കളിക്കളത്തിൽ പല ബൗളർമാരുടെയും പേടിസ്വപ്നമാണ് സൗത്ത് ആഫ്രിക്കൻ വെടിക്കെട്ട് വെടിക്കെട്ട് ബാറ്റർ എ.ബി ഡിവില്ലിയേഴ്സ്. എന്നാൽ താൻ നേരിടാൻ വെല്ലുവിളി നേരിട്ട ബൗളർമാർ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ഡിവില്ലിയേഴ്സ്.
ഷൊയ്ബ് അക്തർ, ജസ്പ്രീത് ബുംറ, ലസിത് മലിംഗ എന്നിവരെക്കുറിച്ചാണ് സൗത്ത് ആഫ്രിക്കൻ ഇതിഹാസം സംസാരിച്ചത്.
‘എന്റെ കരിയറിന്റെ വ്യത്യസ്ത ഘട്ടങ്ങളിലാണ് ഇവർ ഓരോരുത്തരും വന്നത്. ആദ്യം നേരിട്ടത് ഷൊയ്ബ് അക്തറിനെയാണ്. അദ്ദേഹം അതിശയിപ്പിക്കുന്ന വേഗത്തിൽ പന്തെറിയുമായിരുന്നു. വേഗത്തിന്റെ കാര്യത്തിൽ ബുംറയെ അദ്ദേഹവുമായി താരതമ്യം ചെയ്യാൻ സാധിക്കില്ല. അക്കാര്യത്തിൽ ഷൊയ്ബ് തന്നെയാണ് മികച്ചത്. മലിംഗക്ക് വേറിട്ട കഴിവുകൾ ഉണ്ടായിരുന്നു.
എന്നാൽ അപ്പോഴേക്കും ഞാൻ കൂടുതൽ അനുഭവ സമ്പത്ത് നേടുകയും എന്റെ ബാറ്റിംഗ് ടെക്നിക്കിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് മലിംഗയെ നേരിടുന്നത് വലിയ വെല്ലുവിളിയായിരുന്നില്ല.
ബുംറയെ ഞാൻ നേരിട്ടത് എന്റെ കരിയറിന്റെ അവസാന കാലഘട്ടത്താണ്. അപ്പോഴേക്കും എന്റെ ശാരീരിക മികവ് അല്പം കുറഞ്ഞിരുന്നു. എങ്കിലും ഞങ്ങൾ തമ്മിൽ മികച്ച പോരാട്ടങ്ങൾ നടന്നിട്ടുണ്ട്. മൂവരും വ്യത്യസ്ത തലമുറയിൽപ്പെട്ട ബൗളർമാരാണ്. എന്നാൽ ഏറ്റവും സ്ഥിരതയോടെ മികച്ച പ്രകടനം കാഴ്ചവെച്ചത് ബുംറയാണ്. അദ്ദേഹം അധികം പിഴവുകൾ വരുത്തിയിരുന്നില്ല’ എ.ബി ഡിവില്ലിയേഴ്സ് പ്രഖാർ ഗുപ്തയുടെ പോഡ്കാസ്റ്റിൽ പറഞ്ഞു.


