ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഈ വിജയത്തിന് പരിശീലകൻ ഗൗതം ഗംഭീറും ക്യാപ്റ്റൻ ശ്രേയസ് അയ്യരും അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ടെന്നാണ് കൈഫ് പറഞ്ഞത്.
”ഇന്ത്യൻ ബാറ്റർമാരെ ഞാൻ അഭിനന്ദിക്കുന്നു. ഈ പരമ്പര അത്ര എളുപ്പമായിരുന്നില്ല. എന്നിട്ടും ഇന്ത്യൻ ബാറ്റർമാർ മികച്ച പ്രകടനമാണ് നടത്തിയത്. അയർലാൻഡിലും സിംബാബ്വെയിലും പോലും അവർ ഇത്ര മികച്ച രീതിയിൽ കളിച്ചിട്ടില്ല. എന്നാൽ ഇവിടെ അവർ പൂർണ ആധിപത്യം പുലർത്തി. ഇത് വലിയ നേട്ടമാണ്.
ന്യൂസിലാൻഡിനെതിരെയുള്ള വിജയത്തിന് പരിശീലകൻ ഗൗതം ഗംഭീർ അഭിനന്ദനം അർഹിക്കുന്നുണ്ട്. ക്യാപ്റ്റൻ ശ്രേയസ് അയ്യരിനു നന്ദി. തിരക്കേറിയ ഷെഡ്യൂളിനിടയിലും അവർ മികച്ച അനോഭാവം നിലനിർത്തുകയും മത്സരത്തിൽ ആധിപത്യം പുലർത്തുകയും ചെയ്തു” കൈഫ് തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.
5 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ട് ശ്രേയസ് അയ്യരും സംഘവും പരമ്പര സ്വന്തമാക്കി. മൂന്നാം മത്സരത്തിൽ 6 വിക്കറ്റുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ന്യൂസിലാൻഡ് ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം വെറും 13.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു.
ആദ്യ പന്തുമുതൽ ആഞ്ഞടിച്ച സ്റ്റാർ ഓപ്പണർ അഭിഷേക് ശർമയുടെ അവിശ്വസനീയ സെഞ്ചുറി മികവിലാണ് ഇന്ത്യ വിജയിച്ചത്.
വെറും 15 പന്തിൽ നിന്ന് അർധ സെഞ്ചുറിയും 35 പന്തിൽ നിന്ന് കരിയറിലെ അതിവേഗ സെഞ്ചുറിയും തികച്ച അഭിഷേക് ശർമയാണ് ഇന്ത്യൻ വിജയത്തിന് തറക്കല്ലിട്ടത്
38 പന്തുകൾ നേരിട്ട അഭിഷേക് 11 സിക്സറുകളും 9 ഫോറുമടക്കം 113 റൺസെടുത്ത് തകർപ്പൻ ഇന്നിങ്സിനൊടുവിലാണ് പുറത്തായത്.
ഓപ്പണിങ് വിക്കറ്റിൽ അഭിഷേകിന് വീര്യമേറിയ പിന്തുണ നൽകിയ കൗമാര താരം വൈഭവ് സൂര്യവംശി വെറും 19 പന്തിൽ നിന്ന് 4 സിക്സും 4 ഫോറുമടക്കം 45 റൺസ് വാരിക്കൂട്ടി.
ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ വെറും 43 പന്തിൽ നിന്ന് 133 റൺസിന്റെ അവിശ്വസനീയ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.


