-ഷഹബാസ് വെള്ളില –
കൊൽക്കത്ത: ചരിത്ര ഗോൾ പിറന്ന മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ തോൽവി. കനത്ത മഴയിൽ ആറു ഗോളുകൾക്ക് യുറൂഗ്വായ് ഇന്ത്യയെ മുക്കി. ആദ്യപകുതിയിൽ ലോകോത്തര നിരയുമായി വന്ന യുറൂഗ്വായിക്കൊപ്പം പിടിച്ചു നിന്ന ഇന്ത്യക്ക് രണ്ടാം പകുതിയിൽ കാര്യമായി ഒന്നും ചെയ്യാനായില്ല.
വലിയ തോൽവിയും അനിരുദ്ധ് ഥാപ്പ നേടിയ ഗോൾ ചരിത്രമായി. ലോക ചാമ്പ്യന്മാരായ ഒരു ടീമിനെതിരെ ഇന്ത്യ നേടുന്ന ആദ്യ ഗോൾ ആണിത്. 22 ആം മിനിറ്റിലാണ് ഈ ചരിത്ര ഗോൾ പിറന്നത്. യുറൂഗ്വായ്ക്കായി ഡാർവിൻ ന്യൂനസ് (പേനാൽറ്റി 12), ആരാഹോ (28,59), സാലാസാർ (53), സനാബ്രിയ (71), റോഡ്രിഗോ ആഗുറെ(86) എന്നിവരാണ് സന്ദർശകർക്കായി ഗോൾ നേടിയത്. മഴയും ഇടി മിന്നലും കാരണം 40 മിനിറ്റോളം കളി നിർത്തി. തോൽവിയിലും തല ഉയർത്തി തന്നെയാണ് ടീം മടങ്ങുന്നത്. ലോകോത്തര ടീമുമായി പതറാതെ കളിച്ച ഇന്ത്യ മികച്ച മത്സരം നടത്തി. 14 ഷോട്ടുകൾ പായിച്ച ഇന്ത്യ 42 ശതമാനം ബോൾ പൊസിഷനും സൂക്ഷിച്ചു.
ഓറഞ്ച് ജേഴ്സിയിലാണ് ഇന്ത്യ ഗ്രൗണ്ടിലിറങ്ങിയത്. യുറുഗ്വായ് പാരമ്പരാഗത ആകാശ നീല കളറിലും. ബ്രസീലിനെതിരെ ഇറങ്ങിയ ടീമിൽ നിന്നും രണ്ട് മാറ്റം. സഹലിനു പകരം എഡ്മണ്ട് ലാൽറിന്റിക വന്നു. ബിജോയ്ക്ക് പകരം പരംവീറും ആദ്യ ഇലവനിൽ ഇടം നേടി. മലയാളി താരം ആഷിഖ് കുരുണിയൻ മാത്രമാണ് ടീമിൽ ഇടം നിലനിർത്തിയത്. ബ്രസീലിനെതിരെ മൻവീർ സിംങ് മാത്രമായിരുന്നു സ്ട്രൈക്കർ റോളിൽ കളിച്ചതെങ്കിൽ ഇന്നലെ കൂട്ടിന് എഡ്മണ്ട് എത്തി.
4-4-2 ഫോർമേഷനിലായിരുന്നു ടീം ഇന്ത്യ. ഇതേ ഫോർമഷനിൽ തന്നെയായിരുന്നു യുറൂഗ്വായും അണിനിരന്നത്. അവസാന മത്സരത്തിൽ സൗത്ത് കൊറിയക്ക് എതിരെ ഡബിൾ നേടിയ മുൻ ലിവർപൂൾ താരം ഡാർവിൻ ന്യൂനസ് ഫെഡറിക്കോ വിനാസ് ബർബോസയും എന്നിവർ തന്നെയാണ് മുന്നേറ്റം നയിച്ചത്. 4-4-2 ഫോർമേഷനിൽ തന്നെ ആയിരുന്നു യുറുഗ്വായും ഇറങ്ങിയത്. ആദ്യ മിനുറ്റിൽ തന്നെ യുറുഗ്വായ് മുന്നേറ്റത്തോടെ കളി ആരംഭിച്ചത് ആദ്യ മൂന്ന് മിനിറ്റിലും ഇന്ത്യൻ പകുതിയിൽ തുടരെ തുടരെ ആക്രമണം. അടുത്ത മിനുറ്റിൽ തന്നെ ഇന്ത്യൻ പ്രത്യാക്രമണം. അൻവർ അലിയുടെ ലോങ്ങ് റേഞ്ച് പോസ്റ്റിനു തൊട്ടുരുമ്മി പറന്നു.
അവിടെ തീർന്നില്ല. പിന്നെ യുറുഗ്വയൻ ഹാഫിൽ ഇന്ത്യൻ ആക്രമണം കടിപ്പിക്കുന്നതാണ് കണ്ടത്. 10 മിനുറ്റിൽ ഫെഡറിക്കോ ബർബോസയെ ഫൗൾ ചെയ്തതിനു യുറുഗ്വയാക്ക് അനുകൂലമായി പെനാൽറ്റി. കിക്ക് എടുത്ത മുൻ ലിവർപൂൾ താരം ഡാർവിൻ ന്യുനസിന് പിഴച്ചില്ല. ഇന്ത്യൻ ആക്രമണത്തിനു ഫലം വന്നത് 22 മിനുറ്റിൽ. ഇന്ത്യയുടെ ചരിത്ര ഗോൾ അനിരുദ്ധ് ഥാപ്പയുടെ വക. യുറൂഗ്വാൻ മധ്യ നിര താരത്തിൽ നിന്നും പന്ത് റാഞ്ചിയെടുത്ത് മുന്നേറിയ റയാൻ വില്യംസ് സോളോ മുന്നേറ്റത്തിലൂടെ പ്രതിരോധ താരങ്ങളെയും വകഞ്ഞു മാറി ബോക്സിനു പുറത്ത് നിന്നും ലോങ്ങ് റേഞ്ച്.
ഗോൾ കീപ്പർ കാർഡൊസോയുടെ കൈയിൽ തട്ടി തെറിച്ച ബോൾ ഓടിയെടുത്തു പോസ്റ്റിന്റെ വലത് മൂലയിലേക്ക് പ്ലേസ് ചെയ്ത് ചരിത്ര ഗോൾ സ്വന്തമാക്കി ഥാപ്പ. ലോക ചാമ്പ്യന്മാർക്ക് എതിരെ ഗോൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി ഥാപ്പ ചരിത്രം കുറിച്ചു. ഗോൾ നേടി അടുത്ത നിമിഷം തന്നെ ഗോൾ നേട്ടം ഉയർത്താൻ ഇന്ത്യൻ താരം എഡ്മണ്ട് ലാൽറിന്റികക്ക് മികച്ച അവസരം. ബോക്സിനുള്ളിൽ നിന്ന് രണ്ട് പ്രതിരോധ താരങ്ങളെയും വെട്ടിച്ചു മുന്നേറിയ എഡ്മണ്ട് പോസ്റ്റിലേക്കുള്ള പഴുത് നോക്കുന്നതിനിടെ പ്രതിരോധ താരം ഗോൺസാലസ് പന്ത് റാഞ്ചി. ഫൗളിനായി താരം പരാതി ഉയർത്തിയെങ്കിലും റഫറി ഫൗൾ അനുവദിച്ചില്ല. കളി മുറുകുന്നതിനിടെ ശക്തമായ മഴയും ഇടിമിന്നലും കാരണം മത്സരം 45 മിനിറ്റോളം നിർത്തിവെച്ചു. വീണ്ടും ആരംഭിച്ച മത്സരം ഉണർന്നത് യുറുഗ്വയൻ ഗോളോടെ ആയിരുന്നു. ഇടത് വിംഗിൽ നിന്നും നന്റിസ് നൽകിയ കാർപറ്റ് ക്രോസ്സ് ഓടിവന്ന ആരോഹോ നിശ്പ്രയാസം ഗോളിലേക്ക് തിരിച്ചു.
40 ആം മിനുറ്റിൽ ആശിഖ് കുരുണിയനെ വീഴ്ത്തിയതിനു മത്സരത്തിൽ ആദ്യ മഞ്ഞ കാർഡ് നാന്റിസിന്. കിക്ക് എടുത്ത ഥാപ പന്ത് അൻവർ അലിക്ക് നൽകുന്നു. അൻവർ അലി നൽകിയ പന്ത് ഗോളിലേക്ക് നല്ലൊരു ഷോട്ട് പായിച്ചെങ്കിലും പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. എഡ്മണ്ട്, പരംവീർ എന്നിവർക്ക് പകരമായി മലയാളി താരങ്ങളായ സഹൽ അബ്ദു സമദ്, ബിജോയ് എന്നിവർ രണ്ടാം പകുതിൽ ടീമിനോപം ചേർന്നു. 53 ആം മിനുറ്റിൽ യുറൂഗ്വായ് ഗോൾ മൂന്നാക്കി ഉയർത്തി. മികച്ചൊരു ഷോട്ടിലൂടെ സാലസാർ ആണ് ഗുപ്രീതിനെ കമ്പളിപ്പിച്ചത്. ഗോൾ വന്ന് തുടങ്ങിയതോടെ യുറൂഗ്വായ് പതിയെ ഗ്രൗണ്ടിന്റെ താളം പിടിച്ചെടുത്തു. 59 മിനുറ്റിൽ മാക്സി ആരാഹോ തന്റെ രണ്ടാം ഗോളും ടീമിന്റെ നാലാം ഗോളും നേടി. വിനസിന്റെ മനോഹരമായ അസിസ്റ്റിൽ നിന്നാണ് ആരാഹോ രണ്ടാം ഗോൾ നേടിയത്. 65 മിനുറ്റിൽ ആഷിഖിന് പകരമായി സനാൻ വന്നു. 70 ആം മിനുറ്റിൽ മഞ്ചേരിക്കാരൻ മുഹമ്മദ് സനാൻ യുറൂഗ്വാൻ പ്രതിരോധ താരം മൗറിനോയെ വിദഗ്ദമായി കമ്പളിപ്പിച്ചു പായിച്ച ബുള്ളറ്റ് ഷോട്ട് ബാറിൽ തട്ടി പുറത്തേക്ക്. ഡെഗ് ഔട്ടിലുള്ള യുറൂഗയൻ താരങ്ങൾ വരെ കൈയടിച്ചു. 71 മിനുറ്റിൽ യുറൂഗ്വായി അഞ്ചാമതും വല കുലുക്കി. ഇന്ത്യൻ കോർണറിൽ ശേഷമുള്ള പ്രത്യക്രമണത്തിൽ നിന്നാണ് സനാബ്രിയ ഗോൾ നേടിയത്. 86 മിനുറ്റിൽ റോഡ്രിഗോ അഗുരോ ഗോൾ ആറാക്കി ഉയർത്തി.
ശോകം ഗ്യാലറി
ബ്രസീൽ ഇന്ത്യ മത്സരത്തിന് 51,402 പേരാണ് ഗ്യാലറിയിലെത്തിയത്. 85000 സീറ്റിങ് കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിൽ ബ്രസീലിനെ പോലൊരു ടീം വന്ന് കളിച്ചിട്ടും സീറ്റ് ഒഴിഞ്ഞു കിടന്നത് വലിയ നാണക്കേടായിരുന്നു. 3500 മുതലായിരുന്നു ബ്രസീൽ -ഇന്ത്യ മത്സരത്തിൽ ടിക്കറ്റ് നിരക്ക്. ഇതു കൊണ്ടു തന്നെ യുറൂഗ്വായ് മത്സരത്തിന് ടിക്കറ്റ് നിരക്ക് കുത്തനെ കുറച്ചു. 199 മുതൽ ടിക്കറ്റ് ലഭ്യമായിരുന്നു. എന്നിട്ടും ബ്രസീൽ മത്സരത്തിനെത്തിയ കാണികളിൽ പകുതി പോലും ഇന്നലെയില്ല. കൊൽക്കത്ത ക്ലബ്ബുകൾ വഴി സൗജന്യമായും ടിക്കറ്റ് വിതരണം നടന്നു. ലോകോത്തര താരങ്ങൾ കളിക്കാനെത്തിയിട്ടും ഗ്യാലറിയിൽ കാണികൾ നിറയാത്തത് ഫുട്ബാൾ ഫെഡറേഷൻ പിടിപ്പുകെടാണെന്ന വിമർശനം ഉയരുന്നുണ്ട്.


