കൃത്യമായി മരുന്നുകൾ കഴിക്കുകയും ഉപ്പിന്റെ ഉപയോഗം കുറയ്ക്കുകയും ചെയ്തിട്ടും നിങ്ങളുടെ രക്തസമ്മർദ്ദം (Blood Pressure) പലപ്പോഴും വിചാരിച്ചതുപോലെ നിയന്ത്രണവിധേയമാകുന്നില്ലേ?
എങ്കിൽ പ്രശ്നം മരുന്നിന്റേതാകണമെന്നില്ല, മറിച്ച് നിങ്ങൾ കഴിക്കുന്ന ഭക്ഷണരീതിയുടേതാകാം.
ചില ദൈനംദിന ഭക്ഷണങ്ങളും പാനീയങ്ങളും, അവ എത്രത്തോളം പോഷകഗുണമുള്ളതാണെങ്കിലും, ബിപി മരുന്നുകളുടെ പ്രവർത്തനത്തെ നിശബ്ദമായി തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്.
ഇവ മരുന്നിന്റെ ഫലപ്രാപ്തി കുറയ്ക്കുകയോ, ആഗിരണം വൈകിപ്പിക്കുകയോ, അനാവശ്യ പാർശ്വഫലങ്ങൾ ഉണ്ടാക്കുകയോ ചെയ്തേക്കാം.
ബിപി മരുന്ന് കഴിക്കുന്നവർ പ്രധാനമായും ശ്രദ്ധിക്കേണ്ട 8 ഭക്ഷണങ്ങൾ താഴെ പറയുന്നവയാണ്:
ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഒഴിവാക്കേണ്ട പ്രധാന ഭക്ഷണങ്ങൾ
- ഗ്രേപ്പ്ഫ്രൂട്ട് ജ്യൂസ് (Grapefruit Juice)
ബിപി, കൊളസ്ട്രോൾ മരുന്നുകൾ കഴിക്കുന്നവർ ഗ്രേപ്പ്ഫ്രൂട്ട് ഉപയോഗിക്കുമ്പോൾ അത്യധികം ജാഗ്രത പാലിക്കണം.
കാൽസ്യം ചാനൽ ബ്ലോക്കറുകൾ (Calcium Channel Blockers) പോലുള്ള മരുന്നുകളെ ശരീരത്തിൽ വിഘടിപ്പിക്കാൻ സഹായിക്കുന്ന കരൾ എൻസൈമുകളുടെ പ്രവർത്തനത്തെ ഗ്രേപ്പ്ഫ്രൂട്ട് തടസ്സപ്പെടുത്തുന്നുവെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ചൂണ്ടിക്കാണിക്കുന്നു.
- നേന്ത്രപ്പഴവും പൊട്ടാസ്യം കൂടിയ ഭക്ഷണങ്ങളും
എസിഇ ഇൻഹിബിറ്ററുകളോ (ACE Inhibitors) എആർബിയോ (ARBs) കഴിക്കുന്നവരിൽ അമിതമായ പൊട്ടാസ്യം അപകടകരമാണ്. ഈ മരുന്നുകൾ ശരീരത്തിൽ പൊട്ടാസ്യം നിലനിർത്തുന്നവയാണ്.
അതിനാൽ നേന്ത്രപ്പഴം, കരിക്ക്, ചീര, അവോക്കാഡോ തുടങ്ങിയവ അമിതമായി കഴിക്കുമ്പോൾ ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് ക്രമാതീതമായി ഉയരുകയും ഹൃദയമിടിപ്പിൽ വ്യതിയാനവും പേശികളുടെ ബലഹീനതയും ഉണ്ടാകുകയും ചെയ്യാം.
- കാപ്പിയും കഫീനും (Coffee & Caffeine)
കഫീൻ രക്തക്കുഴലുകളെ താൽക്കാലികമായി ചുരുക്കുകയും ഹൃദയമിടിപ്പ് കൂട്ടുകയും ചെയ്യുന്നു. ഇത് ബീറ്റാ ബ്ലോക്കറുകൾ പോലുള്ള മരുന്നുകളുടെ ഫലത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
കൂടാതെ, ചില മരുന്നുകളുമായി ചേർന്ന് നാഡീവ്യൂഹത്തെ അമിതമായി ഉത്തേജിപ്പിച്ച് നെഞ്ചിടിപ്പ് വർദ്ധിപ്പിക്കാനും കഫീൻ കാരണമാകുന്നു.
- ഉപ്പ് പകരക്കാരും അച്ചാറുകളും
സാധാരണ ഉപ്പിന് പകരമായി ഉപയോഗിക്കുന്ന ‘ലോ-സോഡിയം’ അല്ലെങ്കിൽ ‘സാൾട്ട് ഫ്രീ’ ഉപ്പുകളിൽ പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയിട്ടുണ്ട്. ഇത് ബിപി മരുന്ന് കഴിക്കുന്നവർക്ക് ഹാനികരമാണ്.
ഒപ്പം അച്ചാറുകൾ, പപ്പടം, പാക്കറ്റ് സൂപ്പുകൾ, പ്രൊസസ്ഡ് ലഘുഭക്ഷണങ്ങൾ എന്നിവയിലെ ഉയർന്ന സോഡിയം മരുന്ന് കഴിച്ചാലും ബിപി ഉയർത്താൻ കാരണമാകുന്നു.
- പാൽ ഉൽപ്പന്നങ്ങൾ
പാലിലെ കാൽസ്യം ചില കാൽസ്യം ചാനൽ ബ്ലോക്കറുകളുടെയും ആന്റിബയോട്ടിക്കുകളുടെയും ആഗിരണത്തെ തടസ്സപ്പെടുത്താറുണ്ട്.
അതിനാൽ ഇത്തരം മരുന്നുകൾ കഴിക്കുന്നവർ പാൽ അല്ലെങ്കിൽ ചീസ് കഴിക്കുന്നതിന് ഒരു മണിക്കൂർ മുൻപോ രണ്ട് മണിക്കൂർ ശേഷമോ മരുന്ന് കഴിക്കാൻ ശ്രദ്ധിക്കുക.
- പ്രൊസസ്ഡ് / ഫാസ്റ്റ് ഫുഡുകൾ
ഇൻസ്റ്റന്റ് നൂഡിൽസ്, ബർഗറുകൾ, ഫ്രൈസ് എന്നിവയിലടങ്ങിയിരിക്കുന്ന സോഡിയം, ട്രാൻസ് ഫാറ്റ് എന്നിവ ശരീരത്തിൽ വെള്ളം നിലനിർത്തുകയും രക്തസമ്മർദ്ദം ഉയർത്തുകയും ചെയ്യുന്നു.
ഇത് ബിപി മരുന്നുകളുടെ ജോലിഭാരം വർദ്ധിപ്പിക്കും.
- മദ്യം
ബീറ്റാ ബ്ലോക്കറുകൾ, ഡൈയൂററ്റിക്സ് എന്നിവ കഴിക്കുന്നതോടൊപ്പം മദ്യം കഴിക്കുന്നത് തലകറക്കം, ഉറക്കംതൂങ്ങൽ, ബോധക്ഷയം തുടങ്ങിയ പാർശ്വഫലങ്ങൾ വർദ്ധിപ്പിക്കും.
സ്ഥിരമായ മദ്യപാനം രക്തസമ്മർദ്ദം ഉയർത്തുകയും ഹൃദയപേശികളെ ദുർബലപ്പെടുത്തുകയും ചെയ്യും.
- പച്ചക്കറികളും ഇലക്കറികളും (വൈറ്റമിൻ കെ)
ബിപി മരുന്നിനൊപ്പം രക്തം കട്ടപിടിക്കാതിരിക്കാനുള്ള വാർഫറിൻ (Warfarin) പോലുള്ള മരുന്നുകൾ കഴിക്കുന്നവർ വൈറ്റമിൻ കെ അടങ്ങിയ ചീര, ബ്രോക്കോളി തുടങ്ങിയവയുടെ അളവിൽ കൃത്യമായ നിയന്ത്രണം പാലിക്കേണ്ടതുണ്ട്.
ശ്രദ്ധിക്കുക: ഈ വിവരങ്ങൾ പൊതുവായ അറിവിലേക്കായി മാത്രമുള്ളതാണ്. നിങ്ങളുടെ രോഗാവസ്ഥയ്ക്കും മരുന്നുകൾക്കും അനുയോജ്യമായ കൃത്യമായ ഭക്ഷണക്രമത്തിനായി എപ്പോഴും ഒരു ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിർദ്ദേശം തേടുക.


