ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി-20 പരമ്പരയിലെ അവസാന മത്സരം മഴമൂലം വൈകുന്നു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിലാണ് തുടക്കത്തിൽ തന്നെ മഴ വില്ലനായി എത്തിയിരിക്കുന്നത്. മഴമൂലം മത്സരത്തിന്റെ ടോസും വൈകുകയാണ്.
നിലവിൽ പരമ്പരയിൽ ഇരു ടീമുകളും 2-2 എന്ന നിലയിൽ ഒപ്പത്തിനൊപ്പമാണ്. ഇന്ന് വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാൻ സാധിക്കും. ഒരു ഫൈനൽ പോരാട്ടത്തിന്റെ ആവേശം നിലനിൽക്കുന്ന ബെംഗളുരുവിൽ രസം കൊല്ലിയായി മഴയെത്തിയത് ആരാധകർക്കും നിരാശ സമ്മാനിച്ചിരിക്കുകയാണ്.
2019ന് ശേഷം ഇന്ത്യ സ്വന്തം മണ്ണിൽ ഇതുവരെ ഒരു ടീമിന്റെ മുന്നിലും ടി-20 പരമ്പരയിൽ പരാജയം നേരിട്ടില്ല. അതുകൊണ്ടുതന്നെ എന്തുവിലകൊടുത്തും ഈ മത്സരം വിജയിക്കാനാവും ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും മുന്നിലുള്ള ലക്ഷ്യം. മറുഭാഗത്ത് ഏകദിന പരമ്പര കൈവിട്ട കരീബിയൻ പട ടി-20 പരമ്പര സ്വന്തമാക്കി നാട്ടിലേക്ക് മടങ്ങാനാവും ലക്ഷ്യം വെക്കുക
ബൗളിംഗാണ് ഇന്ത്യക്ക് വലിയ തലവേദന. ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ അഭാവം പകൽ പോലെ വ്യക്തമാവുന്നു. പരുക്കേറ്റ അർഷദീപ് സിംഗിന് പകരം ഇന്ന് വിൻഡിസിനെതിരെ ഇന്ത്യക്കായി പുതിയ പന്തെടുക്കുക ഭുവനേശ്വർ കുമാറായിരിക്കും.
2026 ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി നടത്തിയ തകർപ്പൻ പ്രകടനമാണ് ഭുവനേശ്വർ കുമാറിന്റെ മുന്നിൽ വീണ്ടും ഇന്ത്യൻ ടീമിന്റെ വാതിൽ തുറക്കപ്പെട്ടത്. 2022ലായിരുന്നു താരം അവസാനമായി ഇന്ത്യക്കായി കളിച്ചിരുന്നത്.


