.
കണ്ണുനിറയിക്കുന്ന ‘കാബൂളിവാല’ ഓര്‍മ്മകള്‍
മലയാള സിനിമയില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് കാബൂളിവാലയിലെ മുന്നയെന്ന് വിനീത് പറയുന്നു. ആ സിനിമയുടെ ചിത്രീകരണകാലം വലിയൊരു ആഘോഷമായിരുന്നുവെന്നും താരം ഓര്‍ക്കുന്നു.
“കാബൂളിവാലയിലെ മുന്ന എന്റെ ഓള്‍ടൈം ഫേവറൈറ്റ് കഥാപാത്രമാണ്. സിനിമയായാലും ഷൂട്ടിങ് പ്രോസസ് ആയാലും ഭയങ്കര സെലിബ്രേഷനായിരുന്നു, വലിയ ജോളിയായിരുന്നു അത്.
ക്യാപ്റ്റന്‍ രാജു ചേട്ടന്, സോമേട്ടന്, വിദ്യാമ്മ, ജഗതിചേട്ടന്, ഇന്നസെന്റേട്ടന് എന്നിവര്‍ക്കൊപ്പമുള്ള നല്ല കുറേ സീനുകളുണ്ട്. ഇപ്പോഴും ആ സിനിമ കാണുമ്പോള്‍ എന്റെ കണ്ണുനിറയും,” വിനീത് പറയുന്നു.
1994-ല്‍ സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘കാബൂളിവാല’യില്‍ മുന്ന എന്ന കഥാപാത്രത്തെയാണ് വിനീത് അവിസ്മരണീയമാക്കിയത്.
ഇന്നസെന്റും ജഗതി ശ്രീകുമാറും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തില്‍ ക്യാപ്റ്റന്‍ രാജു, എം.ജി. സോമന്, ശ്രീവിദ്യ എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
‘മഴവില്ലി’ലെ നെഗറ്റീവ് കഥാപാത്രവും ജനങ്ങളുടെ ദേഷ്യവും
മഴവില്ലിലെ വിജയകൃഷ്ണന് തനിക്ക് ലഭിച്ച ഏറ്റവും വെല്ലുവിളി നിറഞ്ഞ വ്യത്യസ്തമായ കഥാപാത്രങ്ങളിലൊന്നാണെന്ന് വിനീത് വ്യക്തമാക്കി. ആ കഥാപാത്രത്തോട് ഇന്നും പ്രേക്ഷകര്‍ക്ക് ദേഷ്യമുണ്ടെന്നതാണ് ആ ചിത്രത്തിന്റെ വിജയമെന്ന് അദ്ദേഹം കാണുന്നു.
“മഴവില്ലിലെ വിജയകൃഷ്ണന് നല്ല നെഗറ്റീവ് ഷേഡുള്ള ക്യാരക്ടര്‍ തന്നെയായിരുന്നു. ഇന്നും ആളുകള്‍ക്ക് എന്നോട് വെറുപ്പാണ് ആ കഥാപാത്രത്തിന്റെ പേരില്‍. അന്ന് തന്നെ കൊല്ലാനുള്ള ദേഷ്യം വന്നെന്ന് ഇന്നും ചിലര്‍ പറയും. അത് ആ സിനിമയുടെ വിജയത്തെയാണ് കാണിക്കുന്നത്,” താരം കൂട്ടിച്ചേര്‍ത്തു.
1999-ല്‍ ദിനേശ് ബാബു സംവിധാനം ചെയ്ത ‘മഴവില്ലി’ല്‍ കുഞ്ചാക്കോ ബോബനും പ്രീതി ഝംഗിയാനിക്കുമൊപ്പമാണ് വിനീത് പ്രധാന വേഷത്തിലെത്തിയത്.
‘വടക്കുംനാഥന്’ പാട്ടും വിനീതിന്റെ വിഗ് വിശേഷങ്ങളും
മെഗാഹിറ്റ് ചിത്രമായ ‘വടക്കുംനാഥനി’ലെ ഒരു ഗാനരംഗത്തിനുവേണ്ടി മാത്രമാണ് തന്നെ വിളിച്ചതെന്നും, ചിത്രത്തില്‍ രണ്ടോ മൂന്നോ സീനുകള്‍ കൂടിയേ ഉണ്ടായിരുന്നുള്ളൂ എന്നും വിനീത് ഓര്‍ക്കുന്നു.
രവീന്ദ്രന് മാഷിന്റെ സംഗീതത്തില്‍ പിറന്ന ആ ഗാനവും അതിന്റെ ചിത്രീകരണവുമാണ് ആ സിനിമയുമായി ബന്ധപ്പെട്ട തന്റെ ഏറ്റവും വലിയ സന്തോഷം.
ഷൂട്ടിംഗിനിടയില്‍ തനിക്ക് നേരിടേണ്ടിവന്ന രസകരമായ ഒരു വെല്ലുവിളിയെക്കുറിച്ചും താരം സംസാരിച്ചു. വടക്കുംനാഥന്റെ ഷെഡ്യൂള്‍ ബ്രേക്കായ സമയത്ത് മറ്റൊരു തമിഴ് സിനിമയ്ക്കായി മുടി നീട്ടി വളര്‍ത്തിയിരുന്നു.
എന്നാല്‍ വടക്കുംനാഥനിലെ പാട്ടിന്റെ തുടക്കത്തില്‍ ഷോര്‍ട്ട് ഹെയര്‍ ആയിരുന്നു വേണ്ടത്. തുടര്‍ന്ന് വിഗ് ഉപയോഗിച്ചാണ് ആ ഗാനത്തിന്റെ ബാക്കി ഭാഗം ചിത്രീകരിച്ചതെന്നും, സിനിമ ശ്രദ്ധിച്ചാല്‍ ആ വ്യത്യാസം മനസ്സിലാകുമെന്നും വിനീത് ചിരിയോടെ പറഞ്ഞു.


