ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയിലെ പോസിറ്റീവായ കാര്യങ്ങൾ എന്താണെന്ന് വിശദീകരിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. നമൻ ധീറിന്റെയും നിതീഷ് കുമാർ റെഡ്ഢിയുടെയും പ്രകടനങ്ങളെയാണ് ഇർഫാൻ പത്താൻ എടുത്തുപറഞ്ഞത്.
”എനിക്ക് ഏറ്റവും പോസിറ്റീവായ കാര്യങ്ങൾ ഒന്നാമത് നമൻ ധീറിന്റെ ബാറ്റിംഗും അദ്ദേഹം കാണിച്ച ആത്മവിശ്വാസവും ശാന്തതയുമാണ്. വരും മത്സരങ്ങളിൽ നമൻ ധീറിന് കൂടുതൽ അവസരങ്ങൾ ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതിനൊപ്പം അദ്ദേഹത്തിന്റെ ബൗളിംഗും ടീമിന് ഉപയോഗപ്പെടുത്താം. പന്ത് കൊണ്ടും മികച്ച പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് കഴിവുണ്ട്. ഈ പരമ്പരയിൽ ടീമിന് ലഭിച്ച വലിയൊരു നേട്ടമാണ് നമൻ ധീർ.
രണ്ടാമതായി നിതീഷ് കുമാർ റെഡ്ഢിയുടെ ബൗളിംഗ് അദ്ദേഹത്തിന് നൽകിയ അവസരങ്ങളും വലിയ പോസിറ്റീവാണ്. അവസാന ഓവർ ഉൾപ്പെടുത്തി പലപ്പോഴും അദ്ദേഹത്തിന് പന്തെറിയാൻ അവസരം ലഭിച്ചു. കൃത്യമായ ഇടവേളകയിൽ വിക്കറ്റുകൾ വീഴ്ത്താനും അദ്ദേഹത്തിന് സാധിച്ചു.
അതുകൊണ്ട് ഇന്ത്യക്ക് അദ്ദേഹത്തിന്റെ ബൗളിംഗ് വലിയ നേട്ടമാണ്. ഭാവിയിൽ അദ്ദേഹത്തെ മികച്ച ഓൾ റൗണ്ടറായി വളർത്തിയെടുക്കണം. അതിനുള്ള അവസരങ്ങൾ ഇപ്പോൾ തന്നെ ലഭിക്കുന്നത് വളരെ നല്ല കാര്യമാണ്” ഇർഫാൻ പത്താൻ തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.
അവസാന ടി-20യിൽ ഇന്ത്യക്കെതിരെ ന്യൂസിലാൻഡ് 7 വിക്കറ്റിനാണ് ജയിച്ചത്. ന്യൂസിലാൻഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് നേടിയത്.
മറുപടി ബാറ്റിംഗിൽ കിവീസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ട് പരമ്പര നേരത്തെ സ്വന്തമാക്കിയ ഇന്ത്യക്കെതിരെ അവസാന രണ്ട് മത്സരത്തിൽ കിവികളുടെ വമ്പൻ പോരാട്ടമാണ് കണ്ടത്.
ടിം സൈഫർട്ട്, ഗ്ലെൻ ഫിലിപ്സ് എന്നിവരുടെ കരുത്തിലാണ് ന്യൂസിലാൻഡ് വിജയിച്ചത്. 50 പന്തിൽ നിന്നും 93 റൺസാണ് സൈഫർട്ട് നേടിയത്. ഫിലിപ്സ് 38 പന്തിൽ പുറത്താവാതെ 65 റൺസും നേടി വിജയത്തിൽ നിർണായകമായി.
ഇഷാൻ കിഷനും ക്യാപ്റ്റൻ ശ്രേയസ് അയ്യരും ഇന്ത്യക്കായി അർദ്ധ സെഞ്ച്വറി നേടി തിളങ്ങി. 32 പന്തിൽ 5 വീതം ഫോറുകളും സിക്സുകളും അടക്കം 63 റൺസാണ് താരം നേടിയത്.
അയ്യർ 23 പന്തിൽ നിന്നും 50 റൺസും സ്വന്തമാക്കി. 3 ഫോറുകളും 4 സിക്സുമാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്. മത്സരത്തിൽ നമൻ ധീർ 23 പന്തിൽ 33 റൺസും തീഷ് കുമാർ റെഡ്ഢി 17 പന്തിൽ 22 സ്വന്തമാക്കിയപ്പോൾ ഇന്ത്യ മാന്യമായ ടോട്ടലിലേക്ക് നീങ്ങി. ന്യൂസിലാൻഡിന് വേണ്ടി ആദം മിൽനെ നാല് വിക്കറ്റും നഥാൻ സ്മിത്ത്, ബ്ലെയർ ടെക്ലർ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി.


