ഇന്ത്യൻ ടീമിൽ നിന്നും നേരിടുന്ന തുടർച്ചയായ അവഗണനകളിൽ തന്റെ നിലപാട് വ്യക്തമാക്കി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. സെലക്ടർമാർ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യട്ടെയെന്നും നിലവിലുള്ള സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ താനില്ലെന്നും ഷമി വ്യക്തമാക്കി.
‘സെലക്ടർമാരുടെ തീരുമാനം അവരുടെ പരിധിയിൽ വരുന്ന കാര്യമാണ്. അവർക്ക് എന്താണോ ഇഷ്ടമുള്ളത് അത് അവർ ചെയ്യട്ടെ. കളിക്കളത്തിൽ പന്തെറിയുക. കഠിനമായി പരിശ്രമം നടത്തുകയെന്നതാണ് എന്റെ ഉത്തരവിദത്തം. അത് ഞാൻ ചെയ്യുന്നുണ്ട്. അവസരം ലഭിച്ചാൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും’ ഷമി മാധ്യമങ്ങളോട് പറഞ്ഞു.
2025ലാണ് മുഹമ്മദ് ഷമി അവസാനമായി ഇന്ത്യൻ ജേഴ്സിയണിഞ്ഞത്. ദുബായിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിലായിരുന്നു ഷമിയുടെ അവസാന ഏകദിനം. ടെസ്റ്റിൽ 2023 വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ ഷമി മികച്ച ഫോമിലാണ് കളിക്കുന്നത്.
2025-26 രഞ്ജി ട്രോഫിയിൽ: 7 മത്സരങ്ങളിൽ നിന്ന് 16.72 ശരാശരിയിൽ 37 വിക്കറ്റുകൾ നേടിയ ഷമി 2025-26 വിജയ് ഹസാരെ ട്രോഫിയിൽ ബംഗാളിന്റെ മികച്ച വിക്കറ്റ് വേട്ടക്കാരനുമായിരുന്നു. 7 മത്സരങ്ങളിൽ 24.53 ശരാശരിയിലും 6.09 ഇക്കോണമിയിലും 15 വിക്കറ്റുകൾ ആണ് ഷമി വീഴ്ത്തിയത്. 2026 ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിനായി 3 മത്സരങ്ങളിൽ നിന്ന് 26.57 ശരാശരിയിൽ 7 വിക്കറ്റുകളും താരം നേടി.


