ഇന്ത്യൻ താരം ഗുർണൂർ ബ്രാറിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം മുരളി കാർത്തിക്. ബ്രാറിന്റെ ആക്രമണ മനോഭാവം മികച്ചതാണെന്നാണ് മുരളി കാർത്തിക് പറഞ്ഞത്. പരിശീലകൻ ഗൗതം ഗംഭീറിന് ഇതുകൊണ്ടാണ് ബ്രാറിനെ ഇഷ്ടമെന്നും മുരളി കാർത്തിക് വ്യക്തമാക്കി.
”ഗുർണൂർ ബ്രാറിന്റെ ഈ ആക്രമണ മനോഭാവം കാണുമ്പോൾ സന്തോഷം തോന്നുന്നു. ടീമിന് ഇത്തരമൊരു താരത്തെയാണ് ആവശ്യം. ഗൗതം ഗംഭീറിന് അദ്ദേഹത്തെ ഇഷ്ടമാവാനുള്ള ഒരു കാരണവും അതാണ്. അദ്ദേഹം നല്ല വേഗത്തിൽ പന്തെറിയുകയും ബാറ്റർമാരെ ലക്ഷ്യം വെച്ചുകൊണ്ട് പന്തുകൾ എറിയുകയും ചെയ്യുന്നു. ഇന്ന് അദ്ദേഹം എത്ര ബാറ്റർമാരെയാണ് പുറത്താക്കിയതെന്ന് നമുക്ക് കാണാം. കുൽദീപ് യാദവ്, മുഹമ്മദ് സിറാജ് പോലുള്ള പരിചയസമ്പന്നരായ താരങ്ങൾ ടീമിൽ ഉള്ളപ്പോൾ ഇന്ത്യക്ക് ഇത് വലിയ പ്രതീക്ഷ നൽകുന്ന കാര്യമാണ്” മുരളി കാർത്തിക് ക്രിക്ബസിലൂടെ പറഞ്ഞു.
ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം എകദിനത്തിൽ ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റുകൾ നേടിയാണ് ഗുർനൂർ ബ്രാർ തിളങ്ങിയത്.
10 ഓവറിൽ രണ്ട് മെയ്ഡൻ അടക്കം 30 റൺസ് വിട്ടുനൽകിയാണ് താരം നാല് വിക്കറ്റുകൾ സ്വന്തമാക്കിയത്. ഏകദിനത്തിൽ ന്യൂസിലാൻഡിൽ കിവികൾക്കെതിരെയുള്ള ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച മൂന്നാമത്തെ ബൗളിംഗ് പ്രകടനമാണ് ഇത്. 2019ൽ 39 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ നേടിയ കുൽദീപ് യാദവിനെയാണ് ബ്രാർ മറികടന്നത്.

ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ഇന്ത്യ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 4 റൺസിനാണ് വിജയിച്ചത്. മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് 134 റൺസിന് പുറത്തായി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്സിനിടെ വീണ്ടും മഴ പെയ്തതോടെ മത്സരം 26 ഓവറിൽ 110 റൺസ് വിജയലക്ഷ്യമാക്കുകയും ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു.
നിലവിൽ 5 മത്സരങ്ങളുടെ പരമ്പരയിൽ 2-0ത്തിന് മുന്നിലാണ് ഇന്ത്യ. നവംബർ 10നാണ് പരമ്പരയിലെ മൂന്നാം മത്സരം.


