ഭുവനേശ്വർ കുമാർ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയത് പോലെ മുഹമ്മദ് ഷമിയും പുതിയ സെലക്ഷൻ കമ്മിറ്റിക്ക് കീഴിൽ ഇന്ത്യൻ ടീമിലെത്തുമെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ന്യൂസിലാൻഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ ഷമി വീണ്ടും ഇന്ത്യൻ ടീമിൽ ഇടം നേടുമെന്നാണ് വസീം ജാഫർ വിശ്വസിക്കുന്നത്.
‘പുതിയ സെലക്ഷൻ കമ്മിറ്റി വന്നതോടെ ന്യൂസിലാൻഡിനെത്തിയവയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ അവർ എന്ത് തീരുമാനമെടുക്കുമെന്ന് നോക്കാം. ഭുവനേശ്വർ കുമാറിന് അവസരം നൽകിയ പുതിയ കമ്മിറ്റി മുഹമ്മദ് ഷമിയെയും പരിഗണിക്കുമെന്ന് ഞാൻ കരുതുന്നു. ഷമി സ്ഥിരതയാർന്ന പ്രകടനം നടത്തുന്നുണ്ട്. കഴിഞ്ഞ സീസണിൽ അദ്ദേഹം ൩൭ വിക്കറ്റുകൾ നേടി. ഐപിഎല്ലിലും അദ്ദേഹം മോശമല്ലാത്ത പ്രകടനം നടത്തി. ഈ സീസണിലും മികച്ച തുടക്കമാണ് അദ്ദേഹത്തിന് ലഭിച്ചത്. ദുലീപ് ട്രോഫിയിലും അദ്ദേഹം മികച്ച പ്രകടനം നടത്തി’ വസീം ജാഫർ തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.
2025ലാണ് മുഹമ്മദ് ഷമി അവസാനമായി ഇന്ത്യൻ ജേഴ്സിയണിഞ്ഞത്. ദുബായിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിലായിരുന്നു ഷമിയുടെ അവസാന ഏകദിനം. ടെസ്റ്റിൽ 2023 വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ ഷമി മികച്ച ഫോമിലാണ് കളിക്കുന്നത്.
2025-26 രഞ്ജി ട്രോഫിയിൽ: 7 മത്സരങ്ങളിൽ നിന്ന് 16.72 ശരാശരിയിൽ 37 വിക്കറ്റുകൾ നേടിയ ഷമി 2025-26 വിജയ് ഹസാരെ ട്രോഫിയിൽ ബംഗാളിന്റെ മികച്ച വിക്കറ്റ് വേട്ടക്കാരനുമായിരുന്നു. 7 മത്സരങ്ങളിൽ 24.53 ശരാശരിയിലും 6.09 ഇക്കോണമിയിലും 15 വിക്കറ്റുകൾ ആണ് ഷമി വീഴ്ത്തിയത്. 2026 ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിനായി 3 മത്സരങ്ങളിൽ നിന്ന് 26.57 ശരാശരിയിൽ 7 വിക്കറ്റുകളും താരം നേടി.
അതേസമയം, ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്കാണ് ഭുവനേശ്വർ കുമാറിന് വീണ്ടും വിളിയെത്തിയത്. 2026 ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി നടത്തിയ തകർപ്പൻ പ്രകടനമാണ് ഭുവനേശ്വർ കുമാറിന്റെ മുന്നിൽ വീണ്ടും ഇന്ത്യൻ ടീമിന്റെ വാതിൽ തുറക്കപ്പെട്ടത്. ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് ഭുവനേശ്വർ ഇടം നേടിയത്. 2022ലായിരുന്നു താരം അവസാനമായി ഇന്ത്യക്കായി കളിച്ചിരുന്നത്.


