മുഹമ്മദ് ഷമിയുടെ ടെസ്റ്റിൽ നിന്നുള്ള വിരമിക്കലിൽ നിരാശ പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി. ഷമിക്ക് ഇനിയും 30-40 വിക്കറ്റുകൾ നേടാൻ സാധിക്കുമെന്നും രവി ശാസ്ത്രി വ്യക്തമാക്കി.
“രാജ്യത്തിനായി ഇത്രയും മികച്ച പ്രകടനം നടത്തിയ ഒരാൾക്ക് ടീമിൽ നിന്നും പുറത്തുപോവേണ്ടി വരുന്നത് സങ്കടകരമാണ്. അദ്ദേഹത്തിന് ഇനിയും 30-40 വിക്കറ്റുകൾ കൂടി നേടാൻ സാധിക്കുമായിരുന്നെന്ന് ഞാൻ കരുതിയിരുന്നു. കഴിഞ്ഞ 12 മാസത്തിനിടെ അദ്ദേഹം കളിക്കേണ്ടതായിരുന്നു. കുറഞ്ഞത് ഒരു ടെസ്റ്റ് ബൗളർ ആയെങ്കിലും അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താമായിരുന്നു” രവി ശാസ്ത്രി സോണി സ്പോർട്സിലൂടെ പറഞ്ഞു.

2013ൽ ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഷമി 64 മത്സരങ്ങളിൽ നിന്നും 229 വിക്കറ്റുകളാണ് വീഴ്ത്തിയത്. വിദേശ ടെസ്റ്റുകളിലെ ഇന്ത്യയുടെ വിജയത്തിൽ നിർണായകമായ പങ്കുവഹിച്ച താരമാണ് ഷമി. ഇന്ത്യക്ക് വേണ്ടി രണ്ട് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പുകളിൽ താരം കളിച്ചിട്ടുണ്ട്. 2023ലാണ് ടെസ്റ്റിൽ ഷമി അവസാനമായി ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങിയത്.


