വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ടി-20യിൽ മിന്നും പ്രകടനം നടത്തിയതിന് പിന്നാലെ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര. ടി-20യിൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച താരമാണ് അഭിഷേകെന്നാണ് പൂജാര പറഞ്ഞത്. ഇന്ത്യൻ ടീം അഭിഷേകിന്റെ പേരിൽ ഓർമ്മിക്കപ്പെടുമെന്നും പൂജാര പറഞ്ഞു.
‘അഭിഷേക് കളിക്കുന്ന രീതി നോക്കുകയാണെങ്കിൽ ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ടി-20 താരങ്ങളിൽ ഒരാളാണ് അവൻ. ഇന്ത്യൻ ടീമിന്റെ പേര് അവന്റെ പേരിൽ ഓർമ്മിക്കപ്പെടാനുള്ള എല്ലാ കഴിവും അവനുണ്ട്. ടി-20 എന്ന് കേൾക്കുമ്പോൾ നമ്മൾ ആദ്യം ഓർക്കുന്നത് വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ലിനെയാണ്. അതുപോലുള്ള കഴിവ് അഭിഷേകിനുമുണ്ട്. അവൻ പക്വത കാണിച്ച രീതി മികച്ചതായിരുന്നു. എതിർ ടീമിന്റെ ശക്തി മനസ്സിലാക്കിയാണ് അവൻ ബാറ്റ് ചെയ്തത്’ പൂജാര പറഞ്ഞു.
ഇന്ത്യയ്ക്കായി ഓപ്പണർ അഭിഷേക് ശർമ്മ വീണ്ടും വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. 30 പന്തിൽ 6 ഫോറും 5 സിക്സും അടക്കം 69 റൺസാണ് അഭിഷേക് നേടിയത്.
ഈ ഫിഫ്റ്റിക്ക് പിന്നാലെ ഇന്റർനാഷണൽ ടി-20യിൽ 200+ സ്ട്രൈക്ക് റേറ്റിൽ ഏറ്റവും കൂടുതൽ തവണ 50+ റൺസ് സ്കോർ ചെയ്യുന്ന താരമായും അഭിഷേക് മാറി. 200+ പ്രഹരശേഷിയിൽ 13 തവണയാണ് താരം 50 കടന്നത്. മുൻ നായകൻ സൂര്യകുമാർ യാദവിനൊപ്പമാണ് അഭിഷേക് ഈ റെക്കോഡിലുള്ളത്.


