സിംബാബ്വെ വനിതാ ടീമിനെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ ജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. മുൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെയും ഓൾറൗണ്ടർ ദീപ്തി ശർമ്മയുടെയും വെടിക്കെട്ട് സെഞ്ച്വറികളുടെ മികവിൽ 121 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ചെറിയ തിരിച്ചടികൾ നേരിട്ടിരുന്നു. ആദ്യ പവർപ്ലേയിൽ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും, പിന്നീട് ക്രീസിൽ നിലയുറപ്പിച്ച പ്രതീക റാവലും (61) ഹർമൻപ്രീത് കൗറും ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുത്തു.
മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് വിലപ്പെട്ട കൂട്ടുകെട്ട് പടുത്തുയർത്തിയത് ഇന്ത്യയ്ക്ക് മധ്യ ഓവറുകളിൽ കരുത്തായി.
തുടർന്ന് ക്രീസിലെത്തിയ ദീപ്തി ശർമ്മയും ഹർമൻപ്രീത് കൗറും ചേർന്ന് സിംബാബ്വെ ബൗളിംഗ് നിരയെ അക്ഷരാർത്ഥത്തിൽ പ്രഹരിക്കുകയായിരുന്നു. ഇരുവരും ചേർന്നുള്ള റെക്കോർഡ് കൂട്ടുകെട്ട് ഇന്ത്യൻ സ്കോർ ബോർഡ് ചലിപ്പിക്കുകയായിരുന്നു.
ഹർമനും ദീപ്തിയും സെഞ്ച്വറി നേടിയാണ് തിളങ്ങിയത്. നേരിട്ട 121 പന്തുകളിൽ നിന്ന് 15 ബൗണ്ടറികൾ ഉൾപ്പെടെ 126 റൺസ് നേടിയാണ് ഹർമൻപ്രീത് കൗർ മടങ്ങിയത്.
ഏകദിനത്തിൽ ഇന്ത്യക്ക് വേണ്ടി സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ നാലാമത്തെ താരമായും ഹർമൻ മാറി. 37 വയസും 231 ദിവസവും പ്രായമുള്ളപ്പോഴാണ് മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ നേട്ടം. മുൻ ഇന്ത്യൻ താരം മോഹിന്ദർ അമർനാഥിനെയാണ് ഹർമൻ മറികടന്നത്. 1988ൽ 37 വയസും 185 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു അമർനാഥ് വിൻഡീസിനെതിരെ സെഞ്ച്വറി നേടിയത്.
രോഹിത് ശർമ്മ (39 വയസും 153 ദിവസവും), സച്ചിൻ ടെണ്ടുൽക്കർ (38 വയസും 327 ദിവസവും), സുനിൽ ഗവാസ്കർ (38 വയസും 113 ദിവസവും), വിരാട് കോലി (37 വയസും 326 ദിവസവും) എന്നിവരാണ് ഹർമാന്റെ മുന്നിലുള്ളത്.
ഇതോടെ വനിതാ ഏകദിനത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ നാലാമത്തെ താരവും ഹർമൻപ്രീത് ആണ്. 26 വർഷം പഴക്കമുള്ള ന്യൂസിലാൻഡ് താരത്തിന്റെ റെക്കോർഡാണ് ഹർമൻ തകർത്തത്.

2000ത്തിൽ ദെബോരഹ് ഹോക്ലെ 37 വയസും 91 ദിവസവും പ്രായമുള്ളപ്പോഴാണ് സെഞ്ച്വറി നേടിയത്.
അതേസമയം മത്സരത്തിൽ ദീപ്തി ശർമ്മ വെറും 86 പന്തുകളിൽ നിന്ന് 15 ബൗണ്ടറികൾ സഹിതം 106 റൺസുമായി പുറത്താകാതെ നിന്നു. പ്രതീക റാവലിന്റെ അർദ്ധസെഞ്ച്വറിയുടെ (61) കൂടി കരുത്തിൽ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 328 എന്ന വലിയ സ്കോറാണ് ഇന്ത്യ പടുത്തുയർത്തിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്വെ വനിതകൾ മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും, ഇന്ത്യൻ ബൗളർമാരുടെ കൃത്യതയാർന്ന ആക്രമണത്തിന് മുന്നിൽ പതറിപ്പോയി.
മോഡസ്റ്റർ മുപചിക്വ (49), ചിപ്പോ മുഗേരി തിരിപാനോ (46), ബിലവ്ഡ് ബിസ (34) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച് പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ല.
ഇന്നിംഗ്സിന്റെ അവസാന ഘട്ടങ്ങളിൽ ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യൻ ബൗളർമാർ സിംബാബ്വെയുടെ ചെറുത്തുനിൽപ്പുകൾ ഓരോന്നായി അവസാനിപ്പിച്ചു. ഒടുവിൽ 48.5 ഓവറിൽ 207 റൺസിന് സിംബാബ്വെ ഓൾ ഔട്ടാവുകയായിരുന്നു.


