രാവിലെ തന്നെ ഒരു ചൂടു കാപ്പി മലയാളികളുടെ ശീലങ്ങളിൽ ഒന്നാണ്. എന്നാൽ ഈ കാപ്പികുടി ശീലം നമ്മുക്ക് വെല്ല പ്രശ്നങ്ങളും വരുത്തിവെയ്ക്കുമോ എന്ന ചോദ്യം അവിടെ നിലനിൽക്കുന്നുണ്ട്.
അങ്ങനെ ഒന്നാണ് പുതിയൊരു കുഞ്ഞിനായുള്ള തയ്യാറെടുപ്പിലാണോ നിങ്ങൾ? എങ്കിൽ ദിവസേനയുള്ള കാപ്പി കുടി നിങ്ങളുടെ പ്രത്യുൽപാദന ശേഷിയെ ബാധിക്കുമോ എന്ന സംശയം സ്വാഭാവികമാണ്.
കാപ്പിക്ക് പുറമെ ചായ, കോള, എനർജി ഡ്രിങ്കുകൾ, ചില ഔഷധങ്ങൾ എന്നിവയിലെല്ലാം കഫീൻ അടങ്ങിയിട്ടുണ്ട്.
രാവിലെ ഉണർവ് ലഭിക്കാനോ ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാനോ മിക്കവരും ആശ്രയിക്കുന്നത് കാപ്പിയെയാണ്.
എന്നാൽ ഗർഭധാരണത്തിന് തയ്യാറെടുക്കുന്നവർ ദിവസേന മൂന്ന് കപ്പ് കാപ്പി കുടിക്കുന്നത് കുഞ്ഞുണ്ടാകാനുള്ള സാധ്യതയെ ബാധിക്കുമോ?
കാപ്പിയും പ്രത്യുൽപാദന ശേഷിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്ന കാര്യങ്ങൾ ഇതാ.
ഗവേഷണങ്ങൾ എന്ത് പറയുന്നു?
കഫീനും വന്ധ്യതയും തമ്മിലുള്ള ബന്ധം എത്രത്തോളമുണ്ടെന്ന് പൂർണ്ണമായി വ്യക്തമല്ല.
2017-ൽ നടത്തിയ ഒരു പഠനമനുസരിച്ച്, സ്ത്രീകൾ സ്വാഭാവികമായോ ഫെർട്ടിലിറ്റി ചികിത്സയിലൂടെയോ ഗർഭം ധരിക്കാൻ എടുത്ത സമയവും കഫീൻ ഉപഭോഗവും തമ്മിൽ ബന്ധമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ, ഉയർന്ന അളവിലുള്ള കഫീൻ ഉപഭോഗം ഗർഭം അലസാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് അതേ പഠനം ചൂണ്ടിക്കാണിക്കുന്നുണ്ട്.
അതായത്, പ്രതിദിനം 300 മില്ലിഗ്രാം മുതൽ 600 മില്ലിഗ്രാം വരെ കഫീൻ കഴിക്കുന്നത് ഗർഭം അലസാനുള്ള സാധ്യത വർദ്ധിപ്പിക്കും.
2020-ൽ നടത്തിയ മറ്റൊരു പഠനത്തിലും കഫീൻ ഉപഭോഗവും വന്ധ്യതയും തമ്മിൽ വലിയ ബന്ധമില്ലെന്നാണ് കണ്ടെത്തിയത്.
മിതമായ അളവിലുള്ള കഫീൻ ഉപഭോഗം അണ്ഡത്തിന്റെ ഗുണനിലവാരത്തെയോ പുരുഷന്മാരിലെ ബീജത്തിന്റെ ആരോഗ്യത്തെയോ ബാധിക്കുന്നതായി കണ്ടെത്തിയിട്ടില്ല.
അമേരിക്കൻ സൊസൈറ്റി ഫോർ റീപ്രൊഡക്ടീവ് മെഡിസിൻ പറയുന്നത് മിതമായ കഫീൻ ഉപഭോഗം പ്രത്യുൽപാദന ശേഷിക്ക് കാര്യമായ അപകടസാധ്യത ഉണ്ടാക്കുന്നില്ല എന്നാണ്.
ഐ.വി.എഫ് (IVF) ചികിത്സ തേടുന്ന ദമ്പതികൾ കഫീൻ ഉപഭോഗത്തെക്കുറിച്ച് തങ്ങളുടെ ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റുമായി സംസാരിക്കുന്നതാണ് ഏറ്റവും നല്ലത്.
എത്ര കഫീൻ ആണ് കൂടുതൽ?
കഴിക്കുന്ന കപ്പുകളുടെ എണ്ണത്തേക്കാൾ പ്രധാനമാണ് ഓരോ കപ്പിലെയും കഫീന്റെ അളവ്. സാധാരണയായി ഒരു കപ്പ് കാപ്പിയിൽ ഏകദേശം 100 മില്ലിഗ്രാം കഫീൻ അടങ്ങിയിട്ടുണ്ട്.
എന്നാൽ ഇത് കാപ്പിയുടെ ബ്രാൻഡിനെയും തയ്യാറാക്കുന്ന രീതിയെയും ആശ്രയിച്ച് വ്യത്യാസപ്പെടാം.
യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ശുപാർശ പ്രകാരം, ഗർഭിണികൾ ദിവസേന കഴിക്കുന്ന കഫീന്റെ അളവ് 200 മില്ലിഗ്രാമിൽ താഴെയായിരിക്കണം. ലോകാരോഗ്യ സംഘടനയാകട്ടെ ഇത് 300 മില്ലിഗ്രാം വരെയാകാമെന്ന് നിർദ്ദേശിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദിവസേന മൂന്ന് കപ്പ് കാപ്പി കുടിക്കുന്നത് കൊണ്ടുമാത്രം നിങ്ങൾക്ക് വന്ധ്യതയുണ്ടാകണമെന്നില്ല. എങ്കിലും, ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന കഫീന്റെ അളവ് കൃത്യമായി നിരീക്ഷിക്കാൻ ഇത് സഹായിക്കും.
സാധാരണ അളവിലുള്ള കഫീൻ ഉപഭോഗം വന്ധ്യതയ്ക്ക് കാരണമാകില്ലെങ്കിലും, അമിതമായി കഫീൻ ഉപയോഗിക്കുന്നത് ഗർഭധാരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും ഗർഭം അലസലിനും കാരണമായേക്കാമെന്ന് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
ഭയം കാരണം പെട്ടെന്ന് കാപ്പി കുടി പൂർണ്ണമായി നിർത്തുന്നതിന് പകരം, കുഞ്ഞുങ്ങളെ ആസൂത്രണം ചെയ്യുന്ന ദമ്പതികൾ ഒരു ഫെർട്ടിലിറ്റി വിദഗ്ദ്ധന്റെ ഉപദേശപ്രകാരം കഫീൻ ഉപഭോഗം നിയന്ത്രിച്ചുകൊണ്ട് ആരോഗ്യപരമായ തീരുമാനമെടുക്കുകയാണ് വേണ്ടത്.
(വിവരങ്ങൾക്ക് കടപ്പാട്: ഡോ. രഞ്ജീവ് സിംഗ്, ഫെർട്ടിലിറ്റി എക്സ്പേർട്ട്, ഇന്ദിര ഐവിഎഫ് ഹോസ്പിറ്റൽ ലിമിറ്റഡ്)


