ലഹോർ: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ നായകൻ ബാബർ അസമിന്റെ ആരാധകർക്കെതിരെ പൊട്ടിത്തെറിച്ച് പാക് യുവതാരം അസം ഖാൻ. ബാബറിന് സെഞ്ചറി നഷ്ടമാകുമെന്ന ഭയത്തിൽ തന്റെ കുടുംബത്തെപ്പോലും ക്രൂരമായി ശപിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ അയച്ചുവെന്ന് അസം ഖാൻ വെളിപ്പെടുത്തി.
ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് താരം ആരാധകരുടെ ക്രൂരമായ (Toxic) പെരുമാറ്റത്തിനെതിരെ രംഗത്തെത്തിയത്.
ബാബർ അസമുമായി തനിക്ക് വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ലെന്നും എന്നാൽ താരത്തിന്റെ ചില ആരാധകർ വിവരമില്ലാത്തവരായി പെരുമാറുന്നുവെന്നും അസം ഖാൻ കുറ്റപ്പെടുത്തി.
അസം ഖാൻ പറഞ്ഞത്:
“സമൂഹമാധ്യമങ്ങളിൽ നിന്ന് വളരെ ക്രൂരമായ സന്ദേശങ്ങളാണ് എനിക്ക് ലഭിക്കാറുള്ളത്. അയർലൻഡിനെതിരെയുള്ള ഒരു മത്സരത്തിൽ ഞാൻ ബാബറിനൊപ്പം ക്രീസിലാണ്. അദ്ദേഹം 75 റൺസോളം എടുത്ത് നിൽക്കുമ്പോൾ പാക്കിസ്ഥാന് ജയിക്കാൻ 40 റൺസ് കൂടി വേണം.
ആ സമയത്ത് എന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ വന്ന ഒരു കമന്റ് ഇങ്ങനെയായിരുന്നു: ‘ബാബറിന്റെ സെഞ്ചറി നീ തടഞ്ഞാൽ, എന്റെ അമ്മ മരിക്കുമെന്നും അച്ഛന് കാൻസർ വരുമെന്നും’ അവർ ശപിച്ചു! പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് ലഭിക്കുന്നത് ഇത്തരത്തിലുള്ള വിവരമില്ലാത്ത ആരാധകരെയാണ്.”
ബാബർ അസമിന്റെ ബാറ്റിംഗിനെയോ പ്രകടനങ്ങളെയോ താൻ എതിർക്കുന്നില്ലെന്നും എന്നാൽ അദ്ദേഹത്തിന്റെ ചില ആരാധകരുടെ ഇത്തരം പ്രവൃത്തികൾ അങ്ങേയറ്റം ക്രൂരമാണെന്നും അസം ഖാൻ കൂട്ടിച്ചേർത്തു.
പാക്കിസ്ഥാന്റെ മുൻ വിക്കറ്റ് കീപ്പറും ഇതിഹാസ താരവുമായ മൊയീൻ ഖാന്റെ മകനാണ് 28 കാരനായ അസം ഖാൻ. പാക്കിസ്ഥാനുവേണ്ടി 14 ടി20 മത്സരങ്ങളിൽ കളിച്ചിട്ടുള്ള താരം, 2024-ലെ ടി20 ലോകകപ്പിലും ടീമിന്റെ ഭാഗമായിരുന്നു.
എന്നാൽ യുഎസിനെതിരായ ലോകകപ്പ് മത്സരത്തിലെ തോൽവിക്കുശേഷം അസം ഖാന് ദേശീയ ടീമിൽ പിന്നീട് അവസരങ്ങൾ ലഭിച്ചിരുന്നില്ല.


