ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന് എം.എസ് ധോണി നൽകുന്ന സ്വാധീനത്തിന് പകരം വെക്കാൻ മറ്റൊന്നിനും സാധിക്കില്ലെന്ന് സൗത്ത് ആഫ്രിക്കൻ ഇതിഹാസം എ.ബി ഡിവില്ലിയേഴ്സ്. ധോണി മെന്ററായി ടീമിൽ തുടരുന്നത് ചെന്നൈക്ക് വലിയ സഹായകമാവുമെന്നും ഡിവിയേഴ്സ് വ്യക്തമാക്കി.
“ധോണി ടീമിന് നൽകുന്ന സ്വാധീനത്തിന് പകരം വെക്കാൻ മറ്റൊരാളില്ല. അതുകൊണ്ട് അദ്ദേഹം ഇനിയും കുറച്ചു വർഷങ്ങൾ സിഎസ്കെയിൽ തുടരണമെന്നാണ് ആഗ്രഹം. സഹീർ ഖാൻ പരിശീലകനായി എത്തുന്നതോടെ ഒരു യുഗത്തിന് അവസാനമാകുകയാണ്. എങ്കിലും എം.എസ് ധോണിയെ ടീമിൽ നിലനിർത്തുന്നത് നല്ല കാര്യമാണ്. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് ടീമിന് വലിയ സഹായകമാവും. യുവതാരങ്ങൾക്ക് മികച്ച മാർഗനിർദ്ദേശങ്ങൾ നൽകാനും അവരിൽ സ്വാധീനം ചെലുത്താനും അദ്ദേഹത്തിന് സാധിക്കും” ഡിവില്ലിയേഴ്സ് തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.
ചെന്നൈയെ 5 ഐപിഎൽ കിരീടങ്ങളിലേക്കും 2 ചാമ്പ്യൻസ് ലീഗ് ടി-20യിലേക്കും നയിച്ച ക്യാപ്റ്റനാണ് ധോണി. ചെന്നൈയെ 10 തവണ ഫൈനലുകളിൽ എത്തിച്ച ക്യാപ്റ്റൻ കൂടിയാണ് ധോണി.

2008 മുതൽ ചെന്നൈയുടെ ഭാഗമായ ധോണി ടീമിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം കൂടിയാണ്. 2016, 2017 സീസണിൽ ചെന്നൈക്ക് വിലക്ക് നേരിട്ടപ്പോൾ മാത്രമാണ് ധോണി മറ്റൊരു ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചിരുന്നത്. ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ 275 മത്സരങ്ങളിൽ നിന്നും 5314 റൺസാണ് ധോണി നേടിയത്.


