ചെന്നൈ: ഐപിഎൽ 2027 ലേലത്തിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്കെ) നടത്തുന്ന താരക്കൈമാറ്റങ്ങളെക്കുറിച്ച് രസകരമായ പരാമർശവുമായി മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി സിഎസ്കെ ക്യാമ്പിൽ വലിയ രീതിയിലുള്ള ‘നന്ദി പറയൽ’ (Thanksgiving) ചടങ്ങുകളാണ് നടക്കുന്നതെന്നാണ് റായിഡുവിന്റെ പരിഹാസം.
അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ്, ഖലീൽ അഹമ്മദ്, നഥാൻ എല്ലിസ് എന്നിവരെ സൺറൈസേഴ്സ് ഹൈദരാബാദിന് (SRH) നൽകി പകരം ലിയാം ലിവിംഗ്സ്റ്റൺ, ജാക്ക് എഡ്വേർഡ്സ് എന്നിവരെ സ്വന്തമാക്കിയ പശ്ചാത്തലത്തിലാണ് റായിഡുവിന്റെ ഈ പ്രസ്താവന.
ശിവം ദുബെയ്ക്കായി തന്ത്രപരമായ മാറ്റങ്ങൾ
ശിവം ദുബെയെ ബാറ്റിംഗ് നിരയിൽ കൂടുതൽ മുകളിലേക്ക് ഉയർത്തുന്നതിനായാണ് സിഎസ്കെ ലിയാം ലിവിംഗ്സ്റ്റണെ ഫിനിഷറുടെ റോളിൽ ടീമിലെത്തിച്ചതെന്ന് 41 കാരനായ റായിഡു അഭിപ്രായപ്പെട്ടു.
കഴിഞ്ഞ സീസണിൽ ഫിനിഷറുടെ റോളിൽ തിളങ്ങാൻ ശിവം ദുബെയ്ക്ക് സാധിച്ചിരുന്നില്ലെന്നും, ഈ പോരായ്മ പരിഹരിക്കാനാണ് മാനേജ്മെന്റിന്റെ ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രിക്ക്ബസിൽ സംസാരിക്കവെ റായിഡു പറഞ്ഞത് ഇങ്ങനെ:
“കഴിഞ്ഞ ആറ് മാസമായി സിഎസ്കെയ്ക്ക് വേണ്ടി ധാരാളം നന്ദി പ്രകടനങ്ങൾ നടക്കുന്നുണ്ട്. ഡ്യൂബിനെ (ശിവം ദുബെ) കൂടുതൽ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ അവർ ആഗ്രഹിക്കുന്നുവെന്ന് എനിക്ക് മനസ്സിലാകും.
കഴിഞ്ഞ സീസണിൽ ഫിനിഷറുടെ റോളിൽ അദ്ദേഹം വിചാരിച്ച പോലെ തിളങ്ങിയിരുന്നില്ല. കൂടാതെ, കഴിഞ്ഞ വർഷം പതീരാനയ്ക്ക് പകരം എല്ലിസിനെ കൊണ്ടുവന്നെങ്കിലും ടീമിനൊപ്പം അധികനാൾ തുടരാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.”
ഓൾറൗണ്ടർമാരില് ശ്രദ്ധയൂന്നി സിഎസ്കെ
വരാനിരിക്കുന്ന ഐപിഎൽ 2027 സീസണിന് മുന്നോടിയായി ഓൾറൗണ്ടർമാരെ ടീമിൽ ഉൾപ്പെടുത്താനാണ് സിഎസ്കെ പ്രധാനമായും ശ്രമിക്കുന്നതെന്നും റായിഡു കൂട്ടിച്ചേർത്തു.
“അവർക്ക് മികച്ചൊരു ഫിനിഷറെ ആവശ്യമുണ്ട്. അവിടെയാണ് അവർ ലിവിംഗ്സ്റ്റണിനെ ആശ്രയിക്കുന്നത്. അകീൽ ഹൊസൈനൊപ്പം ഓവർട്ടണെയും ജാക്ക് എഡ്വേർഡ്ഡിനെയും അവർ 7, 8 സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യാൻ എത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വർഷമായി സിഎസ്കെയ്ക്ക് കാര്യങ്ങൾ അത്ര അനുകൂലമല്ലാത്ത ആ ലോവർ മിഡിൽ ഓർഡർ ശക്തമാക്കാനാണ് അവർ ഈ ഓൾറൗണ്ടർമാരെ ലക്ഷ്യമിടുന്നത്,” റായിഡു വ്യക്തമാക്കി.
കഴിഞ്ഞ ഐപിഎൽ 2026 പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിംഗ്സ് ഫിനിഷ് ചെയ്തത്.
തുടർച്ചയായ മൂന്നാം തവണയും പ്ലേഓഫിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ട സിഎസ്കെ, വരുന്ന സീസണിൽ ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്.


