ബെർലിൻ: ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്! 2014 ലോകകപ്പ് സെമിയിൽ സ്വന്തം കാണികൾക്ക് മുന്നിൽ ബ്രസീൽ 7-1ന് തകർന്നടിഞ്ഞ ആ രാത്രിയിലെ ലോക്കർ റൂം രഹസ്യം വെളിപ്പെടുത്തി ജർമ്മൻ ഇതിഹാസം തോമസ് മുള്ളർ.
‘ലേറ്റ് റൺ’ പോഡ്കാസ്റ്റിലാണ് മുള്ളർ എല്ലാം തുറന്നുപറഞ്ഞത്.
ആദ്യ 15 മിനിറ്റ് ഞങ്ങൾ വിറച്ചു!സെമിഫൈനലിന്റെ ആദ്യ 15 മിനിറ്റ് ഇരു ടീമുകളും കടുത്ത പരിഭ്രാന്തിയിലായിരുന്നുവെന്ന് മുള്ളർ പറയുന്നു.
“ഞങ്ങൾ അബദ്ധത്തിൽ പാസുകൾ കൈമാറുകയായിരുന്നു. പേടിച്ചാണ് കളിച്ചത്.”
എന്നാൽ മുള്ളർ നേടിയ ആദ്യ ഗോളോടെ കളി മാറി. സ്വന്തം മണ്ണിലെ സമ്മർദ്ദം ബ്രസീലിനെ തളർത്തി. രണ്ടാം ഗോൾ കൂടി വീണതോടെ അവർക്ക് നിയന്ത്രണം പൂർണമായും നഷ്ടമായി. ജയിക്കാൻ വേണ്ടി തലങ്ങും വിലങ്ങും ആക്രമിച്ച ബ്രസീലിന് വീണ്ടും വീണ്ടും പിഴച്ചു.
13 മിനിറ്റിൽ 5 ഗോൾ!
15-ാം മിനിറ്റിനും 28-ാം മിനിറ്റിനുമിടയിലുള്ള വെറും 13 മിനിറ്റിനുള്ളിൽ ജർമ്മനി 5 ഗോളുകൾ അടിച്ചുകൂട്ടി. സ്കോർ ബോർഡ് 5-0!
ഹാഫ് ടൈമിൽ ലോക്കർ റൂമിൽ എത്തിയപ്പോഴുള്ള അവസ്ഥ മുള്ളർ പറയുന്നത് ഇങ്ങനെ:
“ഞങ്ങൾ അത്ഭുതപ്പെടുകയല്ല, ശരിക്കും ഞെട്ടിപ്പോവുകയായിരുന്നു! ‘5-0’ എന്ന് ഞങ്ങൾ പരസ്പരം നോക്കി പറഞ്ഞു. അത് യഥാർത്ഥത്തിൽ സംഭവിച്ചതാണോ എന്ന് വിശ്വസിക്കാൻ പോലും ഞങ്ങൾക്ക് കഴിഞ്ഞില്ല!”
ജോക്കിം ലോയുടെ രഹസ്യ നിർദ്ദേശം
ഇതിന് പിന്നാലെയാണ് പരിശീലകൻ ജോക്കിം ലോയുടെ നിർണായക നിർദ്ദേശം വന്നത്.
“ഇടവേളയ്ക്ക് ശേഷം കൂടുതൽ ആദരവോടെയും ശാന്തമായും കളിക്കാൻ ലോ ഞങ്ങളോട് പറഞ്ഞു. ബ്രസീലിനെ കളിയാക്കരുത്, പ്രകോപിപ്പിക്കരുത് എന്നായിരുന്നു നിർദ്ദേശം.”
“അതിന് ശേഷം ഞങ്ങൾ അവരെ കളിയാക്കിയില്ല! ആദരവോടെ കളിക്കാൻ ആണ് ഞങ്ങൾ ശ്രമിച്ചത്.”
ഡേവിഡ് ലൂയിസ് എന്നെ അടിക്കാൻ വന്നു!
എന്നിട്ടും രണ്ടാം പകുതിയിൽ ബ്രസീൽ താരങ്ങൾ പ്രകോപിതരായിരുന്നുവെന്ന് മുള്ളർ പറയുന്നു.
“അവസാന 15 മിനിറ്റിൽ ഡേവിഡ് ലൂയിസ് എന്നെ ഒന്നോ രണ്ടോ തവണ അടിക്കാൻ ശ്രമിക്കുന്നത് പോലെ തോന്നി. പന്ത് എവിടെ പോയാലും അവൻ എന്റെ പിന്നാലെ ഉണ്ടായിരുന്നു. ‘വേണ്ട, എനിക്കിപ്പോൾ പന്ത് വേണ്ട’ എന്ന് കരുതി ഞാൻ തന്ത്രപരമായി ഒഴിഞ്ഞുമാറുകയായിരുന്നു!”
അന്ന് ബയേൺ മ്യൂണിക്കിന്റെ ഫോം തന്നെയാണ് ജർമ്മനിക്ക് കരുത്തായതെന്നും മുള്ളർ കൂട്ടിച്ചേർത്തു.


