ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ വീണ്ടും ഇടം നേടിയ ഭുവനേശ്വർ കുമാറിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ഭുവിയെ തെരഞ്ഞെടുത്തത് വളരെ മികച്ച തീരുമാനമാണെന്നാണ് മഞ്ജരേക്കർ അഭിപ്രായപ്പെട്ടത്.
‘അദ്ദേഹത്തിന്റെ സെലക്ഷൻ വളരെ മികച്ച തീരുമാനമാണ്. കഴിഞ്ഞ ഐപിഎല്ലിന് ശേഷം തന്നെ അദ്ദേഹത്തെ ടീമിൽ തിരഞ്ഞെടുക്കുമെന്ന് ഞാൻ കരുതി. റൺസ് വിട്ടുനൽകാതിരിക്കുന്നതിലും വിക്കറ്റ് നേടുന്നതിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചു. പന്തുകൊണ്ട് അദ്ദേഹം ശരിക്കും ഒരു ഗെയിം ചേഞ്ചറായിരുന്നു’ സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.
2026 ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി നടത്തിയ തകർപ്പൻ പ്രകടനമാണ് ഭുവനേശ്വർ കുമാറിന്റെ മുന്നിൽ വീണ്ടും ഇന്ത്യൻ ടീമിന്റെ വാതിൽ തുറക്കപ്പെട്ടത്. ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് ഭുവനേശ്വർ ഇടം നേടിയത്. 2022ലായിരുന്നു താരം അവസാനമായി ഇന്ത്യക്കായി കളിച്ചിരുന്നത്.


