മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) അടുത്ത സീസണിലും ‘ഇംപാക്ട് പ്ലെയർ’ നിയമം തുടരുമെന്ന് സൂചന.
നിയമത്തിനെതിരെ വലിയ തോതിൽ വിമർശനങ്ങളും എതിർപ്പുകളും ഉയരുന്നുണ്ടെങ്കിലും, ഭൂരിഭാഗം ഫ്രാഞ്ചൈസികളുടെയും ആവശ്യപ്രകാരം വരുന്ന സീസണിലും ഈ നിയമം നിലനിർത്താൻ ബിസിസിഐ ഒരുങ്ങുന്നു.
ഐപിഎല്ലിൽ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച നിയമമാണ് ഇംപാക്ട് പ്ലെയർ. 2023-ൽ നിലവിൽ വന്ന ഈ നിയമം അനുസരിച്ച്, മത്സരത്തിനിടയിൽ പ്ലേയിംഗ് ഇലവനിലെ ഒരു താരത്തിന് പകരം മറ്റൊരു കളിക്കാരനെ ടീമിൽ ഉൾപ്പെടുത്താൻ സാധിക്കും.
കളിയുടെ ഗതിക്കും ആവശ്യത്തിനും അനുസരിച്ച് ടീമുകൾക്ക് ബാറ്ററെയോ ബൗളറെയോ അധികമായി കളിപ്പിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. രോഹിത് ശർണായും എം.എസ്. ധോണിയും അടക്കമുള്ള പ്രമുഖർ മുൻ സീസണുകളിൽ ഈ നിയമത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയിരുന്നു.
റണ്ണൊഴുക്ക് വർധിച്ചു; വിമർശനങ്ങളും ശക്തം
ഇംപാക്ട് പ്ലെയർ നിയമം നടപ്പിലായതോടെ ഐപിഎല്ലിൽ കൂറ്റൻ സ്കോറുകൾ പിറക്കുന്നത് പതിവായി. നിയമം വരുന്നതിന് മുൻപ് ടൂർണമെന്റിന്റെ ചരിത്രത്തിൽ ആകെ 133 തവണ മാത്രമാണ് ടീം സ്കോർ 200 കടന്നിട്ടുള്ളതെങ്കിൽ, 2023-ന് ശേഷം മാത്രം 195 തവണയാണ് ടീമുകൾ 200 റൺസ് പിന്നിട്ടത്.
എന്നിരുന്നാലും, ഈ നിയമം ആധുനിക ക്രിക്കറ്റിൽ ഓൾറൗണ്ടർമാരുടെ സാധ്യതകളും പ്രാധാന്യവും കുറയ്ക്കുന്നു എന്ന പ്രധാന വിമർശനവും ശക്തമാണ്.
രോഹിത് ശർമ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ, ശുഭ്മൻ ഗിൽ തുടങ്ങി നിരവധി മുൻനിര താരങ്ങൾ ഇംപാക്ട് പ്ലെയർ നിയമത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ബിസിസിഐ ടീം ഫ്രാഞ്ചൈസികളുടെ ഔദ്യോഗിക അഭിപ്രായം തേടിയത്. അടുത്ത സീസണിനായുള്ള മിനി താരലേലത്തിന്റെ പദ്ധതികൾ ഇതിനോടകം തയ്യാറാക്കിയ സാഹചര്യത്തിൽ, അവസാന നിമിഷം നിയമത്തിൽ മാറ്റം വരുത്തരുതെന്നാണ് പ്രമുഖ ഫ്രാഞ്ചൈസികൾ ആവശ്യപ്പെട്ടത്.
ഈ നിലപാടിനെ തുടർന്നാണ് വരുന്ന സീസണിലും ഇംപാക്ട് പ്ലെയർ നിയമം തുടരാൻ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.
താരക്കൈമാറ്റത്തിനൊരുങ്ങി രാജസ്ഥാൻ റോയൽസും ലഖ്നൗ സൂപ്പർ ജയന്റ്സും
വരാനിരിക്കുന്ന ഐപിഎൽ സീസണിന് മുന്നോടിയായി വൻ മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ലഖ്നൗ സൂപ്പർ ജയന്റ്സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള താരക്കൈമാറ്റ ചർച്ചകൾ അന്തിമഘട്ടത്തിലാണ്.
കഴിഞ്ഞ സീസണിൽ ലഖ്നൗവിനായി മികച്ച പ്രകടനം പുറത്തെടുത്ത ഒരു പ്രമുഖ ഫാസ്റ്റ് ബൗളറെ സ്വന്തമാക്കാനാണ് രാജസ്ഥാൻ റോയൽസ് ലക്ഷ്യമിടുന്നത്.
പകരം ലഖ്നൗവിന്റെ നിരയിലേക്ക് രാജസ്ഥാന്റെ മികച്ച ഒരു ബാറ്ററെയും ഓൾറൗണ്ടറെയും നൽകാനാണ് ധാരണ.
കൂടാതെ, ലഖ്നൗവിന്റെ ഒരു സ്പിന്നറും ഈ താരക്കൈമാറ്റത്തിന്റെ ഭാഗമായേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഈമാസം പതിനേഴിന് മുൻപ് ടീമുകൾ താരക്കൈമാറ്റം ഔദ്യോഗികമായി പൂർത്തിയാക്കേണ്ടതുണ്ട്.
കൂടാതെ, ലഖ്നൗവിന്റെ ഒരു സ്പിന്നറും ഈ താരക്കൈമാറ്റത്തിന്റെ ഭാഗമായേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഈമാസം പതിനേഴിന് മുൻപ് ടീമുകൾ താരക്കൈമാറ്റം ഔദ്യോഗികമായി പൂർത്തിയാക്കേണ്ടതുണ്ട്.


