റിയാദ്: പ്രായം വെറും അക്കം മാത്രമെന്ന് ഒരിക്കൽ കൂടി തെളിയിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രോ ലീഗിൽ അൽ ഖുലൂദിനെതിരെ ഇന്നലെ നടന്ന ആവേശപ്പോരിൽ രണ്ടാം പകുതിയിൽ 15 മിനിറ്റുകൊണ്ട് പെർഫെക്റ്റ് ഹാട്രിക് നേടി പോർച്ചുഗീസ് ഇതിഹാസം ചരിത്രമെഴുതി.
ഇതോടെ കരിയറിലെ 11-ാം പെർഫെക്റ്റ് ഹാട്രിക് സ്വന്തമാക്കി റെക്കോർഡ് ബുക്കിൽ തന്റെ പേര് വീണ്ടും അടിവരയിട്ടു.
അൽ അവ്വൽ പാർക്കിൽ നടന്ന മത്സരത്തിൽ അൽ നസർ 5-3ന് അൽ ഖുലൂദിനെ തകർത്തു. ആദ്യ പകുതി 2-2ന് സമനിലയിൽ പിരിഞ്ഞപ്പോൾ രണ്ടാം പകുതി പൂർണമായും റൊണാൾഡോ ഷോ ആയിരുന്നു.
66-ാം മിനിറ്റിൽ ജാവോ ഫെലിക്സിന്റെ പാസിൽ നിന്ന് വലതുകാൽ കൊണ്ട് ആദ്യ ഗോൾ. 72-ാം മിനിറ്റിൽ വീണ്ടും ഫെലിക്സിന്റെ ക്രോസിന് തലവെച്ച് രണ്ടാം ഗോൾ.
81-ാം മിനിറ്റിൽ സാദിയോ മാനെയുടെ അസിസ്റ്റിൽ ഇടതുകാൽ കൊണ്ട് ഹാട്രിക് പൂർത്തിയാക്കി. വലതുകാൽ, ഇടതുകാൽ, തല – ഇതാണ് പെർഫെക്റ്റ് ഹാട്രിക്കിന്റെ ഭംഗി.
എന്താണ് പെർഫെക്റ്റ് ഹാട്രിക്?
ഒരു മത്സരത്തിൽ തന്നെ ഒരു താരം ഇടതുകാൽ കൊണ്ട് ഒരു ഗോളും, വലതുകാൽ കൊണ്ട് ഒരു ഗോളും, ഹെഡറിലൂടെ ഒരു ഗോളും നേടുന്നതിനെയാണ് ഫുട്ബോളിൽ പെർഫെക്റ്റ് ഹാട്രിക് എന്ന് വിളിക്കുന്നത്.
ഫുട്ബോളിൽ ഏറ്റവും അപൂർവമായ നേട്ടങ്ങളിൽ ഒന്നാണിത്.
കണക്കുകളിൽ രാജാവ് റൊണാൾഡോ
ഈ പെർഫെക്റ്റ് ഹാട്രിക്കോടെ ഫുട്ബോൾ ചരിത്രത്തിലെ കണക്കുകളിൽ റൊണാൾഡോ ബഹുദൂരം മുന്നിലായി.
ഈ ഹാട്രിക് റൊണാൾഡോയുടെ കരിയറിലെ 67-ാം ഹാട്രിക്കും 11-ാം പെർഫെക്റ്റ് ഹാട്രിക്കുമാണ്. ലിസ്റ്റിൽ മറ്റ് താരങ്ങൾ ഏറെ പിന്നിലാണ്.
റൊണാൾഡോ – 11
ലെവൻഡോവ്സ്കി – 5
ബെൻസെമ – 4
ഇബ്രാഹിമോവിച്ച് – 3
1000 ഗോളിന് വെറും 15 ഗോൾ മാത്രം!
ഈ മൂന്ന് ഗോളോടെ റൊണാൾഡോയുടെ കരിയർ ഗോൾ നേട്ടം 985 ആയി. ചരിത്രത്തിലെ ആദ്യ 1000 ഗോൾ എന്ന നാഴികക്കല്ലിൽ നിന്ന് ഇനി വെറും 15 ഗോൾ അകലെ മാത്രമാണ് 41-കാരനായ സൂപ്പർ താരം.
ഇന്നലത്തെ ജയത്തോടെ അൽ നസർ പോയിന്റ് പട്ടികയിൽ 28 പോയിന്റുമായി ഒന്നാമതുള്ള അൽ ഖദ്സിയയ്ക്ക് ഒപ്പമെത്തി.


