യുവതാരം വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ പ്ലെയിങ് ഇലവനിൽ അവസരം നൽകാത്തതിനെ വിമർശിച്ച് സൂര്യവംശിയുടെ ബാല്യകാല പരിശീലകൻ മനീഷ് ഓജ. ഇന്ത്യൻ ടീം മാനേജ്മന്റ് സ്വേച്ഛാധിപത്യം കാണിക്കുകയാണെന്നാണ് മനീഷ് ഓജ വിമർശനം ഉന്നയിച്ചത്. വൈഭവിനെ തടയാൻ ശ്രമിക്കുന്നവർ തകരുമെന്നും മനീഷ് ഓജ പറഞ്ഞു.
‘എന്റെ അഭിപ്രായത്തിൽ വൈഭവ് ഒരു കൊടുങ്കാറ്റാണ്. ഇന്നല്ലെങ്കിൽ നാളെ അവനെ തടയാൻ ശ്രമിക്കുന്നവർ തകരും. ഈ കുട്ടിക്ക് ഒരു അവസരം പോലും നൽകരുത് എന്ന് തീരുമാനിച്ച പോലെയുണ്ട്. അവനെ പുറത്തിരുത്തി നിരാശപ്പെടുത്തുകയാണ് അവർ. ഇപ്പോൾ അവൻ പുറത്തു നിന്നും വെള്ളം കൊടുക്കുകയാണ്. മാനേജ്മന്റ് സ്വേച്ഛാധിപത്യം കാണിക്കുകയാണെന്ന് തോന്നുന്നു. അവർക്ക് തോന്നുന്നത് പോലെ എന്തും ചെയ്യും’ മനീഷ് ഓജ എൻ.ഡി.വിയിലൂടെ പറഞ്ഞു.
ഓപ്പണിങ്ങിൽ സഞ്ജു സാംസണും അഭിഷേക് ശർമയും മികച്ച പ്രകടനം നടത്തികൊണ്ടിരിക്കുന്നതിനാലാണ് വൈഭവ് പുറത്തിരിക്കേണ്ടി വന്നത്. ഏഷ്യൻ ഗെയിംസിൽ വൈഭവിന് ടീമിൽ അവസരം ലഭിച്ചിരുന്നു. എന്നാൽ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മത്സരത്തിൽ താരത്തിന് ബെഞ്ചിലായിരുന്നു സ്ഥാനം.
നിലവിൽ വിൻഡീസിനെതിരെയുള്ള അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണിപ്പോൾ. മൂന്നാം ടി-20യിൽ 14 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 223 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ വിൻഡീസ് 7 വിക്കറ്റ് നഷ്ടത്തിൽ 209 റൺസിൽ പോരാട്ടം അവസാനിപ്പിച്ചു. ഈ പരമ്പരയിൽ ആദ്യമായാണ് ഇന്ത്യ ഒരു ടോട്ടൽ വിജയകരമായി പ്രതിരോധിക്കുന്നത്.


