അർജന്റീനയുടെ എക്കാലത്തെയും മികച്ച ഇതിഹാസ താരം ലയണൽ മെസ്സി രാജ്യത്തിനുവേണ്ടി തന്റെ അവസാന അന്താരാഷ്ട്ര മത്സരവും കളിച്ചുകൊണ്ട് പടിയിറങ്ങിയിരിക്കുകയാണ്. ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയോ മോണുമെന്റൽ സ്റ്റേഡിയത്തിൽ ബെനിനെതിരെയുള്ള സൗഹൃദ മത്സരത്തോടെയാണ് ഇരുപത് വർഷത്തിലധികം നീണ്ട ചരിത്രപരമായ അന്താരാഷ്ട്ര കരിയറിന് മെസ്സി വിരാമമിട്ടത്.
മത്സരശേഷം മെസ്സിയുടെ പ്രതിഭയെ പരിശീലകൻ ലയണൽ സ്കലോണി പ്രശംസിച്ചു. മെസ്സിയെ പോലൊരു താരം ഇനി ഫുട്ബോളിൽ ഉണ്ടാകില്ലെന്നാണ് സ്കലോണി പറഞ്ഞത്.
‘ലയണൽ മെസ്സി ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം ആണ്. അദ്ദേഹത്തെ പോലൊരു താരം ഇനി ഒരിക്കലും ഫുട്ബോൾ മൈതാനത്ത് ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹത്തിന്റെ സഹതാരങ്ങൾ എത്ര മികച്ച താരങ്ങളായാലും മെസ്സിയുമായി അവരെ താരതമ്യം ചെയ്യാൻ സാധിക്കില്ല. ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന്റെ പരിശീലകൻ ആകുമെന്ന് എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ കരുതിയിരുന്നില്ല. അദ്ദേഹം എല്ലാത്തിനും അർഹനാണ്. 20 വർഷത്തെ കരിയറിലും അദ്ദേഹം വളരെ മികച്ചവനായിരുന്നു. ഇന്നും അദ്ദേഹം അതുപോലെതന്നെ തുടരുന്നു’ സ്കലോണി പറഞ്ഞു.
രാജ്യത്തിനായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡും (207 മത്സരങ്ങൾ) എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനെന്ന നേട്ടവുമായാണ് (125 ഗോളുകൾ) മുപ്പത്തൊൻപതുകാരനായ മെസ്സി പടിയിറങ്ങുന്നത്.
2022-ൽ ഖത്തറിൽ അർജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചത് മെസ്സിയുടെ കരിയറിലെ ഏറ്റവും വലിയ തിളക്കമുള്ള ഏടാണ്. രാജ്യത്തിനായി 36 വർഷത്തെ ലോകകപ്പ് കാത്തിരിപ്പാണ് മെസ്സി അവസാനിപ്പിച്ചത്. കൂടാതെ 2021, 2024 കോപ്പ അമേരിക്ക കിരീടങ്ങൾ, 2022 ഫൈനൽസിമ, 2005 ലോക യൂത്ത് ചാമ്പ്യൻഷിപ്പ്, 2008 ഒളിമ്പിക് സ്വർണ്ണ മെഡൽ എന്നിവയും അദ്ദേഹത്തിന്റെ ട്രോഫി കാബിനറ്റിനെ സമ്പന്നമാക്കുന്നു.


