രജനീകാന്ത് നായകനായെത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ജയിലറിലെ’ മോഹൻലാലിന്റെ അതിഥി വേഷവും അതിലെ പശ്ചാത്തല സംഗീതവും തിയേറ്ററുകളിൽ വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത്.
സിനിമയിൽ ‘മാത്യു’ എന്ന മാസ് കഥാപാത്രമായി മലയാളത്തിന്റെ പ്രിയതാരം എത്തിയപ്പോൾ, അതിന് ജീവൻ നൽകിയ സംഗീതത്തെക്കുറിച്ചുള്ള കൗതുകകരമായ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ.
കഥാപാത്രങ്ങളുടെ വ്യക്തിത്വത്തിനും പശ്ചാത്തലത്തിനും പൂർണ്ണമായും നീതി പുലർത്തുന്ന രീതിയിലാണ് ഓരോ സ്കോറും രൂപകൽപ്പന ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ചിത്രത്തിലെ രണ്ട് പ്രധാന അതിഥി വേഷങ്ങളും വ്യത്യസ്ത ഇൻഡസ്ട്രികളിൽ നിന്നുള്ള സൂപ്പർസ്റ്റാറുകളുടേതായിരുന്നു. അതുകൊണ്ടുതന്നെ അവയ്ക്ക് തികച്ചും വ്യത്യസ്തമായ പശ്ചാത്തല സംഗീതമാണ് ആവശ്യമായി വന്നിരുന്നത്.
ശിവരാജ്കുമാറിന്റെ കഥാപാത്രം മംഗലാപുരം പശ്ചാത്തലത്തിലുള്ളതായതുകൊണ്ട് ആ നാടിന്റെ ശൈലിയിലാണ് മ്യൂസിക് ക്രമീകരിച്ചത്. എന്നാൽ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ സ്വഭാവം തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് അനിരുദ്ധ് വിശദീകരിക്കുന്നു.
ഇതുസംബന്ധിച്ച് സൺ പിക്ചേഴ്സ് പുറത്തിറക്കിയ വീഡിയോയിൽ അനിരുദ്ധ് സംസാരിച്ചത് ഇങ്ങനെയാണ്:
“ലാൽ സാറിന്റെ കഥാപാത്രം തികച്ചും വ്യത്യസ്തമാണ്. ബോംബെയിൽ സ്വർണ്ണ ബിസിനസ്സ് നടത്തുന്ന ഒരു ഡോൺ ആണ് അദ്ദേഹം.അതുകൊണ്ടുതന്നെ, ‘പാബ്ലോ’യുടേത് (പ്രശസ്തമായ നെറ്റ്ഫ്ലിക്സ് സീരീസായ നർക്കോസിലെ കഥാപാത്രം) പോലെ ഒരു സ്റ്റൈലിഷ് പശ്ചാത്തലസംഗീതമാണ് ഞാൻ ആ കഥാപാത്രത്തിനായി സൃഷ്ടിച്ചത്.
തിയേറ്ററുകളിൽ ആ മ്യൂസിക്കിന് ലഭിച്ച സ്വീകാര്യതയും അത് വിജയിച്ചു എന്നറിഞ്ഞതും എനിക്ക് വലിയ സന്തോഷം നൽകി.”
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ‘ജയിലറി’ൽ മോഹൻലാലിന്റെ മാത്യു എന്ന കഥാപാത്രം വലിയ രീതിയിലുള്ള കയ്യടിയാണ് നേടിയത്. പ്രത്യേകിച്ച് മലയാളി പ്രേക്ഷകർക്കിടയിൽ ഈ കോംബോ തരംഗമായി മാറിയിരുന്നു.
അതേസമയം, ‘ജയിലർ’ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ജയിലർ 2’ ഒക്ടോബർ 15-ന് റിലീസിനൊരുങ്ങുകയാണ്. ആദ്യ ഭാഗത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, വിദ്യാ ബാലൻ, എസ്.ജെ. സൂര്യ, മിഥുൻ ചക്രവർത്തി, ഹക്കിം ഷാജഹാൻ തുടങ്ങിയവരും രണ്ടാം ഭാഗത്തിൽ അണിനിരക്കുന്നുണ്ട്.
കൂടാതെ വിജയ് സേതുപതിയും ഹൃതിക് റോഷനും ചിത്രത്തിൽ പ്രത്യേക വേഷങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മകൾ വിസ്മയ മോഹൻലാൽ അഭിനയിച്ച ‘തുടക്കം’ എന്ന ചിത്രത്തിലാണ് മോഹൻലാൽ ഒടുവിൽ ഒരു അതിഥി വേഷത്തിൽ അഭിനയിച്ചിട്ടുള്ളത്.


