ഇന്നത്തെ കാലത്ത് ആരോഗ്യ സംരക്ഷണത്തിനായി വൈറ്റമിനുകളും മിനറലുകളും ഉൾപ്പെടെയുള്ള ഡയറ്ററി സപ്ലിമെന്റുകളെ ആശ്രയിക്കുന്നവരുടെ എണ്ണം വൻതോതിൽ വർധിച്ചിട്ടുണ്ട്. എന്നാൽ, സ്വന്തം ശരീരത്തിന് ഇവ ആവശ്യമുണ്ടോയെന്ന് മനസിലാക്കാതെ സപ്ലിമെന്റുകൾ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാം.
ശരിയായ അളവ് തിരഞ്ഞെടുക്കുന്നത് മുതൽ കഴിക്കുന്ന മരുന്നുകളുമായുള്ള പ്രതിപ്രവർത്തനങ്ങൾ പരിശോധിക്കുന്നതുവരെ നിരവധി കാര്യങ്ങൾ സപ്ലിമെന്റുകൾ ദിനചര്യയുടെ ഭാഗമാക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ടതുണ്ട്.
മുംബൈ സെൻട്രലിലെ വോക്ക്ഹാർഡ് ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റായ ഡോ. ഋതുജ ഉഗൾമുഗ്ലെ, ഡയറ്ററി സപ്ലിമെന്റുകൾ കഴിച്ചു തുടങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നു:
- ശരീരത്തിന് ശരിക്കും സപ്ലിമെന്റിന്റെ ആവശ്യമുണ്ടോയെന്ന് തിരിച്ചറിയുക
സപ്ലിമെന്റുകൾ എന്നത് മുൻകരുതൽ എന്ന നിലയിൽ വെറുതെ കഴിക്കേണ്ട ഒന്നല്ല; മറിച്ച് ശരീരത്തിലെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഒരാളുടെ ആഹാരരീതി, ജീവിതശൈലി, പ്രായം, ആരോഗ്യസ്ഥിതി എന്നിവയെ ആശ്രയിച്ചാണ് സപ്ലിമെന്റുകളുടെ ആവശ്യം നിശ്ചയിക്കപ്പെടുന്നത്.
“പ്രത്യേക തരം ഭക്ഷണക്രമങ്ങൾ പിന്തുടരുന്നവർ, പോഷകങ്ങൾ ആഗിരണം ചെയ്യാൻ ശരീരത്തിന് പ്രയാസമുള്ളവർ, അല്ലെങ്കിൽ പരിശോധനയിലൂടെ പോഷകക്കുറവ് കണ്ടെത്തിയവർ എന്നിവർക്ക് സപ്ലിമെന്റുകൾ ആവശ്യമായി വന്നേക്കാം,” ഡോ. ഋതുജ വ്യക്തമാക്കി.
ശരീരത്തിൽ വൈറ്റമിൻ ബി12, വൈറ്റമിൻ ഡി, അല്ലെങ്കിൽ ഇരുമ്പിന്റെ അളവ് കുറവാണോ എന്ന് കൃത്യമായി അറിയാൻ ഡോക്ടറുടെ നിർദേശപ്രകാരം രക്തപരിശോധന നടത്താവുന്നതാണ്.സപ്ലിമെന്റ് ആവശ്യമാണോയെന്നും ഏത് അളവിലാണ് കഴിക്കേണ്ടതെന്നും നിർണയിക്കാൻ ഇത് സഹായിക്കും.
സോഷ്യൽ മീഡിയയിലെ പരസ്യങ്ങളോ സുഹൃത്തുക്കളുടെ ഉപദേശങ്ങളോ കേട്ട് സ്വയം സപ്ലിമെന്റുകൾ വാങ്ങി കഴിക്കുന്നതിനെതിരെയും അവർ മുന്നറിയിപ്പ് നൽകി.
- കൃത്യമായ ഡോസേജും സുരക്ഷിതത്വവും ഉറപ്പാക്കുക
ഏതൊരു സപ്ലിമെന്റും കഴിക്കുമ്പോൾ അത് ഡോക്ടർ നിർദേശിച്ച അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. വൈറ്റമിനുകളും മിനറലുകളും ശരീരത്തിന് അത്യാവശ്യമാണെങ്കിലും, അമിതമായ അളവിൽ ഉള്ളിലെത്തുന്നത് പാർശ്വഫലങ്ങൾക്ക് ഇടയാക്കും.
പ്രത്യേകിച്ച് വൈറ്റമിൻ എ, ഡി, ഇ, കെ തുടങ്ങിയ കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിനുകൾ ശരീരത്തിൽ അമിതമായി അടിഞ്ഞുകൂടുന്നത് വിഷാംശമായി മാറാൻ സാധ്യതയുണ്ട്.
- ഘടകങ്ങളും മറ്റ് മരുന്നുകളുമായുള്ള പ്രതിപ്രവർത്തനങ്ങളും പരിശോധിക്കുക
ഒരു സപ്ലിമെന്റ് വാങ്ങുന്നതിന് മുൻപ് അതിന്റെ ലേബൽ ശ്രദ്ധാപൂർവ്വം വായിക്കുക. അതിലടങ്ങിയിരിക്കുന്ന ഓരോ ഘടകങ്ങളുടെയും അളവ്, ദിവസേന കഴിക്കേണ്ട അളവ്, സെർവിങ് സൈസ് എന്നിവ വ്യക്തമായി പരിശോധിക്കണം.
കൂടാതെ, നിങ്ങൾ നിലവിൽ കഴിക്കുന്ന മറ്റ് സപ്ലിമെന്റുകളിൽ ഇതേ വൈറ്റമിനുകളോ മിനറലുകളോ അടങ്ങിയിട്ടുണ്ടോയെന്നും ഉറപ്പുവരുത്തുക.
പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം, അല്ലെങ്കിൽ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ കഴിക്കുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കാരണം, ചില സപ്ലിമെന്റുകൾ ഈ മരുന്നുകളുടെ പ്രവർത്തനത്തെ ബാധിക്കാൻ സാധ്യതയുണ്ട്.
“നിങ്ങൾ നിലവിൽ കഴിക്കുന്ന എല്ലാ മരുന്നുകളെക്കുറിച്ചും സപ്ലിമെന്റുകളെക്കുറിച്ചും ഡോക്ടറോട് വ്യക്തമായി സംസാരിക്കുക,” അവർ കൂട്ടിച്ചേർത്തു.
(ശ്രദ്ധിക്കുക: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല.)


