രഞ്ജി ട്രോഫിയിൽ ചരിത്ര നേട്ടം സ്വന്തമാക്കി മുംബൈ താരം മുഷീർ ഖാൻ. ഹരിയാനിക്കെതിരെയുള്ള മത്സരത്തിൽ സെഞ്ച്വറിയും 5 വിക്കറ്റും നേടിയാണ് താരം റെക്കോർഡിട്ടത്.
ഒന്നാം ഇന്നിംഗ്സിൽ 180 പന്തിൽ 109 റൺസാണ് മുഷീർ ഖാൻ അടിച്ചെടുത്തത്. ബൗളിംഗിൽ 6 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. രഞ്ജിയിൽ മുംബൈക്ക് വേണ്ടി ഒരു മത്സരത്തിൽ സെഞ്ച്വറിയും ഫൈഫറും നേടുന്ന ഈ നൂറ്റാണ്ടിലെ ആദ്യ താരമാണ് മുഷീർ ഖാൻ.
മുൻ ഇന്ത്യൻ താരം രവി ശാസ്ത്രിയാണ് അവസാനമായി ഈ നേട്ടം സ്വന്തമാക്കിയ മുംബൈ താരം. 1990-91 സീസണിലാണ് ശാസ്ത്രിയുടെ നേട്ടം.
ആദ്യ ഇന്നിംഗ്സിൽ മുംബൈ 430 റൺസിനാണ് പുറത്തായത്. മുഷീറിന്റെ സെഞ്ച്വറിക്കൊപ്പം അംകൃഷ് രഖുവംശിയും സെഞ്ച്വറി നേടി തിളങ്ങി. 180 പന്തിൽ നിന്നും 114 റൺസാണ് താരം നേടിയത്. 13 ഫോറുകളും ഒരു സിക്സും അടങ്ങുന്നതാണ് ഇന്നിംഗ്സ്.
ഒന്നാം ഇന്നിംഗ്സിൽ ഹരിയാന 270 റൺസിന് ഓൾ ഔട്ടായി. സെഞ്ച്വറി നേടി പുറത്താവാതെ നിന്ന നിഷാന്ത് സിന്ധുവാണ് ടീമിന്റെ ടോപ് സ്കോറർ. 251 പന്തിൽ 105 റൺസാണ് താരം നേടിയത്. എട്ട് ഫോറുകളും ഒരു സിക്സും അടങ്ങുന്നതാണ് ഇന്നിംഗ്സ്.


