ആരോഗ്യത്തിന് ഏറെ നല്ലതായ വാഴപ്പഴം കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. എന്നാൽ ഒന്നിച്ച് വാങ്ങി വെക്കുന്ന പഴങ്ങൾ പെട്ടെന്ന് പഴുത്ത് കറുത്തു പോകുകയോ ചീഞ്ഞുപോകുകയോ ചെയ്യുന്നത് പതിവ് കാഴ്ചയാണ്.
ഇത് വീട്ടമ്മമാർക്ക് വലിയൊരു തലവേദനയാകാറുണ്ട്. ഫ്രിഡ്ജിൽ വെച്ചാലും പുറത്തു വെച്ചാലും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തൊലി കറുത്ത് ഉപയോഗശൂന്യമായി മാറുന്ന വാഴപ്പഴം ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ ചില ലളിതമായ വഴികൾ നോക്കാം.
വാഴപ്പഴം വേഗത്തിൽ പഴുക്കാൻ കാരണമാകുന്ന ‘എഥിലീൻ’ (Ethylene) വാതകത്തിന്റെ ഉത്പാദനം തടയാൻ സഹായിക്കുന്ന ചില ലളിതമായ പൊടിക്കൈകളിലൂടെ ഇവയുടെ ആയുസ്സ് നീട്ടിഎടുക്കാം.
കറുത്തുപോകാതെയും വാടിപ്പോകാതെയും വാഴപ്പഴം എങ്ങനെ ഏറെക്കാലം ഫ്രഷായി സൂക്ഷിക്കാമെന്ന് താഴെ പറയുന്ന കാര്യങ്ങളിലൂടെ മനസ്സിലാക്കാം.
വാഴപ്പഴം ഫ്രഷായി സൂക്ഷിക്കാനുള്ള എളുപ്പവഴികൾ:
തണ്ട് പൊതിഞ്ഞുവെക്കാം:
വാഴപ്പഴത്തിന്റെ തണ്ട് ഭാഗം പ്ലാസ്റ്റിക് റാപ്പിലോ അലുമിനിയം ഫോയിലിലോ മുദ്രവെച്ച് പൊതിയുന്നത് വളരെ ഫലപ്രദമാണ്. പഴം വേഗത്തിൽ പഴുക്കാൻ കാരണമാകുന്ന എഥിലീൻ വാതകം പുറത്തുവരുന്നത് തടയാൻ ഇത് സഹായിക്കും.
ശരിയായ താപനില തിരഞ്ഞെടുക്കാം:
വാഴപ്പഴം ഉഷ്ണമേഖലാ പഴമായതിനാൽ അതിന് വളരെ കുറഞ്ഞ താപനില അനുയോജ്യമല്ല. അതിനാൽ ഫ്രിഡ്ജിൽ വെക്കുന്നതിന് പകരം നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത, വായുസഞ്ചാരമുള്ള ഇടങ്ങളിൽ സൂക്ഷിക്കുന്നതാണ് നല്ലത്.
മറ്റ് പഴങ്ങൾക്കൊപ്പം വെക്കരുത്:
തക്കാളി, ആപ്പിൾ, പീച്ച് തുടങ്ങി എഥിലീൻ വാതകം പുറത്തുവിടുന്ന മറ്റ് പഴങ്ങളുടെയും പച്ചക്കറികളുടെയോ ഒപ്പം വാഴപ്പഴം വെക്കരുത്. ഇത് വാഴപ്പഴം പെട്ടെന്ന് പഴുത്തു കറുക്കാൻ ഇടയാക്കും.
ഫ്രീസ് ചെയ്തും ഉപയോഗിക്കാം:
വാഴപ്പഴം തൊലി കളഞ്ഞ് ഫ്രീസ് ചെയ്തും ഉപയോഗിക്കാവുന്നതാണ്. സ്മൂത്തി, മിൽക്ക് ഷേക്ക് എന്നിവ തയ്യാറാക്കാൻ ഈ ഫ്രോസൺ പഴങ്ങൾ മികച്ചതാണ്.
ഈ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വാഴപ്പഴം ദിവസങ്ങളോളം പുതുമയോടെയും കേടുകൂടാതെയും സൂക്ഷിക്കാൻ സാധിക്കും.


