കോഴിക്കോട്: അക്ഷയക്കും കുടുംബത്തിനും ഇനി ഭയപ്പെടാതെ അന്തിയുറങ്ങാം. വീട് നിര്‍മിച്ചു നല്‍കാമെന്ന് ബോബി ചെമ്മണ്ണൂര്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ശംസുദ്ധീനെ അറിയിച്ചു. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സ്വര്‍ണം നേടിയ അക്ഷയയുടെ വീട് എന്ന സ്വപ്നത്തെ കുറിച്ച് ചന്ദ്രിക ഒന്നാം പേജില്‍ തന്നെ വാര്‍ത്ത നല്‍കിയിരുന്നു.
ആരോ കനിഞ്ഞു നല്കിയ പറമ്പില്‍ ഓല കൊണ്ടും പ്ലാസ്റ്റിക് ഷീറ്റുകൊണ്ടും കെട്ടിയുണ്ടാക്കിയ താത്കാലിക കൂരയിലാണ് അക്ഷയയും കുടുംബവും താമസിക്കുന്നത്. ഈ ദുരവസ്ഥ വാര്‍ത്ത ആയതോടെ വിദ്യാഭ്യാസ മന്ത്രി എന്‍ ശംസുദ്ധീന്‍ പരിഹാരം ഉണ്ടാവുമെന്ന് ഉറപ്പു നല്കി. മണിക്കൂറിനുള്ളില്‍ തന്നെ വീട് എന്ന ആ വലിയ സ്വപ്നത്തിനു പരിഹാരമായിരിക്കുകയാണ്.
കേവലം ഒരു മെഡല്‍ എന്നതിനപ്പുറം പാമ്പിനെയും പഴുതാരകളെയും പേടിക്കാതെ കിടന്നുറങ്ങാന്‍ വീട് എന്ന വലിയ സ്വപ്നം കണ്ടാണ് അക്ഷയ മത്സരിക്കാനെത്തിയത്. പാലക്കാട് ആര്.പി.എം.എച്ച്.എസ്.എസ് പനങ്ങാട്ടിരിയിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയാണ് അക്ഷയ. രോഗികളായ അമ്മയും സഹോദരങ്ങങ്ങളും അച്ഛനും അടങ്ങുന്ന കുടുംബം പരാതീനതകളോട് പടവെട്ടിയാണ് ജീവിക്കുന്നത്. ഡ്രൈവറായ അച്ഛന്റെ തുച്ഛമായ വരുമാനം മാത്രമാണ് ആശ്രയം. വീട് എന്നോതൊക്കെ സ്വപ്നത്തിനും അപ്പുറമായിരുന്നു. അതിനാണ് പരിഹാരം ആവുന്നത്.
മെഡല്‍ നേട്ടത്തിന് പിന്നാലെ പലര്‍ക്കും വീട് ലഭിച്ച വാര്‍ത്തകളായിരുന്നു അക്ഷയക്ക് മത്സരത്തിറങ്ങാനുള്ള പ്രചോദനം. കുടുംബത്തിന്റെ മൊത്തം സ്വപ്ന സാക്ഷത്കാരത്തിനുള്ള ഏക വഴി. അതിനായുള്ള കഠിനാധ്വനം. 3000 മീറ്ററില്‍ സ്വര്‍ണം, ഇപ്പോള്‍ വീടും.

സര്‍ക്കാറോ അല്ലെങ്കില്‍ മാറ്റാരെങ്കിലുമൊക്കെ സഹായിക്കാന്‍ എത്തും എന്ന പ്രതീക്ഷയില്‍ തന്നെയാണ് മത്സരിക്കാനെത്തിയത്. ഇത് അവസാന അവസരമായിരുന്നു. അവസാന സ്കൂള്‍ മീറ്റ്. കഴിഞ്ഞ തവണ വീട് നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തെങ്കിലും പാലിക്കപ്പെട്ടില്ല. എന്നാല്‍ ഇത്തവണ അക്ഷയക്കും കുടുംബത്തിനും നിരാശരാവേണ്ടി വന്നില്ല. വീട് ഒരുങ്ങുകയാണ്. അക്ഷയക്കൊപ്പം ആ വാര്‍ത്ത കണ്ട് സങ്കടപ്പെട്ട എല്ലാവരും ഹാപ്പി.


